Friday, November 22, 2024

സൈക്കിൾ


സൈക്കിൾ


എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സൈക്കിൾ ഓടിക്കണമെന്ന കലശലായ മോഹമുദിച്ചത്. ഇന്നത്തെ കാലമല്ലെന്നോർക്കണം. ഇന്നാണെകിൽ യുകെജി യിൽ പഠിക്കുന്ന മഹാൻമാർ വരെ റോഡിൽ സൈക്കിൾ ഓടിച്ച് പോകുന്നു. കൈയും കാലും വിട്ട് സർക്കസ്സ് കളിക്കുന്നു. ഞങ്ങളുടെ കുട്ടിക്കാലത്ത് സ്വപ്നം കാണാൻ പോലും കഴിയാത്ത സംഭവം. 


അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ രണ്ടുമൂന്നുപേർക്കേ സൈക്കിൾ സ്വന്തമായുള്ളൂ. ഷണ്മുഖ വാച്ച് വർക്സ് മുതലാളി ഷൺമുഖേട്ടൻ, അണ്ടിക്കുന്നുമ്മലെ സലാം, പിന്നെ ഞങ്ങളുടെ തൊട്ടയൽവാസി, സനു എന്ന് വിളിക്കുന്ന സനിൽ. 


വെട്ടിത്തിളങ്ങുന്ന റിമ്മുകളും, പളുപളുത്ത പച്ച ബോഡിയുമുള്ള സുന്ദരിയായിരുന്നു ഷണ്മുഖൻ ചേട്ടന്റെ  സൈക്കിൾ. അവളെ  ഒരോ ഇഞ്ചും തുടച്ചുമിനുക്കി എണ്ണയിടുക എന്നതായിരുന്നു ഷൺമുഘേട്ടന്റെ ധ്യാനവൃത്തി . അതുകൊണ്ടുതന്നെ വളരെ വർഷങ്ങൾക്ക് ശേഷം കാണുമ്പോഴും, അദ്ദേഹത്തിന്റെ സൈക്കിൾ, പുതിയപോലെ മിന്നി തിളങ്ങി നിന്നു. അദ്ദേഹം ധരിക്കാറുണ്ടായിരുന്ന തൂവെള്ള വസ്ത്രങ്ങൾ പോലെ. ഞങ്ങൾ സ്കൂളിൽ പോകുന്ന സമയത്തു തന്നെ യാണ് ഷൺമുഘേട്ടൻ കടയിൽ പോയിരുന്നത്. തീഷ്ണതയേതുമില്ലാത്ത പ്രഭാത സൂര്യകിരണങ്ങളേറ്റ് പതുക്കെ, പതുക്കെ സൈക്കിളിനെ നോവിക്കാതെ പെഡൽ ചവിട്ടിത്തിരിച്ച് ഒരഭൗമ സഞ്ചാരം. ചുണ്ടിൽ പുഞ്ചിരി. എണ്ണ തേച്ച് പറ്റെ പുറകിലോട്ട് ചീകിയൊതുക്കിയ മുടിയിൽ തുളസിയും തെച്ചിയും…. സുഗന്ധം.


എന്റെ സമപ്രായക്കാരെയെല്ലാവരെയുമെന്നപോലെ എന്നെയും ഇരുചക്ര ലോകത്തേക്ക് ആകർഷിച്ചതിൽ ഷൺമുഖേട്ടന്റെ പങ്ക് ചെറുതല്ല. 


സലാമിനുണ്ടായിരുന്നത് ഏ വൺ സൈക്കിളായിരുന്നു. ലോകത്തിലെ ഏറ്റവും മുന്തിയ സൈക്കിൾ അതാണെന്ന് സലാം വിശ്വസിച്ചു. ഒരാളെ പോലും ആ സൈക്കിൾ തൊടാൻ അയാൾ അനുവദിച്ചില്ല. 


സനുവിന്റെ സൈക്കിളാണ് ഇക്കൂട്ടത്തിൽ ഏറ്റം ക്ലേശം സഹിച്ചത്. എല്ലാ ഞായറാഴ്ചയും ശസ്ത്രക്രിയക്ക് വശംവദനാകുന്നവൾ. പെഡൽ അഴിച്ച്, ഫ്രീ വീൽ അഴിച്ച്, ടയറഴിച്ച്  അതിനെ നഗ്നയാകും. വെറും ഫ്രെയിം മാത്രം. ഉരുണ്ടുരുണ്ടുപോകുന്ന സ്റ്റീൽ ബോളുകളെ തിരഞ്ഞുപിടിച്ച് തേയ്മാനം വന്നവയെ തഴുകി മിനുക്കി, ഗ്രീസ് തേച്ച് വീണ്ടും അതാതിടങ്ങളിൽ സന്നിവേശിപ്പിക്കും. സനുവിന്റെ സൈക്കിൾ യാത്രകളാവട്ടെ അറിയാത്ത വിദൂര ദിക്കുകളായ ജാനകിക്കാട്ടിലേക്കും, പെരുവണ്ണാമൂഴിയിലേക്കും നീണ്ടു.


ആനേരിച്ചാലിലെ അന്ത്രുവാണ് എന്നെ സൈക്കിളോടിക്കാൻ പഠിപ്പിച്ചത്. കിട്ടേട്ടന്റെ 'കാലി' ലായിരുന്നു പഠനം. കുറ്റ്യാടിയിലും പരിസരപ്രദേശങ്ങളിലും ഏറ്റവും പ്രശസ്തമായ പേരാണ് സൈക്കിൾ വാടകക്ക് കൊടുക്കുകയും റിപ്പയർ ചെയ്യുകയും ചെയ്തിരുന്ന കിട്ടേട്ടന്റേത്.  എം.ഐ.യു.പി സ്ക്കൂളിനു കിഴക്കുവശത്തുള്ള അദ്ദേഹത്തിന്റെ കടക്കുമുമ്പിൽ ഒരുപാട് സൈക്കിളുകൾ നിരത്തി വച്ചിട്ടുണ്ടാവും. ഫുൾ, അര, കാൽ എന്നിങ്ങനെ ഉയര ക്രമത്തിൽ. കാലും അരയും ഒന്നോ രണ്ടോ എണ്ണമേ കാണൂ. മുതിർന്നവർക്കുള്ള സൈക്കിളുകളാണ് കൂടുതൽ. ഉച്ചയൂണിന് സ്ക്കൂൾ വിടുന്ന നേരത്ത് സൈക്കിൾ  ഷാപ്പിനുമുന്നിൽ പോയി നിന്ന് , മൃതപ്രായരായ സൈക്കിളുകൾ ,  കിട്ടേട്ടന്റെ മാന്ത്രിക വിരൽ സ്പർശത്താൽ ഉയിർത്തെഴുന്നേൽക്കുന്നത് കാണുക ഞങ്ങളിൽ ചിലരുടെ പ്രധാന പരിപാടിയായിരുന്നു. കിട്ടേട്ടന്റെ കയ്യിൽ കറുത്തനിറത്തിൽ ഗ്രീസ് പറ്റിപ്പിടിച്ചിരിക്കും. തകൃതിയായ തട്ടിനും മുട്ടിനുമിടയിൽ ലോകത്ത് നടക്കുന്നതൊന്നും അദ്ദേഹം അറിയുന്നതേ ഇല്ലെന്ന് തോന്നും. പുറകോട്ട് ചീകിയൊതുക്കിയ സമൃദ്ധമായ മുടിയായിരുന്നു പ്രൗഢ സുന്ദരനായ കിട്ടേട്ടന്.  കറുത്തും ഇടക്കിടെ നരച്ചുമിരുന്ന മുടിയിഴകൾ ജോലിക്കിടെ നെറ്റിയിലേക്ക് വീഴുന്നത് അദ്ദേഹം മാടി പുറകോട്ടൊതുക്കും. നെറ്റിയിലും മുഖത്തും കരിപടരും.  


" കിട്ടന്റെ കാലുമ്മലും അരേമ്മലും കാരി മലക്കംമറേന്നത പിള്ളറ് " ഏതോ രസികനായ ഒരു മാഷ് സൈക്കിളോട്ടക്കാരായ തന്റെ വിദ്യാർത്ഥികളെ നോക്കി പാസ്സാക്കിയ കമൻ്റ്  സത്യമായിരുന്നു.  കിട്ടേട്ടന്റെ കാലിലോ അരയിലോ ഫുള്ളിലോ കേറാത്ത കൗമാരം അക്കാലത്തെ കുറ്റ്യാടിയിൽ ഇല്ലായിരുന്നു. അങ്ങനെ ഒരു കാലിലാണ് ഞാനും പഠനം ആരംഭിച്ചത്. കാൽ സൈക്കിളിനാണ് ഏറ്റവും ഉയരം കുറവ്. ഇടത്  കാൽ പെഡലിൽ ഉറപ്പിച്ച് വലതുകാൽ കൊണ്ട് ഭൂമിയെ  മർദിച്ച് മർദിച്ച് വേഗം കൈവരിച്ച്, പിന്നെ ഒരു നൊടികൊണ്ട് സൈക്കിളിൽ കയറിയിരുന്ന് ഓടിച്ച് പോകുന്ന ചവിട്ടിക്കയറൽ എന്ന വിദ്യ അഭ്യസിക്കാൻ കാലം ഒരുപാടെടുക്കും എന്നറിയാവുന്നതിനാലും, എന്റെയും അന്ത്രുവിന്റെയും ‘ചെറുപ്പത്തിന്’ കുള്ളൻ സൈക്കിളാവും നന്നാവുക എന്നതിനാലുമാണ് കാലിലേക്ക് ഒതുങ്ങിയത്. 


രണ്ട് ചക്രമേ ഉള്ളൂ. താങ്ങാൻ വേറെ ആലംബമൊന്നുമില്ല. വീണാൽ വീഴുക, അത്രയേ ഉള്ളൂ. എന്നിട്ടും എത്രയോ ആളുകൾ സധൈര്യം ഈ വാഹനമേറുന്നു. ഗതിവേഗം കുറവാണെങ്കിലും സൈക്കിൾ ഒരത്ഭുത വാഹനം തന്നെയാണ്. ഇത് കണ്ടുപിടിച്ചയാളെ സമ്മതിക്കണം എന്നിത്യാദി ചിന്തകൾ അന്ത്രു, പഠനം ആരംഭിക്കുന്നതിനു മുമ്പുതന്നെ പങ്കുവച്ചു. 


ആദ്യമായി സൈക്കിളിൽ കയറുന്നയാൾ അനുഭവിക്കുന്ന വേവലാതികൾ എണ്ണമില്ലാത്തതാണ്. എങ്ങാനും മറിഞ്ഞുവീണാലോ? മറിഞ്ഞു വീഴുന്നത് കൂടെ പഠിക്കുന്ന പെൺകുട്ടികളുടെ മുന്നിലാണെങ്കിൽ , അപമാനഭാരത്താൽ ആത്മഹത്യ ചെയ്യുന്നതാകും കരണീയം. അതിനേക്കാൾ ഭീകരമാണ് സൈക്കിൾ വിശാരദരായ സമപ്രായക്കാർക്കുമുമ്പിലും ഇളമക്കാർക്ക് മുമ്പിലും വീഴുന്നത്. വല്ല മുറിവും പറ്റി വീട്ടിൽ ചന്ന് കയറിയാലോ? ആലോചിക്കാൻ വയ്യ. തെരുവത്താശുപത്രിയിൽ ടിഞ്ചർ എന്നൊരു മരുന്നുണ്ട് . പച്ച മുറിവിൽ ടിഞ്ചറിൽ മുക്കിയ പഞ്ഞി ഒട്ടിക്കുക എന്ന നരകത്തിലെ ശിക്ഷാവിധി ഒട്ടും ദയയില്ലാതെ ചെയ്തു വരുന്നവരാണ് ആശുപത്രിയിലെ നേഴ്‌സുമാർ. പണ്ട്  നായ മാന്തിയ ദിവസത്തെ അനുഭവം എനിക്കുണ്ടല്ലോ.  അച്ഛൻ രൗദ്ര ഭീമനായി മാറുമെന്നതിൽ സംശയം വേണ്ട തന്നെ. 


സൈക്കിൾ മെല്ലെ നീങ്ങിത്തുടങ്ങി. അന്ത്രു യന്ത്രത്തെ ശക്തമായി താങ്ങി പിടിച്ചിട്ടുണ്ട്. അവന്റെ വശത്തേക്ക് ചെരിഞ്ഞുകൊണ്ടാണ് എൻ്റെ സൈക്ക്ളിങ്. “നേരെയാക്കിച്ചവിട്ടെടോ” എന്നവൻ പറയുന്നതിന് “നേരെ ആക്കിത്താടോ” എന്ന് ഞാൻ മറുപടിയും പറയുന്നുണ്ട്. ഇച്ചിരി ദൂരം പോയപ്പോഴേക്കും അവന്റെ ശക്തികൊണ്ട് സൈക്കിൾ നേരെ നിന്നു. പിന്നെയുമിത്തിരി കഴിഞ്ഞപ്പോൾ അവൻ ഹാൻഡിൽ ബാറിൽ പിടിച്ചിരുന്ന കൈവിട്ടു.  ഞാൻ ഹാൻഡിൽ ബാറിലാണ് നോക്കുന്നത്. “നേരെനോക്കെടോ നേരെ നോക്കെടോ” എന്നവൻ ആജ്ഞാപിച്ചു. “ഞ്ഞി പിടിച്ചിട്ടില്ലേ” എന്നുഞാൻ വേവലാതിയോടെ തിരക്കി. “ഉണ്ട് ഉണ്ട് ഞാൻ സീറ്റുമ്മ പിടിച്ചിട്ടുണ്ട്” ആശ്വാസം.  മെല്ലെമെല്ലെ സൈക്കിൾ മുന്നോട്ട്… “ഊര വളക്കല്ലെടോ “ എന്ന്  അന്ത്രു. “ഊര വളച്ചിട്ടില്ലാലോ” എന്ന് ഞാൻ.   അങ്ങനെ നീങ്ങിപ്പോകേ പുറകിൽ എന്തോ ഒരു ഭാരക്കുറവ് തോന്നുകയായി. തിരിഞ്ഞുനോക്കിയ ഞാൻ കണ്ട കാഴ്ച ! അന്ത്രു അതാ വളരെ ദൂരെ കയ്യും കെട്ടി നോക്കി നിൽക്കുന്നു, അനല്പമായ അഭിമാന ഹാസത്തോടെ. ഞാൻ സൈക്കിളിൽ ഒറ്റക്കാണെന്നറിഞ്ഞതും, തെങ്ങുമ്മക്കയറുന്ന കുഞ്ഞാണ്ടിയേട്ടന്റെ വീട്ടിനുമുൻപിൽ പോത്തോ എന്നുഞാൻ വീണതും ഒരേ നിമിഷത്തിൽ! കയ്യൊന്നുപോറിയതല്ലാതെ വേറെ കാര്യമായ ദുഃഖങ്ങളൊന്നും ഉണ്ടായില്ല. നൊന്തെങ്കിലും അന്നേരം ചിരിക്കാനാണ് തോന്നിയത് .  പ്രശസ്തമായ ചിരി . സൈക്കിളിൽനിന്ന് വീണ ചിരി.    


പിന്നെയും ദിവസങ്ങളെടുത്തു നേരാം വണ്ണം സൈക്കിൾ ഓടിക്കാൻ. ഇതിനൊരു പ്രശ്നമുണ്ട്. ഒരിക്കൽ ഓടിച്ചുകഴിഞ്ഞാൽ വീണ്ടും വീണ്ടും ഓടിക്കാൻ തോന്നും. കുറ്റ്യാടി വരെ പോയി കിട്ടേട്ടന്റെ പീടികയിൽ നിന്ന് സൈക്കിൾ എടുത്തുകൊണ്ടു വരാനുള്ളയത്ര പഠനം എനിക്ക് തികഞ്ഞിട്ടില്ല. മാത്രവുമല്ല, ഒരുമണിക്കൂർ സൈക്കിൾ വാടക , അൻപത് പൈസ സംഘടിപ്പിക്കുക ക്ഷിപ്രസാദ്ധ്യവുമല്ലായിരുന്നു. എന്നാലോ ഓടിക്കാനുള്ള ത്വര അടങ്ങുന്നുമില്ല. “ഒന്ന് ഞാൻ കേറിക്കോട്ടെടോ” എന്ന് സൈക്കിൾ വാടകക്കെടുത്ത് കൊണ്ടുവരാറുള്ള കൂട്ടുകാരോട് ചോദിച്ചത് നാണക്കേടായി നിലനിന്നതല്ലാതെ സൈക്കിളിൽ കയറാൻ അവസരം തരപ്പെട്ടില്ല.


ആയിടക്കാണ് അസൈനാറിക്ക ചെറിയകുമ്പളം അങ്ങാടിയിൽ  സൈക്കിൾ ഷാപ്പ് തുടങ്ങിയത്.  പുത്തൻ സൈക്കിളുകൾ. കൂട്ടത്തിൽ വയലറ്റ് നിറത്തിൽ ഒരു അര സൈക്കിളും. വാടക കിട്ടേട്ടന്റെ കടയിലേക്കാളും ഇച്ചിരി കൂടും. മണിക്കൂറിന് അറുപത് പൈസ. ഇത്രയും അരികെ സൈക്കിൾ ലഭ്യമാണെന്നിരിക്കെ അഭിലാഷം ഇനിയും അടക്കി വെക്കുന്നതിൽ അർത്ഥമില്ലെന്ന് തോന്നിയ ഒരുച്ചക്ക് ഞാനും അനിയനും കൂടി സൈക്കിൾ വാടകക്കെടുക്കാൻ പുറപ്പെട്ടു. അവനന്ന്  സൈക്കിൾ ഓട്ടാൻ അറിയില്ല. എനിക്ക് ഒരു മോറൽ സപ്പോർട് തരാൻ വേണ്ടി വന്നതാണ്. കീശയിൽ ഒരുരൂപ അൻപത് പൈസ ഉണ്ട്.  കശുവണ്ടി പെറുക്കി ശേഖരിച്ചത് വിറ്റ് അച്ഛനറിയാതെ സമാഹരിച്ച സമ്പത്താണ്. 


സൈക്കിൾ വാടകക്ക് തരുമ്പോൾ ഒരുകാര്യം മാത്രമേ അസൈനാറിക്ക പറഞ്ഞുള്ളൂ. “പുതിയ സൈക്കിളാണ്. ആടയും ഇവിടെയും കൊണ്ടെട്ടു കേടാക്കരുത്.” ശരിയെന്നു തലയാട്ടി, സൈക്കിളും ഉരുട്ടിക്കൊണ്ട് ഞങ്ങൾ കട്ടൻകോട് റോഡിലേക്ക് തിരികെ പ്രവേശിച്ചു. അര സൈക്കിളാണ്. പൊക്കമുണ്ട്. ചവിട്ടിക്കയറൽ വശമില്ല. അപ്പോൾ പ്രയോഗിക്കേണ്ട വിദ്യയാണ് 'വച്ച് കയറൽ '. അല്പം ഉയരമുള്ള ഒരു കല്ലിനടുത് സൈക്കിൾ കൊണ്ടുചെന്നു നിർത്തുക. കല്ലിൽ ചവിട്ടി സൈക്കിളിൽ കയറുക. കയറി ഇരുന്നുകഴിഞ്ഞ്  വലുത് കാലുകൊണ്ട് പെഡൽ ഉയർത്തി നിർത്തുക. പിന്നെ ഇതുവരെ താങ്ങായി നിന്ന കല്ലിൽ ഇടതുകാൽ കൊണ്ട് ശക്തിയായി സമ്മർദ്ദം ചെലുത്തുന്നതോടൊപ്പം വലതു പെഡൽ ആഞ്ഞ് ചവിട്ടുക. ശരവേഗത്തിൽ സൈക്കിൾ കുതിക്കുകയായി.  വേഗം കുറച്ച് സൈക്കിളോടിക്കുന്ന വിദ്യ എനിക്കന്ന് വശപ്പെട്ടിരുന്നില്ല. കല്ലിൽ നിന്ന് ലോഞ്ച് ചെയ്ത അതേ വേഗതയിലാണ് പോക്ക്. "മെല്ലെപ്പോ ഏട്ടാ …. മെല്ലെപ്പോ  ഏട്ടാ "  എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് അനിയൻ പുറകെ ഓടുന്നുണ്ട്. അവനോടൊപ്പം ലവൽ ചെയ്യാൻ ഒറ്റക്കാര്യ മേ എനിക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ. കുറേദൂരം ഓടിച്ചശേഷം തിരിച്ച് അവന്റെ അരികിൽ ചെല്ലുക. അതും ഒരു ബുദ്ധിമുട്ടുള്ള പണിയാണ്. ഒറ്റയടിക്ക് സൈക്കിൾ തിരിക്കാനും വട്ടം കറങ്ങാനും മറ്റുമുള്ള മന്ത്രങ്ങൾ ഇനിയും ഹൃദിസ്ഥമായിട്ടില്ല. ഒരു കല്ല് കണ്ടെത്തണം. സൈക്കിൾ തിരിച്ചു വെക്കണം. ചവിട്ടിക്കയറണം. മഹാബുദ്ധിമുട്ട്. അവൻ കെറുവിച്ചിരിക്കുകയാണ്. എന്നോട് മിണ്ടുന്നില്ല. ഒടുക്കം, സൈക്കിൾ ഓടിച്ചിരുന്ന എന്നേക്കാൾ മുമ്പേ അവൻ വീടെത്തി. വീട്ടിൽ കയറുന്നതിനു മുമ്പ് അവൻ ഉഗ്രമായി എന്നെ നോക്കി. എന്തായാലും അച്ഛനോട് പറയും എന്നുറപ്പായി.


അവൻ വീട്ടിലേക്ക് കയറിയപ്പോൾ ഇനി വരുന്നിടത്തു വച്ചു കാണാം എന്ന നിലയായി. വീടിന് തൊട്ടടുത്ത കയറ്റം അതിവേഗത്തിൽ ചവിട്ടിക്കയറ്റി. റോഡ് പണി കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. നിരപ്പായ മൺ നിരത്ത്. സൈക്കിൾ കുതിച്ചു പാഞ്ഞു. അപ്പൂട്ടിയാശാന്റെ വീട്ടിനുമുന്നിൽ വരയെ റോഡ് നന്നാക്കൽ ഉദ്യോഗം നടന്നിട്ടുണ്ടായിരുന്നുള്ളൂ. അതേക്കുറിച്ച് അജ്ഞനായിരുന്ന ഞാൻ പുതിയ റോഡും പഴയതും തമ്മിലുള്ള ഉയരവ്യത്യാസത്തിലേക്ക് ഗതിവേഗമേതും കുറയാതെ പ്രവേശിച്ചു. പ്രവേശിച്ച വാറെ , മുന്നിലെ ബ്രേക്ക് പ്രയോഗിക്കയാൽ ഡൈവ് ബോർഡിൽ നിന്ന് കുതിക്കുന്ന നീന്തൽക്കാരനെ പോലെ, ഹാന്റിൽ ബാർ വഴി മുന്നിലേക്ക് അതിശീഘ്രം നിപതിച്ചു.


വീഴലിന്റെ ശബ്ദവും എന്റെ നിലവിളിയുടെ ഒച്ചയും ആളുകളെ ആകർഷിച്ചു. കാൽമുട്ടിൽ തൊലി അടർന്നിരിക്കുന്നു. ചുണ്ട് പൊട്ടിയിട്ടുണ്ട്. തോളെല്ലിന് സമീപത്തായി ഒരു കൂർത്ത കല്ല് കുത്തിക്കേറിയിരിക്കുന്നു. രുധിരമയം ശരീരം. ഓടി വന്നയാളുകൾ എന്നെ ആശ്വസിപ്പിച്ചു. രവിയാണ് സൈക്കിൾ നിവർത്തി വച്ചത്.  ഹാന്റിലും ചക്രവും തമ്മിലുള്ള അലൈൻമെന്റ് തെറ്റി 'ക്ഷ '  പോലെ ആയിരിക്കുന്നു.  പോറലുകൾ ധാരാളം വീണിട്ടുണ്ട്.  അസ്സൈനാറിക്കയോട് എന്ത് പറയുമെന്നാലോചിച്ചപ്പോൾ ഞാൻ ഭയം കൊണ്ട് വിറച്ചു. " അത് സാരമില്ല. സൈക്കിൾ ഞാൻ കൊണ്ടോയി കൊടുക്കാം " രവി സന്നദ്ധനായി. എന്റെ കയ്യിലുണ്ടായിരുന്ന ഒന്നര രൂപ ഞാൻ അവന് കൊടുത്തു.  പിന്നെ വീട്ടിലേക്കുള്ള യാത്ര. സർവജനപരിസേവിതനായി ചോരയൊലിപ്പിച്ചങ്ങനെ ! തോളെല്ലിനു മുകളിൽ കയറിയ കല്ലുത്പാദിപ്പിച്ച മുറിവുകളൊഴികെ മറ്റൊന്നും വലിയ ആഴമില്ലാത്തവയായിരുന്നതിനാൽ ആശുപത്രികിൽ പോകേണ്ടെന്ന് ധാരണയായി. അമ്മ മുറിവെല്ലാം കഴുകി നിയോസ്‌ഫറിൻ പൊടിനിറച്ചു.  തോളിൽ വീണ മുറിവിന്റെ പാട് ഇപ്പോഴുമുണ്ട്.


സൈക്കിൾ സ്വന്തമായുണ്ടാവുക എന്ന സ്വപ്നം നടന്നതേയില്ല. അച്ഛൻ അതിനിടെ ഒരു പണപ്പയറ്റും നടത്തി. (ഈ കലാപരിപാടി എന്തെന്നറിയാൻ എന്നെ നേരിട്ട് കാണുക ) പയറ്റിന് ഇത്രതുകയിൽ കൂടുതൽ കിട്ടിയാൽ സൈക്കിൾ വാങ്ങിത്തരാമെന്നായിരുന്നു അച്ഛന്റെ പ്രതിജ്ഞ. പറഞ്ഞ തുകയേക്കാൾ എത്രയോ കൂടുതൽ തുക കിട്ടിയിട്ടും അച്ഛൻ പ്രതിജ്ഞ നിറവേറ്റിയില്ല.


പോകെ പോകെ സൈക്കിൾ മോഹം ഞാനുപേക്ഷിച്ചു. കുറേ നാൾ കഴിഞ്ഞു. പ്രീഡിഗ്രിയുടെ ആദ്യനാളുകളിലൊന്നിൽ ഞങ്ങളുടെ അയൽവാസി അഷ്റഫ് ഒരു കാര്യം എന്നോട് പറഞ്ഞു. "എന്റെ റാലി സൈക്കള് കൊട്ക്കാന്ണ്ട്. ഇനിക്ക് മാണോ ? " അവൻ എഴുന്നൂറ് രൂപ വില പറഞ്ഞു. ഒടുക്കം അഞ്ഞൂറ് രൂപക്ക് കച്ചോടം ഉറപ്പിച്ചു. അച്ഛൻ ആ കാശ് മന്ദഹാസസമന്വിതം എന്നെ ഏൽപ്പിക്കുകയും ചെയ്തതോടെ ഞാൻ സൈക്കിൾ മുതലാളിയായി.



എന്റെ സൈക്കിൾ കാണാൻ വലിയ ഭംഗിയൊന്നും ഉണ്ടായിരുന്നില്ല. കടും പച്ചനിറം. ഒറിജിനൽ പെയ്ന്റ് അല്ല. റിപെയ്ന്റ്  ചെയ്തതാണ്. റിമ്മിന് പള പളപ്പൊന്നുമില്ല. അക്കാലത്ത് റാലി സൈക്കിളിന്റെ വശങ്ങളിലൊക്കെ സുവർണ്ണ വർണ്ണത്താൽ കൈ കൊണ്ട് വിദഗ്ദ്ധർ  വരച്ചു ചേർത്ത പൊടിപ്പും തൊങ്ങലും വരയുമൊക്കെ ഉണ്ടാകാറുണ്ടായിരുന്നു. എന്റെ സൈക്കളിലുമുണ്ടായിരുന്നു വരയും കുറിയും. ഏതോ സാധു പെയ്‌ ന്റർ    പരീക്ഷിച്ച വളഞ്ഞുപുളഞ്ഞ വരകൾ. പെഡൽ രണ്ടും രണ്ടു വിധമായിരുന്നു. തിരിയുമ്പോൾ കറകറ എന്നൊരു മധുര നാദവും. പിറകിലെ റിമ്മിന് ഇച്ചിരി വളവുണ്ടായിരുന്നതു കൊണ്ടാവണം ഡയനാമോയുടെ ചക്രം ശരിക്കുമങ്ങ് ടയറിൽ സ്പർശിക്കാത്തതും മങ്ങിയും തെളിഞ്ഞും മങ്ങിയും തെളിഞ്ഞും ഹെഡ് ലാമ്പ് കത്തിയതും. 


അഞ്ഞൂറ് രൂപക്ക് ബെൻസ് കാറൊന്നും കിട്ടില്ലല്ലോ എന്ന ന്യായം ഞാൻ മനസ്സിലങ്ങ് ധ്യാനിച്ചു.വലിയ സുന്ദരിയൊന്നുമായിരുന്നില്ലെങ്കിലും ഡിഗ്രി ക്ലാസ്സ് കഴിഞ്ഞ് മാഹിയിൽ ജോലിയാകുന്നതുവരെ അവൾ എന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു.  ഇവന്റെ എല്ലാ തോന്ന്യാസങ്ങൾക്കും കൂട്ടായി. 






എന്റെ ഓട്ടോഗ്രാഫുൾ

എൻ്റെ ഓട്ടോഗ്രാഫുകൾ


ഒരു ചെറു ദീർഘചതുരപുസ്തകം. 

ഇന്നത്തെ സ്മാർട്ട് ഫോണിൻ്റെ വലിപ്പം .

ബ്രൗൺ നിറത്തിൽ തുകലിൻ്റെ കവർ.

പ്രൗഢിയുള്ള മിനുത്ത തൂവെള്ള കട്ടിക്കാലാസ് താളുകൾ !

ഒരു പാടുകാലം സന്തത സഹചാരിയായിരുന്ന എൻ്റെ ഓട്ടോഗ്രാഫ് പുസ്തകം.



1 കെ. ജയകുമാർ



അച്ഛൻ ഒരു സർക്കാർ പ്രൈമറി സ്ക്കൂളിൻ്റെ പ്രധമാദ്ധ്യാപകനായിരുന്നു. അഴിയൂർ ഫിഷറീസ് ഹൈസ്കൂളിൽ അദ്ധ്യാപകനായിരുന്ന അച്ഛൻ പ്രൊമോഷനായി കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്തുള്ള ചെറിയകുമ്പളം എൽ പി സ്ക്കൂളിൽ എത്തി.  തുടക്കത്തിൽ എല്ലാ ദിവസവും അഴിയൂരിൽ നിന്ന് കുറ്റ്യാടി വരെ പോയി വരികയായിരുന്നു അച്ഛൻ.  വാട്ടിയ  വാഴയിലയിൽ പൊതിഞ്ഞ ചോറും വാഴക്കാ മെഴുക്കുപുരട്ടിയും ഒരു കറുത്ത ബാഗിൽ വച്ച് അതുമായി പുലർ വെളിച്ചത്തിൽ ധൃതിയിൽ നടന്നു പോകുന്ന അച്ഛൻ്റെ രൂപം എനിക്കിന്നും ഓർമ്മയുണ്ട്. അമ്മയുടെ മേൽ ചാരിയിരുന്ന് അച്ഛൻ വരാത്തതെന്തേയെന്ന് ഉറക്കമില്ലാതെ പരിഭ്രമിക്കുന്ന  എൻ്റെ ശൈശവ രാത്രികളും.


വളരെ ചെറുപ്പത്തിൽ തന്നെ അദ്ധ്യാപക വൃത്തിയിൽ പ്രവേശിച്ചയാളായിരുന്നു എൻ്റെ അച്ഛൻ.  സർക്കാർ സർവീസിൽ വരുന്നതിന് മുമ്പു തന്നെ ഏകാദ്ധ്യാപക വിദ്യാലയങ്ങൾ ഉൾപ്പെടെ പലയിടങ്ങളിലും ജോലി നോക്കി. 


1974 ൽ ആണ് അച്ഛൻ ചെറിയ കുമ്പളം സ്ക്കൂളിൽ പ്രധാനാദ്ധ്യാപകനാവുന്നത്.  1989 ൽ വിരമിക്കുന്നതു വരെയുള്ള വർഷങ്ങൾ അച്ഛൻ ചെറിയ കുമ്പളം ജി.എൽപി യിൽ തന്നെയായിരുന്നു. ഈ കാലഘട്ടത്തിൽ ചെറിയകുമ്പളത്തെയും കുറ്റ്യാടിയിലേയും സാമുഹിക സാംസ്കാരിക ഭൂപടത്തിൽ ചെറുതല്ലാത്ത ഒരു സ്ഥാനം അച്ഛൻ നേടിയിരുന്നു. സഹപ്രവർത്തകർക്കും അച്ഛനോട് എന്നും സ്നേഹം തന്നെയായിരുന്നു.  വീട്ടിൽ തികഞ്ഞ കണിശക്കാരനായിരുന്നെങ്കിലും  നാട്ടുകാരോടെല്ലാം അച്ഛൻ ചിരിച്ചുകൊണ്ട് മാത്രമേ സംസാരിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ യാവണം അച്ഛൻ്റെ യാത്രയയപ്പ് യോഗം നാടിൻ്റെ ആഘോഷമായി മാറിയത്.


 ചടങ്ങിൽ അന്നത്തെ കോഴിക്കോട് ജില്ലാ കലക്ടർ കെ ജയകുമാറായിരുന്നു മുഖ്യാതിഥി. ഒരു ജില്ലാ കലക്ടർ ഒരു എൽ പി സ്ക്കൂളദ്ധ്യാപകൻ്റെ യാത്ര അയപ്പുയോഗത്തിൽ അതിഥിയായെത്തുക അസുലഭമായി സംഭവിക്കുന്ന ഒന്നാണെന്നാണ് എൻ്റെ ധാരണ. തിങ്ങി നിറഞ്ഞ ജനാവലിയെ നോക്കി അദ്ദേഹം അത്ഭുതത്തോടെ പറഞ്ഞ വാക്കുകൾ ഇന്നും കാതിലുണ്ട്. “ഒരു അധ്യാപകൻ്റെ യാത്രയയപ്പ് യോഗത്തിൽ കലക്ടർ എന്നനിലയിൽ പങ്കെടുക്കുന്നത് ആദ്യമായാണ്.  ഒരു ദേശം മുഴുവൻ സ്നേഹാദരങ്ങൾ ചൊരിയുന്ന ശേഖരൻ മാഷിൻ്റെ യാത്രയയപ്പ് യോഗത്തിൽ അതിഥിയാവൻ കഴിഞ്ഞത് എൻ്റെ ഗുരുക്കന്മാരുടെ കൃപയാണെന്ന് ഞാൻ കരുതുന്നു”. കവിയുടെ വായിൽ നിന്ന് വീഴുന്ന ഓരോ മുത്തും പെറുക്കിപ്പെറുക്കി ജനാവലിക്ക് നടുവിൽ പുളകം പൂണ്ട് നിൽക്കുകയായിരുന്നു ഞാൻ.  ശ്രീ ജയകുമാറിൻ്റെ മനോഹരങ്ങളായ ചലച്ചിത്ര ഗാനങ്ങളും കവിതകളും തുടരെ തുടരെ വന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. മാത്രവുമല്ല കോഴിക്കോട് നഗരത്തിൻ്റെ നവീകരണ പ്രവർത്തനങ്ങളും. എല്ലാം ചേർന്ന് ഒരു നായകപരിവേഷം ഞങ്ങളെ പോലുള്ളവരുടെ ഹൃദയത്തിൽ അദ്ദേഹം അക്കാലത്ത് നേടിയിരുന്നു. 


ഹ്രസ്വമല്ലാത്ത ഒരുപ്രഭാഷണമാണ് ശ്രീ ജയകുമാർ എന്ന് നടത്തിയത്. അച്ഛനെ കുറിച്ചുള്ള അഭിമാനവും, ആപ്രഭാഷണം തന്ന ഊർജവും എൻ്റെ ഹൃദയം നിറച്ചിരുന്നു. കലക്ടർ വേദിയിൽ നിന്ന് തിരക്കിട്ട് ഇറങ്ങുകയാണ്. ഞാൻ പാൻ്റിൻ്റെ പോക്കറ്റ് തപ്പി. ഉണ്ട്. അവിടെത്തന്നെ ഉണ്ട്. ആളുകൾ കലക്ടർക്ക് പോകുവാൻ വഴി ഒഴിയുന്നു. ആളുകൾ തീർത്ത വിടവിലൂടെ അദ്ദേഹം തൻ്റെ വാഹനത്തിന് നേരെ നടക്കുകയാണ്. കൂടെ മൂന്നാലാളുകൾ. ഞാൻ ആളുകളെ വകഞ്ഞുമാറ്റി അദ്ദേഹത്തിന് പിറകെ നടന്നു . നടന്നിട്ട് കൂടെ എത്തുന്നില്ല. ചുറുചുറുക്കോടെ അതിവേഗമാണ് അദ്ദേഹം നടക്കുന്നത്. മുന്നിൽ നിലാവിന് കീഴെ മാവുകൾ വീഴ്ത്തിയ ഇരുട്ടിലേക്ക് അദ്ദേഹമെത്തി. 


ഞാൻ പിറകെ ഓടിയെത്തി. “സർ” ഞാൻ വിളിച്ചു. “ആരാ” കൂടെ യുള്ള തടിയൻ്റെ ക്രൗര്യം നിറഞ്ഞ പ്രത്യഭിവാദ്യം. “സർ” ഞാൻ വീണ്ടും വിളിച്ചു. വിളി കിതപ്പിൽ പകുതി മുറിഞ്ഞുപോയി. “ എന്താ വേണ്ടത്? “ വീണ്ടും ക്രൗര്യം.  കലക്ടർക്ക് ചുറ്റും കൈകൾ കൊണ്ട് തീർത്ത സംരക്ഷണ വലയം. എന്നെ കൗതുകത്തോടെ നോക്കിയ കലക്ടർക്ക് നേരെ ഓട്ടോഗ്രാഫ് നീട്ടി ഞാൻ കിതച്ചു. “ഒരൊപ്പ്…”  കലക്ടർ ചിരിച്ചു. “ഇതാണോ? വെളിച്ചത്തേക്ക് നീങ്ങി നിൽക്ക്…” കലക്ടർ ഒപ്പ് പുസ്തകം കയ്യിൽ വാങ്ങി. ഒരു പേജ് തുറന്നു.  ഒരുപാട് കവിതകൾ വിരിഞ്ഞ വിരലും പേനതുമ്പും എൻ്റെ പുസ്തകത്തിൽ ബദ്ധശ്രദ്ധമായി. എന്തോ എഴുതി ഒപ്പിട്ട് പുസ്തകം തിരികെ ത്തന്നു. എന്നെ നോക്കി ചിരിച്ച്, നിലാവിൻ്റെ ആ കുഞ്ഞുതുരുത്തിൽ നിന്ന് അദ്ദേഹം ധൃതിയിൽ നടന്നു പോയി. 


ഞാൻ മെല്ലെ പുസ്ത്കം തുറന്നു. “ഇരുളിൽനിന്ന് വെളിച്ചത്തിൻ്റെ തുരുത്തിലേക്ക് വന്നെതിനിൽക്കുന്ന എൻ്റെ യുവ സുഹൃത്തിന് ആശംസകൾ”


ആ പ്രിയ രാത്രിയിലേയ്ക്ക് നിലാവ്  പെയ്തുകൊണ്ടേയിരിക്കുന്നു. ഇന്നും.




2. എം.എൻ. വിജയൻ


എം എൻ വിജയന്നെന്ന പേര് ആദ്യമായി കേട്ടത് അന്നാണ്. ഞങ്ങളുടെ കോളേജ് യൂണിയൻ ഉൽഘാടനത്തിൻ്റെ രണ്ടു മൂന്ന് ദിവസം മുമ്പ്. 


മൊകേരി കോളജ്. വട്ടോളി നാഷണൽ ഹൈസ്കൂളിൽ നിന്ന് കടം വാങ്ങിയ നീളനൊരു കെട്ടിടം. സെക്കൻഡറി സ്കൂൾ ലീവിങ് സെർട്ടിഫിക്കറ്റിൽ 362 മാർക്ക് മാത്രം കിട്ടിയവന് മടപ്പള്ളിയിലും ബ്രണ്ണനിലും മറ്റും സയൻസ് പഠനം തികച്ചും അപ്രാപ്യമായിരുന്നു . പ്രോസ്പെക്ടസ്സ്  നോക്കിയപ്പോൾ നാലാം ഗ്രൂപ്പിലാണ് പഠിക്കാൻ ഒരുപാട് വിഷയങ്ങൾ ഉള്ളത്. അതിനു തന്നെ ചേർന്നു. അഭിരുചികണ്ടെത്തി ഉന്നത വിദ്യാഭ്യാസം തെരഞ്ഞെടുക്കാനുള്ള പരീക്ഷകളൊന്നും അന്ന് ഉണ്ടായിരുന്നതായി  അറിവില്ല. ഉണ്ടായിരുന്നെങ്കിലും പ്രയോജനമൊന്നുമില്ല. മുമ്പേ ഗമിച്ചീടിന ഗോവുതൻ്റെ പിൻപേഗമിക്കും ഗോവാണല്ലോ ഇത്. 


കോളേജ് ചെറുതായിരുന്നെങ്കിലും , രണ്ട് ഗ്രൂപ്പുകൾ (മൂന്നും നാലും ) മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും , ലൈബ്രറി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അതിശുഷ്കമായിരുന്നെങ്കിലും, ക്ലാസ് റൂമുകൾക്ക് അരമതിലിൻ്റെ സൗഭാഗ്യ മേ ഉണ്ടായിരുള്ളുവെങ്കിലും ആഘോഷങ്ങൾക്ക് കുറവേതു മുണ്ടായിരുന്നില്ല. നല്ല അദ്ധ്യാപകർ. ഹൃദയം നിറയെ സ്നേഹം മാത്രമുള്ള സഹപാഠികൾ!  


അബ്ദുൾ ഖാദർ സാറായിരുന്നു ഞങ്ങളുടെ പ്രിൻസിപ്പാൾ. മുഖം നിറയെ ഗൗരവം . ഒന്ന് ചിരിച്ചാലോ പൂനിലാപ്പാലാഴി. ഞങ്ങളുടെ അധ്യാപകരാരെങ്കിലും ലീവായാൽ അദ്ദേഹം ക്ലാസിൽ വരും. മലയാള സാഹിത്യം പറയാനായിരുന്നു അദ്ദേഹത്തിന് ഏറെ ഇഷ്ടം. ഞങ്ങൾക്കന്ന് കോവിലൻ എഴുതിയ ഭരതൻ പഠിക്കാനുണ്ടായിരുന്നു.  അദ്ദേഹം ഞങ്ങളോട് കോവിലനെ കുറിച്ചും അദ്ദേഹത്തിൻ്റെ സാഹിത്യ ജീവിതത്തെക്കുറിച്ചും വാതോരാതെ പറയും. യുവാവായ വൃദ്ധൻ എന്നാണ് കോവിലനെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. കോവിലനെ കൂടുതൽ വായിച്ചപ്പോൾ അങ്ങനെ തന്നെ എന്ന് തോന്നുകയും ചെയ്തു. കോവിലൻ മാത്രമല്ല മലയാളത്തിൻ്റെ ആധുനികത മുഴുവൻ അദ്ദേഹം സരസമായ, ഫലിതം നിറഞ്ഞ മലയാളത്തിൽ ഞങ്ങൾക്ക് പറഞ്ഞു തന്നു. 


“ഇത്തവണ നമ്മുടെ യൂനിയൻ ഉദ്ഘാടനത്തിന് എൻ്റെ ഒരു സുഹൃത്താണ് വരുന്നത്” അദ്ദേഹം പറഞ്ഞു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ അവർ സഹപ്രവർത്തകരായിരുന്നത്രെ. “ എം.എൻ വിജയൻ ….. സംസാരിക്കുമ്പോ പുറം കണ്ണടച്ച് അകക്കണ്ണ് തുറക്കുന്ന ധിഷണാശാലി” അദ്ദേഹം പറഞ്ഞു. “ മലയാളത്തിൽ ചിന്തകൻ എന്ന ഗണത്തിൽ പെടുത്താൻ ഇക്കാലത്ത് എൻ്റെ സുഹൃത്ത് മാത്രമേ ഉള്ളൂ” അത്ഭുത വാർത്ത കേട്ടപോലെ കണ്ണുമിഴിച്ചിരുന്ന ഞങ്ങളോട് അദ്ദേഹം തുടർന്ന് പറഞ്ഞു. ‘’ കേസരി ബാലകൃഷ്ണപ്പിള്ള ആരായിരുന്നെന്ന് മലയാളിക്ക് മനസ്സിലാക്കിക്കൊടുത്തത് ശ്രീ വിജയനാണ്…. “ തുടർന്നും എന്തൊക്കെയോ പറയാനാഞ്ഞെങ്കിലും കോളേജ് പിരിയാനുള്ള ബെൽ മുഴങ്ങിയതിനാൽ ചിരിച്ച് കൈവീശി അദ്ദേഹം ക്ലാസിൽ നിന്നിറങ്ങിപ്പോയി.


യൂനിയൻ ഉത്ഘാടന ദിവസം. ആകാംക്ഷ യോടെ കാത്തിരുന്ന ഞങ്ങളുടെ മുന്നിലേക്ക് കറുത്ത് കൃശഗാത്രനായ വിജയൻ മാഷ് പ്രിൻസിപ്പാളിൻ്റെ അകമ്പടിയോടെ കയറി വന്നു. നീണ്ടു നിന്ന കരഘോഷം. പ്രിൻസിപ്പാൾ തൻ്റെ സഹപ്രവർത്തകനെ തികഞ്ഞ കയ്യടക്കത്തോടെ സദസ്സിന് പരിചയപ്പെടുത്തി.  പ്രഭാഷണത്തിനായി മുഖ്യാതിഥിയെ ക്ഷണിച്ചു. 


അതിഥി മൈക്കിനടുത്ത് എത്തുന്നതുവരെയുള്ള നിശബ്ദത . പിന്നെ, ആശയങ്ങളുടെ , നിരീക്ഷണങ്ങളുടെ , ദർശനങ്ങളുടെ , പരിഹാസത്തിൻ്റെ കനത്ത കർക്കടക മഴ. ഇടക്കിടെ മിന്നുന്ന ചിരിയുടെ മിന്നൽ വെളിച്ചം .  ഞങ്ങൾ മഴയുടെ ഹർഷാരവത്തിൽ നനഞ്ഞ് മഴയിൽ മുഴുകിയങ്ങനെ !’ 


രണ്ടു മണിക്കൂറോളം വിജയൻ മാഷ് സംസാരിച്ചു. സംസാരിച്ച വിഷയം എന്തായിരുന്നെന്ന് എനിക്ക് ഓർമയില്ല. എന്നാലും ആ പ്രഭാഷണം , പ്രഭാഷകൻ്റെ ശബ്ദം, അംഗ വിക്ഷേപങ്ങൾ ഒക്കെ മായാതെ ഒരുപാടുകാലം മനസ്സിൽ നിന്നു .



കാലം ആരെയും കാത്തുനിൽക്കാതെ മരണപ്പാച്ചിൽ പായുന്ന ശക്തൻ കുതിരയാണല്ലോ. മൊകേരിക്കോളേജ് കഴിഞ്ഞ് മാഹിക്കോളേജിൽ നിന്ന് ഡിഗ്രി പാസായി, കമ്പനി സെക്രട്ടറീസ് എന്ന ഭീമൻ കടമ്പ കടക്കുമോ എന്ന് പരീക്ഷിച്ചുകൊണ്ടിരുന്ന കാലം. (കടക്കാൻ കഴിയില്ല എന്ന് കാലം പിന്നീട് തെളിയിക്കും)  ഫറൂക്കിലെ അൽ-ഫാറൂക് എഡ്യൂക്കേഷണൽ സെന്ററിൽ ആണ് കോച്ചിങ് ക്ലാസ്. മാഹിയിലെ ജോലി, ദിവസത്തിന്റെ ആദ്യ പകുതി. രണ്ടാം പകുതിയിൽ മദിരാശി മെയിൽ പിടിച്ച് ഫറൂക്കിലേക്ക്. ക്ലാസ്സ് കഴിഞ്ഞ് തിരികെ ഇഴഞ്ഞിഴഞ്ഞെത്തുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ . 


കോഴിക്കോട് കഴിഞ്ഞാൽ തീവണ്ടിയിൽ അധികം ആളുകൾ ഉണ്ടാകാറില്ല. കോഴിക്കോട്ടുനിന്ന് കയറുന്ന കുറച്ച് കച്ചവടക്കാർ. പീടിക തൊഴിലാളികൾ. അവരിലധികം പേരും കൊയിലാണ്ടിയിൽ ഇറങ്ങും.. കൊയിലാണ്ടിവരെ സഹപാഠി അബൂബക്കർ ഉണ്ടാവും, കഥയും ആശങ്കയും കുശുമ്പും കുന്നായ്മയും പറയാൻ. അബു ഇറങ്ങുന്നതോടെ  ഞാൻ  ഉറക്കം പിടിക്കും


ഒരു ദിവസം, കൊയിലാണ്ടി കഴിഞ്ഞ് അബുവിനെ വാതിക്കൽ ചെന്ന് യാത്രയാക്കി, തിരികെ  സീറ്റിലേക്ക് നടക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച ഒരു കൃശഗാത്രം സീറ്റിൽ കിടക്കുന്നു. ലൈറ്റ്  ഓഫ് ചെയ്തിരുന്നു. സൂക്ഷിച്ചുനോക്കി. മങ്ങിയ വെളിച്ചത്തിലും ഞാൻ തിരിച്ചറിഞ്ഞു. വിജയൻ മാഷ്.


മാഷ് ഉറങ്ങുന്നുണ്ടായിരുന്നില്ല. ഞാൻ മെല്ലെ ആ പാദങ്ങൾ തൊട്ടു. ഞെട്ടിയപോലെ കാൽ പിൻവലിച്ച് എഴുന്നേറ്റിരുന്നു. ശല്യപ്പെടുത്തിയതിൻ്റെ  നീരസം മുഖത്ത് സ്പഷ്ടം. “ആരാ?” അദ്ദേഹം ചോദിച്ചു. ഞാൻ എന്റെ കാര്യങ്ങൾ പറഞ്ഞു. മാഷ് മൊകേരി കോളേജിൽ വന്നതും, പ്രഭാഷണം നടത്തിയതും മറ്റും. “മാഷിന് വയ്യേ?” മുഖത്തെ ക്ഷീണം കണ്ട് ഞാൻ തിരക്കി. “ഉം” ഒരുമൂളൽ  മാത്രം മറുപടി. 


ഒരുപാട് ആതുരതകളിലൂടെ കടന്നുപോയ ആളാണല്ലോ മാഷ് ! ഇരിക്കാൻ വയ്യാതെ എത്രയോ കാലം നിന്നുകൊണ്ട് രചന നിർവഹിച്ച ആൾ. തൻ്റെ നല്ല കൃതികളെല്ലാം നിന്നുകൊണ്ടെഴുതിയവയാണെന്ന് മാഷ് ഏതോ ഇന്റർവ്യൂവിൽ പറഞ്ഞു കേട്ടിട്ടുണ്ട്. 


എൻ്റെ ബാഗിലുണ്ടായിരുന്ന ഓട്ടോഗ്രാഫ് പുസ്തകം ഞാൻ മാഷിന് നേരെ നീട്ടി. ഒരു ചെറു ചിരിയോടെ ബുക്ക് വാങ്ങി മടിയിൽ വച്ച് കുറച്ച് നേരം എന്തോ ആലോചിച്ച്. പിന്നെ ധൃതിയിൽ ഒപ്പിട്ട് തിരികെ തന്നു. 


“ പുസ്‌തകങ്ങൾ വായിക്കാറുണ്ടോ “ അദ്ദേഹം തിരക്കിയതിനു ഞാൻ ഉവ്വെന്ന്  തലയാട്ടി. വീടെവിടെയാണെന്നും മറ്റും ഇച്ചിരിനേരം കുശലം . പിന്നെ “ഞാൻ കിടക്കട്ടെ “ എന്ന് അദ്ദേഹം തിരികെ സീറ്റിൽ നിവർന്നു കിടന്നു. ഒരിക്കൽ കൂടി നോക്കി ചിരിച്ച് എന്നോട് പൊയ്ക്കൊള്ളാൻ ആംഗ്യം കാട്ടി. 


അഭിമാനത്തോടെ, എൻ്റെ സീറ്റിലേക്ക് നടക്കവേ, ഞാൻ തിരിഞ്ഞു നോക്കി. മാഷ് ഉറക്കമായിരുന്നു.



3.കെ.ജെ യേശുദാസ്



“ആകാശവാണി കോഴിക്കോട് .  അഖില കേരള സംഗീതോത്സവത്തിൻ്റെ ഭാഗമായി ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പാകെ അവതരിപ്പിച്ച കെ.ജെ യേശുദാസിൻ്റെ സംഗീതക്കച്ചേരി ഇപ്പോൾ കേൾക്കാം. മൃദംഗം വായിക്കുന്നത് …” 


കോഴിക്കോട് ടാഗോർ സെൻ്റിനറി ഹാളിൽ സംഗീത പരിപാടി ആരംഭിക്കുകയായിരുന്നു . ക്ഷണിക്കപ്പെട്ട സദസ്സിനു മുൻപിൽ. ആ ക്ഷണിക്കപ്പെട്ടവരിൽ ഒരാൾ ഞാനായിരുന്നു. അത്ഭുതപ്പെടേണ്ട . അക്കാലത്ത്, ആകാശവാണി ‘ഓഫ്‌ലൈനായി’ അവതരിപ്പിക്കുന്ന പരിപാടികൾക്ക് ആർക്കും ‘ക്ഷണിക്കപ്പെട്ടവരാ’കാം .  പരിപാടിയെ കുറിച്ച് ആകാശവാണിയിൽ മുൻകൂട്ടി അറിയിപ്പ് വരും. ഇത്രാം തീയതി ഇന്നയിടത്ത് വച്ച് ഇന്ന പരിപാടി നടക്കാൻ പോകുന്നു എന്ന്. അത് കേട്ടപാടെ എനിക്കും പ്രസ്തുത പരിപാടി കാണാൻ താത്പര്യമുണ്ടെന്ന് കാണിച്ച്, 

ആകാശവാണിയിലേക്ക് ഒരു കത്തയക്കണം. ഒരാഴ്ച്ച്ചക്കകം രണ്ടുപേർക്ക് പരിപാടി കാണാനുള്ള പാസ്സ് വരും. ഇതാണ് ക്ഷണിക്കപ്പെടലിൻ്റെ  ഒരു രീതി. അതതു പ്രദേശങ്ങളിലെ സാംസ്കാരിക നായകന്മാർക്കും, ആകാശവാണിയിൽ സ്ഥിരമായി പരിപാടികളും മറ്റും അവതരിപ്പിക്കുന്നവർക്കും കത്തയക്കാതെ തന്നെ വരും, ക്ഷണം.


വടകര ടൗൺ ഹാളിലും, ടാഗോർ സെന്റിനറി ഹാളിൽ തന്നെയും ചില പരിപാടികളിൽ സംബന്ധിക്കാൻ  ഞാൻ പാസുകൾ കത്തയച്ച് വരുത്തുകയുണ്ടായിട്ടുണ്ടെങ്കിലും, ‘നീപോകേണ്ട ആവശ്യമില്ലെ’ന്ന് താത ശാസനം ഉണ്ടാവുകയാൽ പോകാൻ തരപ്പെട്ടിരുന്നില്ല. ശ്രീ യേശുദാസിൻ്റെ കച്ചേരിയിൽ പങ്കെടുക്കാൻ സാധിച്ചതോ, ക്ഷണപത്രമില്ലാതെയും!


മുമ്പൊരിക്കൽ പറഞ്ഞ സി എസ്  പഠനകാലം. അൽ ഫാറൂഖ് എഡ്യൂക്കേഷൻ സെന്ററിലായിരുന്നു കോച്ചിങ് ക്ലാസ്സുകൾ നടന്നിരുന്നത്. ആ സെൻറർ  നഗരത്തിൽ നിന്നും ഏറെദൂരെയാകയാൽ വിദ്യാർത്ഥികൾ ക്ലാസിൽ വരാൻ വിമുഖരാകുന്നു എന്ന് തോന്നി,  അധികൃതർ സായാഹ്ന ക്ളാസുകൾ ചെറൂട്ടി റോഡിലുള്ള എം എസ് എസ് കൾച്ചറൽ കോംപ്ലെക്സിലേക്ക്  മാറ്റിയ സുഖ കാലം. ഐ എ എസ്  പഠിച്ച് പാസ്സായി ഗവൺമെൻ്റ് സെക്രട്ടറിമാരാക്കാൻ മിനക്കെട്ട് നടക്കുന്നവർ അന്ന് ധാരാളമുണ്ടായിരുന്നു അവിടെ. കമ്പനികളുടെ സെക്രട്ടറിമാരാകാൻ  നടക്കുന്ന ഞങ്ങളെ അവർക്ക് പരമ പുച്ഛ മായിരുന്നു. അവരെ ഞങ്ങൾക്കും. അന്ന് നല്ല ബുദ്ധിതോന്നി അവരുടെ കൂടെ കൂടിയിരുന്നെങ്കിൽ ഇന്ന് ഞാൻ ആരായേനെ? പോയബുദ്ധി ആന വലിച്ചാൽ വരുമോ? 


അങ്ങനെ ഇരിക്കെ ഒരുദിവസം  ഹൃദയ ഭേദകമായ ഒരറിയിപ്പ് ഞാൻ ആകാശവാണിയിൽ നിന്ന് കേട്ടു . അന്ന് കണക്കെഴുത്ത്  ജോലിക്ക് പോയിരുന്നില്ല. മടിപിടിച്ച് കിടന്നുറങ്ങി. ഉച്ചക്ക് ചോറുണ്ണാൻ ഇരുന്ന നേരം സാധാരണ പോലെ റേഡിയോ ഓൺ ചെയ്തു. ശാസ്ത്രീയ സംഗീതക്കച്ചേരി. ഒരു കീർത്തനം പാടി അവസാനിച്ച ഇടവേളയിലാണ് അറിയിപ്പുണ്ടായത്. കിളിനാദം . “പ്രിയ ശ്രോതാക്കളെ. ഇന്ന് വൈകീട്ട് ആറു മുപ്പതിന്  കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ ശ്രീ കെ ജെ യേശുദാസിൻ്റെ സംഗീതക്കച്ചേരി, ആകാശവാണിയുടെ ആഭിമുഖ്യത്തിൽ  നടത്തപ്പെടുന്നു.” കോകിലവാണി തുടർന്നു “പ്രസ്തുത പരിപാടിക്ക് മുൻകൂട്ടി ക്ഷണിക്കപ്പെട്ടവർക്ക് മാത്രമേ പ്രവേശനമുണ്ടാവുകയുള്ളൂ”  ദുഷ്ട. എന്തെ ഈ സമ്മോഹന പരിപാടിയെക്കുറിച്ച് ഈയുള്ളവൻ മുൻകൂട്ടി അറിയാതെ പോയി? വിധി വിളയാട്ടം തന്നെ. കെ ജെ യേശുദാസ് കോഴിക്കോട് പാടിയിട്ട് കേൾക്കാതെ പോകുകയോ!  എന്ത് വിലകൊടുത്തും കച്ചേരി കേൾക്കുക തന്നെ എന്ന് ആ നിമിഷം തീർച്ചയാക്കി. 


സാധാരണ ദിവസങ്ങളിൽ ക്ലാസിന് പോകുന്നതിനുമുമ്പ് ഒരു ചായ ഉണ്ടാക്കി മൂത്തമ്മക്ക് കൊടുക്കുക എന്നത് എൻ്റെ ചുമതലയായിരുന്നു. അഴിയൂരിലെ മൂത്തമ്മ യുടെ വീട്ടിലായിരുന്നല്ലോ എന്റെ താമസം. അമ്മയുടെ ഏറ്റവും മൂത്ത ചേച്ചി. അന്ന് ചായ ഉണ്ടാക്കാനൊന്നും നിന്നില്ല. വേഗം സ്റ്റേഷനിലെത്തി. മദിരാശി മെയിൽ അന്നും ഇന്നും മാഹിയിൽ എത്തുന്നത് നാല് പതിനാറിനാണ് . ക്ലാസ്സ് തുടങ്ങുന്നത് ആറിനാണ്. അഞ്ചേകാലാകുമ്പോഴേക്കും മെയിൽ കോഴിക്കോട് പിടിക്കും. അൽപ്പം ചില ദിവസങ്ങളൊഴിച്ചാൽ വണ്ടി സമയകൃത്യതയോടെ ഓടി. 


എം എസ് എസിൽ എത്തിയതും സിദ്ധാർത്ഥൻ എത്തിയോ എന്നാണ് നോക്കിയത്. വന്നിട്ടില്ല. ഇടക്കിടെ മുങ്ങുക പഹയന്റെ പതിവാണല്ലോ. നാട്ടിലെ കലാസമിതിയിൽ നാടക റിഹേഴ്സൽ ഉണ്ടായിക്കാണും. അവന് നഷ്ടപ്പെടുന്നത് എന്തെന്ന് അവൻ അറിയുന്നില്ലല്ലോ ! സഹപാഠികളിൽ സംഗീതവും സാഹിത്യവും പറഞ്ഞാൽ ചെവി അല്പമെങ്കിലും  തരുന്നയാൾ അവനായിരുന്നല്ലോ.  


സമയം അതിക്രമിക്കുന്നു. ആറരക്ക് കച്ചേരി  തുടങ്ങും . ഞാൻ എം എസ് എസിൽ നിന്ന് ചെറൂട്ടി റോഡിലേക്കിറങ്ങി. ധൃതിയിൽ ഇടത്തോട്ട് തിരിഞ്ഞ് റെഡ് ക്രോസ്സ്  റോഡിലേക്ക് കയറി. അവർ എന്നെ കടത്തിവിടുമോ എന്ന ആധി വല്ലാതെ മഥിക്കുന്നുണ്ട്. അടഞ്ഞുകിടക്കുന്ന ഗേറ്റിനപ്പുറത്ത് അതി ഗംഭീരൻ ഒരു സെക്യൂരിറ്റി. “ഒരാളെ കടത്തിവിടാൻ പറ്റുമോ?” ഇപ്പൊ കരഞ്ഞുപോകും എന്ന മുഖഭാവത്തോടെ ഞാൻ അയാളോട് ചോദിച്ചു. മുഖത്തെ ഗാoഭീര്യത്തിന് ഒട്ടും ചേരാത്ത ശാന്ത സ്വരത്തിൽ സെക്യൂരിറ്റി പറഞ്ഞു. “ഞാൻ കടത്തിവിട്ടിട്ടെന്താമോനെ? വാതിൽക്കൽ നിൽക്കുന്നയാൾക്ക് പാസ്സ് കാണിക്കണ്ടേ ?”  വിഷണ്ണനായും ഒരുപാട് സങ്കടം അഭിനയിച്ചും ഞാൻ ആ ഗേറ്റിനുമുൻപിൽ നാലുചാൽ നടന്നു. സെക്യൂരിറ്റി മന്ദഹാസത്തോടെ എന്നെ നോക്കിക്കൊണ്ടിരുന്നു. അൽപ്പം കഴിഞ്ഞ് “പൊയ്ക്കോ മോനേ , പാസ്സില്ലെങ്കിൽ കാത്തിരുന്നിട്ട് കാര്യമില്ല” എന്ന് അംഗവിക്ഷേപത്തോടെ വിളിച്ച് പറഞ്ഞു.  പിന്നെ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ ഞാൻ ചെറൂട്ടി റോഡ് ലക്ഷ്യമാക്കി തിരികെ നടന്നു. വിധിച്ചതല്ലേ നടക്കൂ… കച്ചേരി കേൾക്കാൻ ഭാഗ്യമില്ല. അതും ആകാശവാണിയുടെ ക്ഷണിക്കപ്പെട്ട സദസ്സ്. യേശുദാസിൻ്റെ അമൃതസമാന ശബ്ദം.. ഒക്കെ തീർന്നു. 


സ്വയം പിറുപിറുത്ത് മുന്നോട്ട് നടക്കവേ ആ കാഴ്ച്ച കണ്ടു. രണ്ട് അപ്പൂപ്പന്മാർ എനിക്കെതിരായി വരുന്നു. രണ്ടു പേരുടെ കയ്യിലും പാസ്സുണ്ട്. പലതവണ ഞാൻ കണ്ട് പരിചയിച്ച , നീല നിറത്തിൽ ആകാശവാണിയുടെ മുദ്രകുത്തിയ വെള്ളക്കവർ. ഞാൻ ആ അപ്പൂപ്പൻ മാരെ സമീപിച്ചു. “ ഒരു പാസ് എനിക്ക് തരാമോ? “ അവർ എന്നെ തെല്ലൊരത്ഭുതത്തോടെയും ഏറെ വാത്സല്യത്തോടെയും നോക്കി. അവരുടെ കണ്ണിലെ സംശയ ഭാവം കണ്ട് ഞാൻ വീണ്ടും തിരക്കി. “ഒരു പാസ്സ് ! രണ്ടാൾക്ക് ഒരു പാസ്സിൽ കയറാമല്ലോ!” അവർ പരസ്പരം നോക്കി. എന്നിട്ട് പറഞ്ഞു. “ മോനേ, ഒരാൾ കൂടി വരാനുണ്ടല്ലോ!” അപ്പോൾ മറ്റേ അപ്പൂപ്പൻ പറഞ്ഞു. “അതിനെന്താ? ഒരു പാസിൽ ഇവനെയും കയറ്റാം! “ ഞാൻ സ്വർഗ്ഗത്തിൽ എത്തിയപോലെയായി. അവരുടെ കൂടെ ഹാളിലേക്ക് തിരികെ നടന്നു. തിരിച്ചുവരുന്ന എന്നെ കണ്ടതും സെക്യൂരിറ്റി നിറഞ്ഞ് ചിരിച്ചു. “മോൻ വാ “ എന്ന് ഒരപ്പൂപ്പൻ എന്നെ ഹാളിനടുത്തേക്ക് കൊണ്ടുപോയി .  വാതിൽക്കൽ നിന്നയാൾ പാസ് വാങ്ങി കയ്യിലുണ്ടായിരുന്ന ഒരു പങ്ചർ കൊണ്ട് പാസ്സിൽ ഒരു തുളയിട്ടു. രണ്ടാമതൊരു തുള കൂടി ഇടാനായവേ അപ്പൂപ്പൻ പറഞ്ഞു. “ വരട്ടെ! ഞാനൊന്ന് മൂത്രപ്പുരയിൽ പോയി വരാം.” പാസ്സ് തിരിച്ചുവാങ്ങി തിരിച്ചു നടക്കവെ എന്നെ നോക്കി പറഞ്ഞു. “മോൻ കേറിക്കോ….” 



ഞാൻ കഴിയാവുന്നത്ര മുൻ നിരയിൽ തന്നെ ചെന്നിരുന്നു.  കൃത്യം ആറരക്ക് കർട്ടൻ പൊങ്ങി. രോമകൂപങ്ങൾ പുളകത്തോടെ എഴുന്നു നിന്നു . പക്കവാദ്യക്കാരാൽ പരിവൃതനായി ഗാനഗന്ധർവൻ തൂവെള്ള വസ്ത്രം ധരിച്ച് ! പുഷ്പ എന്നുപേരായ അനൗൺസറുടെ മധുരശബ്ദം ടാഗോർ ഹാളിൽ നിറഞ്ഞു. “ശ്രീ യേശുദാസിൻ്റെ സംഗീതക്കച്ചേരിയിലേക്ക് കോഴിക്കോട്ടെ ആസ്വാദകർക്ക് സ്വാഗതം.” തുടർന്ന് പക്കമേളക്കാരെയും, ശ്രീ യേശുദാസിനെ തന്നെയും പരിചയപ്പെടുത്തി. പിന്നെ ഇച്ചിരി ഗൗരവം കലർന്ന ശബ്ദത്തിൽ പറഞ്ഞു. “ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇനിയങ്ങോട്ട് പ്രോഗ്രാം സംപ്രേക്ഷണാവശ്യത്തിനായി റെക്കോർഡ് ചെയ്യാൻ പോവുകയാണ്. അനാവശ്യ ശബ്ദങ്ങൾ പുറപ്പെടുവിക്കാതെ ശാന്തരായി കച്ചേരി ആസ്വദിക്കണം” അല്പനേരത്തെ ഇടവേള പിന്നെ ആകാശവാണിയിൽ അനൗൺസ് ചെയ്യുന്ന അതെ ഫോർമാറ്റിൽ പറഞ്ഞു. ““ആകാശവാണി കോഴിക്കോട് .  അഖില കേരള സംഗീതോത്സവത്തിൻ്റെ ഭാഗമായി ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പാകെ……..” 


ഗണപതി സ്തുതിയോടെ കച്ചേരി ആരംഭിച്ചു. മുത്തുസ്വാമി ദീക്ഷിതരുടെ  “മഹാഗണപതിം മനസാസ്മരാമി” എന്ന കൃതിയാണ് പാടിയതെന്നാണോർമ്മ. പിന്നെ സംഗീത സാഗരം അലയടിക്കുകയായി. ഗന്ധർവ ശബ്ദമാധുരിയിൽ ആറാടി സമയം തുടിക്കാതെ നിന്നു. ഭൂതത്തിന്റെയും ഭാവിയുടെയും കളങ്കമേശാതെ വർത്തമാനം മാത്രം. സർവത്ര പ്രണവം തിങ്ങിനിറഞ്ഞു. സാന്ദ്രാനന്ദം. രണ്ടു മണിക്കൂർ കടന്നു പോയതറിഞ്ഞില്ല. “പവമാന  സുതുടു ബട്ടൂ പാദാരവിന്ദ്യ മുലഗു , ശ്രീരാമ രൂപമുലഗു , നിത്യജയ മംഗളം…….” ത്യാഗരാജസ്വാമികളുടെ അതിസുന്ദര മംഗളകീർത്തനം പാടി കച്ചേരി അവസാനിച്ചു. തിരശീല വീണു.


 “എല്ലാവരും അൽപനേരം കൂടി ഇരിപ്പിടങ്ങളിൽ ഇരിക്കണം “ അറിയിപ്പുണ്ടായി. അല്പനേരമിരുന്ന ആൾകൂട്ടം ഇരിപ്പിടങ്ങളിൽനിന്നെഴുന്നേറ്റ് മെല്ലെ പുറത്തേക്ക് നടക്കാൻ തുടങ്ങി. എനിക്ക് യേശുദാസിൻ്റെ കയ്യൊപ്പുവേണം!  പോക്കറ്റിൽ നിന്ന് ഓട്ടോഗ്രാഫ് വലിച്ചെടുത്ത് ഞാൻ സ്റ്റേജിനടുത്തേക്ക് ഓടി. ആളുകൾ പുറത്തേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. തിരക്കുണ്ട്. ഞാൻ മെല്ലെ തിരശീല പൊക്കി നോക്കി. സ്റ്റേജിൽ ശ്രീ യേശുദാസിനെ ആരോ പൊന്നാട അണിയിക്കുന്നു. ഒളിഞ്ഞു നോക്കിക്കൊണ്ടു നിന്ന എന്റെ മുതുകിൽ ഒരു കൈ വന്നു വീണു. ഒരു പതുത്ത കൈത്തലം. ഞാൻ ഞെട്ടി. പോലീസ് പിടിച്ചിരിക്കുന്നു. തിരിഞ്ഞു നോക്കാൻ ധൈര്യമില്ല. “എന്താവേണ്ടത്?” ഞാൻ താഴേക്കുതന്നെ നോക്കിക്കൊണ്ട് പറഞ്ഞു “എനിക്ക് ദാസേട്ടന്റെ ഓട്ടോഗ്രാഫ് വേണം” ആഗതൻ ചിരിച്ചു. “എന്റെ കൂടെ വാ…” അയാൾ പറഞ്ഞു. അന്തരീക്ഷത്തിൽ വിലകൂടിയ സ്പ്രേയുടെ ഗന്ധം. കൂടെ നടക്കവേ, ദാസേട്ടൻ അവസാനം പാടിയ കൃതി അയാൾ പതിയെ മൂളുന്നുണ്ട്. ഞാൻ തലതിരിച്ച് അയാളുടെ മുഖത്ത് നോക്കി. തോളിൽ കൈവച്ച് എന്റെ കൂടെ നടക്കുന്നത് മലയാളത്തിലെ പ്രശസ്ത നടൻ അശോകനാണ്!!! “അയ്യോ!” ഞാൻ അറിയാതെ പറഞ്ഞുപോയി. അശോകൻ എന്നെ നോക്കി വീണ്ടും ചിരിച്ചു. 


സ്റ്റേജിൽ ഫോട്ടോ എടുപ്പ് നടക്കുകയായിരുന്നു. ഫോട്ടോ എടുത്തുകഴിഞ്ഞപ്പോൾ അശോകൻ പറഞ്ഞു “നിക്ക്, ഞാൻ ഒന്ന് ചോദിക്കട്ടെ”  ഞാൻ തലയാട്ടി . സാവധാനം ദാസേട്ടനടുത്തെത്തി അശോകൻ അദ്ദേഹത്തെ തൊട്ടുവിളിച്ചു. ഞാനും മെല്ലെ അടുത്തേക്ക് നീങ്ങി. “ഓ… ഇവിടെ എന്താ… ഷൂട്ടിങ് ഉണ്ടായിരുന്നോ?” ദാസേട്ടൻ ചോദിച്ചു. അതെ എന്ന് അശോകൻ തലയാട്ടി. “ഇതാരാ? “ എന്നെ ചൂണ്ടി ദാസേട്ടൻ ചോദിച്ചു. “അതോ.. ഒരു കൂട്ടുകാരനാ …ദാസേട്ടന്റെ ഓട്ടോഗ്രാഫ് വേണമെന്നു പറഞ്ഞു….” അതിനെന്താ എന്ന് ചിരിച്ചുകൊണ്ട് ദാസേട്ടൻ ഓട്ടോഗ്രാഫ് പുസ്തകം വാങ്ങി ഒപ്പുവച്ച് തിരിച്ചു തന്നു. ഹൃദയം നിറഞ്ഞു.. അശോകനും ദാസേട്ടനും പിന്നെ കൊച്ചുവാർത്ത മാനങ്ങളിൽ മുഴുകി. ഞാൻ മെല്ലെ പിന്തിരിഞ്ഞ് പുറത്തേക്ക് നടന്നു. 


ഹാളിനു പുറത്തുകടന്നതും പെട്ടെന്ന് വൈദ്യുതി നിലച്ചു. നഗരമാകെ പാൽ നിലാവ് പരന്നു …. വീഥികളിലാകെ പതഞ്ഞൊഴുകുന്ന ഈ നിലാപ്പാല് എന്റെ ഉള്ളിൽ നിന്നാണോ പതഞ്ഞു പുറപ്പെടുന്നത്?



4. ഇ.എം. എസ്.


ആയിരത്തി തെള്ളായിരത്തി തൊണ്ണൂറ്റി രണ്ട് സെപ്റ്റംബർ പതിനാറിനാണ് ഞാൻ ഇ എം എസ്സിനെ തൊട്ടത്. വോൾട്ടേജി ല്ലാത്തതിനാൽ ഫിലമെൻ്റ് എവിടെ എന്ന് ടോർച്ചടിച്ചു നോക്കേണ്ട അവസ്ഥയിൽ കത്തുകയായിരുന്നു വടകര സ്റ്റേഷനിലെ വിളക്കുകൾ. അത്തരമൊരു വിളക്കിനു താഴെ വച്ചാണ് മഹാൻമാരിൽ മഹാനായ ആ വിപ്ലവകാരിയെ എനിക്ക് സ്പർശിക്കാനായത്. 


പൗണ്ട് സ്റ്റർലിംഗിൻ്റെ വില കുത്തനെ തകർന്നടിഞ്ഞ ദിവസമായിരുന്നു അത്. ബ്ലാക്ക് വെനസ് ഡെ . പക്ഷെ ആ ബുധനാഴ്ച ഞങ്ങളിൽ ചിലർക്ക് ആവേശ ഭരിതമായിരുന്നു. കൊതിച്ച് കൊതിച്ച് കാത്തിരുന്ന് വന്നെത്തിയ ദിവസം. 


ദിയോദർ ട്രോഫി ക്രിക്കറ്റ് മാച്ചിൻ്റെ  ക്വാർട്ടർ ഫൈനൽ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്നത് അന്നാണ്. വെസ്റ്റ് സോണും നോർത്ത് സോണും തമ്മിൽ . ഇന്ത്യൻ ക്രിക്കറ്റിൻ്റെ ചക്രവർത്തിമാരും മഹാരാജാക്കൻമാരും മുഴുവൻ കോഴിക്കോടെത്തുന്ന സുദിനം.  അന്നൊക്കെ സോണുകളായി തിരിച്ചാണ്  ദിയോദർ ട്രോഫി മത്സരങ്ങൾ നടന്നിരുന്നത്. ഇന്ന് ഇന്ത്യ എ ഇന്ത്യ ബി ഇന്ത്യ സി എന്നിങ്ങനെയാണ് തരംതിരിവ് എന്ന് തോന്നുന്നു. വെസ്റ്റ് സോണിൻ്റെ  ക്യാപ്റ്റൻ രവിശാസ്ത്രി ആയിരുന്നു. നോർത്തിൻ്റേത് കപിൽ ദേവും. ഇവരുടെ നേതൃത്വത്തിൻ കീഴിൽ അണിനിരന്നവരാകട്ടെ അന്നും ഇന്നും എന്നും  ലോകക്രിക്കറ്റിലെ മുടി ചൂടാമന്നൻ മാരായ ടെൻ്റുൽക്കർ , മഞ്ജ് രേക്കർ, കാംബ്ലേ , ജാദവ്, മോറേ, ജഡേജ, സിദ്ധു… മുതൽ പേർ. ആവേശക്കടൽ നുരഞ്ഞു പതയാൻ പിന്നെന്ത് വേണം. 


കളിയുടെയന്ന്  അതിരാവിലെ കോർപ്പറേഷൻ സ്റ്റേഡിയത്തിന് മുന്നിൽ സതീർത്ഥ്യ സമാഗമമുണ്ടാകണമെന്ന് കാലേക്കൂട്ടി തീരുമാനിച്ചുറപ്പിച്ചു.  ടിക്കറ്റിൻ്റെ കാര്യമേറ്റത് ഭൂപേഷായിരുന്നു. എന്ത് കാര്യവും ഏറ്റെടുത്താൽ ഉത്തരവാദിത്തത്തോടെ ശുഷ്കാന്തിയോടെ ചെയ്തു തീർക്കുന്നയാളാണ് സകലകലാ വിശാരദനായ ഭൂപേഷ് ; ഇന്നും അങ്ങനെ തന്നെ.  ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് മേൽക്കൂരയില്ലാത്ത പടിഞ്ഞാറെ  ഗാലറിയിൽ ഇരിക്കാനായിരുന്നു. തിരക്കേറും മുമ്പേ കഴിയുന്നത്ര മുന്നിൽ ചെന്നിരിക്കാനാണ് അതികാലത്ത് തന്നെ ഹാജരാവാൻ കൂട്ടായ തീരുമാനമുണ്ടായത്. പറഞ്ഞിട്ടെന്ത് കാര്യം ? സതീഷ് എത്തണ്ടേ? 


ഒടുക്കം എല്ലാരും ഒത്തുകൂടി. ഗാലറിയിൽ ഏറ്റവും മുന്നിലിരിക്കണമെന്ന് ആശിച്ച ഞങ്ങൾക്ക് ഏറ്റവും പിറകിൽ നിന്ന് മൂന്നാമത്തെ വരിയിലാണ് ഇരിക്കാനായത്. സ്റ്റേഡിയത്തിൻ്റെ പച്ചപ്പുൽ വിരിപ്പ് ദൂരെ താഴെ കാണാം. വെള്ള ക്കുപ്പായമിട്ട ആരൊക്കെയോ അങ്ങിങ്ങ് നടക്കുന്നുണ്ട്.

വെയിലറിച്ചു തുടങ്ങി. കോർപ്പറേഷൻ സ്റ്റേഡിയത്തിൻ്റെ പടിഞ്ഞാറേ ഗാലറിക്ക് അന്നുമിന്നും മേൽപ്പുരയില്ല. (സത്യം. കഴിഞ്ഞയാഴ്ച കോഴിക്കോട്ട് പോയപ്പോൾ ഞാൻ നോക്കി ഉറപ്പ് വരുത്തിയതാണ്).  


കളിതുടങ്ങി. വെസ്റ്റ് സോണാണ് ആദ്യം  ബാറ്റിംഗ് തുടങ്ങിയത്. ബൈനോക്കുലറിലൂടെ കളി കണ്ടുകൊണ്ടിരുന്ന ഭൂപേഷും ബാബുവും ബാറ്റു ചെയ്യുന്നത്  രവിശാസ്ത്രീയാണെന്ന് ഞങ്ങളോട് പറഞ്ഞു തന്നു. സ്റ്റേഡിയത്തിൻ്റെ ഒരു വശത്ത് സ്ഥാപിച്ചിരുന്ന കൂറ്റൻ ബോർഡിൽ തകരപ്ലേറ്റുകൾ മാറ്റി മാറ്റി വച്ച് സ്കോർ കാണിച്ചു കൊണ്ടിരുന്നു . ചിലർ ചെവിയിൽ ചേർത്തു പിടിച്ച ട്രാൻസിസ്റ്റർ റേഡിയോവിൽ കമൻ്ററി കേട്ടുകൊണ്ട് കളിക്കളത്തിലേക്ക് ഉറ്റുനോക്കി. 


സ്റ്റേഡിയത്തിലിരുന്ന് ക്രിക്കറ്റ്  കാണുന്നതിൽപരം വിരസമായ ഏർപ്പാട് സ്റ്റേഡിയത്തിലിരുന്ന് ക്രിക്കറ്റ് കാണുക മാത്രമാണെന്ന് മനസ്സിലായ ദിവസമായിരുന്നു. ഓരോ ബാറ്റിംഗ് കഴിയമ്പോഴും ഇപ്പോ റിപ്ലേ വരും എന്ന് മനസ്സ് പറയും. എവിടെ ! ക്രികറ്റ് ആവേശമുള്ള കളിയാകുന്നത് ടി.വി.യിൽ കാണുമ്പോൾ മാത്രമാണ്. റിപ്ലേകളും സ്റ്റാസ്റ്റിക്സും മറ്റുമാണ് അതിനെ ആവേശഭരിതമാക്കുന്നത്. ടി.വിയിൽ അളുകൾ ബഹളമുണ്ടാക്കുന്നതും മറ്റും സ്റ്റേഡിയത്തിലെ പുൽ മൈതാനിയിൽ കളി നേരിട്ട് കണ്ട് ആവേശം പൂണ്ടിട്ടല്ല. സ്റ്റേഡിയത്തിൽ പല ഭാഗത്തായി സ്ഥാപിച്ചിട്ടുള്ള ഭീമാകാരൻ സ്ക്രീനുകളിലെ കളി കണ്ടിട്ടാണ്. പിന്നെ , കുറേ കോപ്രായം കാണിച്ചാൽ ടി.വി. ക്രൂ തങ്ങളെ കവർ ചെയ്യുമെന്ന പ്രതീക്ഷയും ! (ഇത് എൻ്റെ തോന്നലും അഭിപ്രായവുമാണ്. ക്രിക്കറ്റ് ഫാൻസ് ക്ഷോഭിക്കരുത്! ) 


ആറ് റൺസെടുത്ത രവിശാസ്ത്രിയെ മണീന്ദർ സിംഗ് ക്ലീൻ ബൗൾഡാക്കി. നാൽപ്പത്തെട്ട് ഓവർ കളിച്ചപ്പോഴേക്കും വെസ്റ്റ് സോണിലെ എല്ലാരും പുറത്തായി .



കൊടും വെയിൽ ! വെള്ളം കുടിച്ച് കുടിച്ച് വയറ് വീർത്തു.  പാരാമൗണ്ട് ഹോട്ടലുകാർ 25 രൂപക്ക് ഇട നേരത്ത് ബിരിയാണി വിറ്റത് അധികമാരും വാങ്ങിയില്ല. ഇടനേരം കഴിഞ്ഞിറങ്ങിയ നോർത്ത് സോണിൻ്റെ ജഡേജ പൂജ്യത്തിലാണ് കളി തുടങ്ങിയത്. അങ്കോള അങ്ങേരുടെ വിക്കറ്റ് എറിഞ്ഞ് തെറിപ്പിച്ച് കളഞ്ഞു. ഒടുക്കം പക്ഷെ 46.4 ഓവറിൽ 138 റൺസെടുത്ത് അവർ കളി ജയിച്ചു. അപ്പോഴേക്കും ചൂടെടുത്ത് ഇരിക്കപ്പൊറുതിയില്ലാതെ ഞങ്ങൾ പുറത്തേക്കോടി . പാരമൗണ്ട്കാർ ബിരിയാണിയുടെ വില പത്താക്കി കുറച്ചിരുന്നു . ക്രിക്കറ്റിലെ ഘനഗംഭീരൻമാരുടെ ഓട്ടോഗ്രാഫിൻ്റെ കാര്യമൊന്നും മുഖവും ചെവിയും കയ്യും സൂര്യഘാതത്താൽ പൊള്ളി പൊളിഞ്ഞ ഞങ്ങൾ ആലോചിച്ചില്ല .


തിരിച്ച് വീട്ടിലേക്ക് വണ്ടി കേറിയപ്പോഴാണ് വെളിപാടുണ്ടായത്. യോദ്ധാ എന്ന സിനമഇറങ്ങി കുറച്ചു നാളായി . വടകര ഇറങ്ങി കേരളാ കൊയറിൽ പോയി സിനിമ കണ്ട് വീട്ടിലേക്ക് പോകാം . ഒന്നുമില്ലെങ്കിലും എ.സി യുടെ ശീതളിമയിൽ ഒരു പകലിൻ്റെ സൂര്യതാപം മുഴുവനേറ്റ്  പൊള്ളിയ ദേഹം തണുപ്പിക്കുകയെങ്കിലും ചെയ്യാമല്ലോ!


യോദ്ധാ വിചാരിച്ചതിനേക്കാൾ ഗംഭീരമായിരുന്നു. ജഗതിയും ലാലും തകർത്തു. തിയേറ്ററിൽ നിന്നിറങ്ങിയപ്പോഴേക്കും കാലിന് ബലക്ഷയം . നടക്കാൻ നല്ല പ്രയാസം . വേച്ചു വേച്ച് സ്റ്റേഷനിൽ എത്തി . എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് പതിവുപോലെ ഒന്നരമണിക്കൂർ വൈകി ഓടുന്നു .  ചെറിയ ഉറക്കത്തിന് സമയമുണ്ട് . ദൂരെ ഇരുട്ടിലുള്ള സിമൻറ് ബെഞ്ചിൽ പോയി മലർന്നു കിടന്നു. താമസിയാതെ ഉറക്കം വന്ന് തലോടി. 


ഒരു ഗുഡ്സ് വണ്ടി പോകുന്ന കടകടാരവം കേട്ടാണ് ഉണർന്നത് . നേരം കുറെ ആയിരിക്കുന്നു .  എക്സിക്യൂട്ടീവ് പോയോ ആവോ .   പതുക്കെ സ്റ്റേഷൻ ബിൽഡിങ് ലേക്ക് നടന്നു . ബിൽഡിങ്ങിലേക്ക് കയറിയതും , നടക്കാൻ ബുദ്ധിമുട്ടുള്ള ഒരാളെ രണ്ട് പേർ ചേർന്ന് താങ്ങിപ്പിടിച്ച് കൊണ്ടുവരുന്നു. അവരുടെ അടുത്ത് കൂടിയാണ് സമയ ബോർഡിൻറെ സമീപത്തേക്ക് എത്തേണ്ടത്. രണ്ടുപേർ താങ്ങിയിരുന്ന ആ വൃദ്ധനെ ഞാനൊന്നു നോക്കി. നോക്കിയതേ ഓർമ്മയുള്ളൂ . ശരീരം ഒട്ടുമനങ്ങാതെ നിന്നുപോയി .  സഖാവ് ഇ എം എസ് . ഇന്ത്യയുടെ തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ ആചാര്യൻ. ആരും ഒരു തവണയെങ്കിലും നേരിട്ട് കാണണമെന്നാഗ്രഹിക്കുന്ന നയതന്ത്രജ്ഞനായ കേരളത്തിൻ്റെ ആദ്യ മുഖ്യമന്ത്രി. സർവജ്ഞനായ എഴുത്തുകാരൻ . വാഗ്മി . പത്രാധിപർ  . നവകേരള ശില്പി. എളിയ ജീവിതത്തിലൂടെ വൻ കാര്യങ്ങൾ നിവൃത്തിച്ച ധിഷണാശാലി .   മിണ്ടാതെ കണ്ണുമിഴിച്ച് സഖാവിനെ  നോക്കി തറഞ്ഞു നിൽക്കുന്ന എന്നെ സഹായികൾ രൂക്ഷമായി നോക്കി.


  “ എന്തു വേണം? “ ഒരാൾ അരിശത്തോടെ ചോദിച്ചു. 


ഒന്നും മിണ്ടാൻ തോന്നിയില്ല . “ എന്തു വേണമെന്നല്ലേ ചോദിച്ചത്?” ധാർഷ്ഠ്യവും കാർക്കശ്യവും ഇത്തവണ മറ്റേയാൾക്കായിരുന്നു . 


ഓട്ടോഗ്രാഫ് പുസ്തകം നീട്ടി ഞാൻ യാചിച്ചു. ‘’ ഒരൊപ്പ് “


‘“ഒപ്പോ ? എന്തൊപ്പ് ? “ എന്ന് സഖാക്കൾ ഇ.എം. എസിൻ്റെ ഇരുവശത്തുനിന്നും ഐകകണ്ഠേന രൂക്ഷശബ്ദം പുറപ്പെടുവിച്ചു


അന്നേരം നരച്ച പുരികൾക്കുകീഴിൽ കട്ടിക്കണ്ണടക്കുള്ളിലൂടെ ദയാവായ്പ്പിയന്ന നോട്ടം എൻ്റെ മുഖത്ത് വീണു . “ ഞാ.. ഞാനൊന്നിരിക്കട്ടെ “ അദ്ദേഹം പറഞ്ഞു. സ്റ്റേഷൻ മാസ്റ്റർ കൊണ്ടുവന്ന കസേരയിൽ സഹായികൾ സഖാവിനെ ഇരുത്തി . 


എൻ്റെ കയ്യിൽ നിന്ന് ഓട്ടോഗ്രാഫ് പുസ്തകം വാങ്ങി കണ്ണടനേരെയാക്കി അദ്ദേഹം എഴുതി “ യുവസുഹൃത്തിന് അഭിവാദ്യം “  കാല് തൊടാനാഞ്ഞ എന്നെ അദ്ദേഹം വിലക്കി. മുഖത്തു നോക്കി നന്നായി ചിരിച്ചു.


മലബാർ എക്സ്പ്രസ് വരും വരെ ഞാനാ സാന്നിധ്യമനുഭവിച്ച് അടുത്തുനിന്നു . തീവണ്ടിയിൽ കയറാൻ സഹായികളെ സഹായിച്ച് ഞാനാ വലം കയ്യിൽ പിടിച്ചു. ജന്മ സാഫല്യം!


എക്സിക്യൂട്ടീവ് എക്സ്പ്രസ് വീണ്ടുമൊരുപാട് താമസിച്ചാണ് വന്നത്. തീവണ്ടി വരും വരെ മഞ്ഞിറ്റിയ സിമൻ്റ് ബെഞ്ചിലിരുന്ന് ഞാൻ കരഞ്ഞത് എന്തിനായിരുന്നു…




5 കോവിലൻ


കമ്പനി സെക്രട്ടറി ബിരുദം ഇവന് പറഞ്ഞിട്ടില്ലെന്ന് ഒരു മൂന്ന് നാല് തവണ പരീക്ഷകൾ എഴുതിക്കഴിഞ്ഞപ്പോഴേക്ക് മനസ്സിലായി. 


പിന്നെയുള്ള നാളുകൾ  പരപാച്ചിലിൻ്റെതായിരുന്നു. പരപാച്ചിൽ എന്നാൽ പരവേശത്തോടെയും പരിഭ്രമത്തോടെയും കൂടിയുള്ള ഓട്ടം എന്നു വേണമെങ്കിൽ പറയാം. എലിയുടേയും മറ്റും ഓട്ടം ഈ ഗണത്തിൽ പെടുത്താം. 


 പരപാച്ചിൽ എന്ന അപരനാമമുള്ള ഒരാൾ അക്കാലത്ത് അഴിയൂരിൽ ഉണ്ടായിരുന്നു . വിചിത്രങ്ങളായ അപരനാമങ്ങൾ ആദേശത്തിൻ്റെ പ്രത്യേകതയായിരുന്നല്ലോ . ഒരു പക്ഷെ കേരളത്തിലെ എല്ലാ ദേശങ്ങളിലും ഇത്തരത്തിലിലുള്ള അപരനാമങ്ങൾ ഉണ്ടായിരുന്നിരിക്കണം. പൊറ്റക്കാടിൻ്റെ ദേശത്തിൻ്റേയും തെരുവിൻ്റേയും കഥകളിൽ എത്രയെത്രയാണ് അപരനാമക്കാർ ! കുറ്റ്യാടിയിലുമുണ്ടായിരു അപരനാമക്കാർ .


പരപാച്ചിൽ എന്ന് പേരുണ്ടായിരുന്നയാൾ വളരെ ധൃതിപിടിച്ചാണ് എപ്പോഴും നടന്നിരുന്നത്. നാട്ടിലെ സകല ജോലികളും ചെയ്യും . കണ്ടം കിളക്കും ,  വേലിയും മതിലും  കെട്ടും, ചിതയൊരുക്കും, പെയ്ൻ്റടിക്കും. പെയ്ൻ്റ് പണിയായിരുന്നു അദ്ദേഹത്തിൻ്റെ മുഖ്യ ഉദ്യോഗം. ഒക്ടോബർ മാസത്തിൽ മാഹി അമ്മത്രേസ്യാ പുണ്യവതിയുടെ തിരുനാളോടനുബന്ധിച്ച് പള്ളി ചായമടിച്ച് മോടികൂട്ടാനുള്ള ചുമതല പരപാച്ചിലാനായിരുന്നു . ആലോചിക്കുമ്പോൾ തന്നെ കാലിനടിയിൽ ഇക്കിളിയുളവാക്കുന്ന പള്ളിയുടെ കൂർത്തുയർന്ന ഗോപുരത്തിനുമുകളിൽ താങ്ങേതുമില്ലാതെ, കൂസലേതുമില്ലാതെ ഇരുന്ന് പെയ്ൻ്റടിക്കുന്ന പരപാച്ചിലിനെ ഓർമ്മയുണ്ട്. 


എൻ്റെ പരപാച്ചിൽ , ജോലിക്ക് വേണ്ടിയായിരുന്നു. ഏറണാകുളത്തായിരുന്നു അധിക ഇൻ്റർവ്യൂകളും. സ്റ്റർലിംഗ് ട്രീ മാഗ്നം എനൈരു കമ്പനിക്ക് ഞാൻ സെയിൽസ് എക്സിക്യൂട്ടീവിൻ്റെ തസ്തികയി ലേക്ക് ഇൻ്റർവ്യൂവിന് പോയത് ഒരു വലിയ ഫലിതമാണ്. . ഏറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ രാത്രി വൈകി എത്തിച്ചേർന്ന ഒരു തീവണ്ടിയിലെ യാത്രക്കാരനായിരുന്നു ഞാൻ. അവിടെ ഉണ്ടായിരുന്ന ഒരു വൃത്തികെട്ട ലോഡ്ജ് മുറിയിൽ ഞാൻ ആ രാത്രി താമസിച്ചു. 


ഇൻ്റർവ്യൂവിന് എങ്ങനെ പങ്കെടുക്കണം എന്ന് ഒരു ശിക്ഷണവും കിട്ടാതിരുന്ന ഞാൻ പിറ്റേന്ന് കാലത്ത് ഇൻസേർട്ട് ചെയ്യാത്ത കുപ്പായവും ഹവായ് ചെരിപ്പുമായി പരമാര റോട്ടിലുള്ള ഹോട്ടൽ പ്രസിഡൻസിയിൽ ചെന്നു. അവിടെ ചെന്നപ്പോൾ ഞാൻ ശരിക്കും ഞെട്ടി. എല്ലാരും ഷൂസണിഞ്ഞവർ , ടൈ കെട്ടിയവർ. എന്താണെന്നറിയില്ല, അജ്ഞതയുടെ  ബലത്താലാവണം ; എനിക്ക് ഭയമേതും തോന്നിയില്ല . ടൈകെട്ടിയവൻമാരേക്കാളൊക്കെ താഴ്ന്ന ഒരു പണിക്കാണ് ഞാൻ ചെന്നതെന്ന ഒരു ചിന്ത എന്നിൽ  ബലപ്പെട്ടു. ഹവായ് ചെരിപ്പണിഞ്ഞ എൻ്റെ പാദങ്ങളിൽ നോക്കി പുച്ഛച്ചിരി ചിരിച്ച യുവസുന്ദരൻ്റെ ചിരി ഞാൻ അവഗണിച്ചു.  അവൻ്റെ ഷൂസിനടിയിൽ ന്തെരിഞ്ഞമർന്നണല്ലോ ഞാൻ തേക്കും മാഞ്ചിയവും വിൽക്കേണ്ടത്! 


ഇൻ്റർവ്യൂവിന് എൻ്റെ ഊഴമായി. രണ്ടു പേരാണ് എന്നെ ഇൻ്റർവ്യൂ ചെയ്തത്. ഒരാൾ ഉദാരൻ . മറ്റെയാൾ ക്രൂരൻ. ക്രൂരനാണ് ചോദ്യങ്ങൾ ചോദിച്ചത്. ആദ്യത്തെ ചോദ്യം ….” dont you believe in shoes and a neck tie?” അയാൾ ക്രുദ്ധനായി ചോദിച്ചു. എന്ത് മറുപടിയാണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. “ Sir, shoes… yes, i believe… since it is raining I preferre to wear a … “    “ Shut up” അയാൾ ഗർജിച്ചു. സഹതാപിയായ മനുഷ്യൻ എന്നെ നോക്കി. എന്നിട്ട് പറഞ്ഞു.. “ മോൻ പൊയ്ക്കോളൂ” എങ്ങനെ ഇൻ്റർവ്യൂവിന് പോകണമെന്ന് എന്നെ പഠിപ്പിച്ചത് ആ അനുഭവമായിരുന്നു. 


ഞാനെന്നെയും എൻ്റെ ജൻമത്തെയും ഒരുപാട് കോടി തവണ ശപിച്ചതും അന്നായിരുന്നു . ഒരു പക്ഷെ അന്ന് തുടങ്ങിയതാവണം ഇന്നും തുടരുന്ന എൻ്റെ ഋണാത്മക സ്വയഭാഷണം.


ഇൻ്റർവ്യൂകൾ വീണ്ടും വന്നു. ലതർ ഷൂവാങ്ങാൻ പണം തികയാത്തതിനാൽ ഞാൻ പ്ലാസ്റ്റിക് ഷൂകളും വില കുറഞ്ഞ ടൈയും വാങ്ങി . ഏറണാകുളത്തും കോഴിക്കോടും നൂറു കണക്കിന് ഇൻ്റർവ്യൂകൾ…. ഒരിക്കലും സ്വയത്തിൽ വിശ്വാസമില്ലാത്ത എനിക്ക് ജോലിയൊന്നും കിട്ടിയില്ല. 


അങ്ങനെ ഒരു വൈന്നേരം താപത്രയ വിനാശകാരിയായ ഭഗവാങ്കൽ സ്വയം അർപ്പിച്ച്  ഏറണാകുളം സൗത്ത് സ്റ്റേഷനിലിരിക്കവെയാണ് ആ മനുഷ്യനെ ഞാൻ കണ്ടത്. 


വെള്ളവസ്ത്രമാണെന്ന ധാരണയിൽ ഉജാല വയലറ്റ് മുക്കിയ ഖദർ കുപ്പായവും മുണ്ടുമണിഞ്ഞ ഒരാൾ .  കയ്യിൽ ഒരു സൂട്കേസ് തൂക്കിപ്പിടിച്ചിട്ടുണ്ട് . തോളിലൊരു തുണി സഞ്ചി. ഞാൻ ഓടി അടുത്തു ചെന്നു നിന്ന് കിതച്ചു . “കോവിലൻ സാറല്ലേ? “ “ അതേലോ “ എന്ന വാത്സല്യം പുരട്ടിയ ചിരി . ഞങ്ങളുടെ മൊകേരിക്കോളേജിൻ്റെ പ്രിൻസിപ്പാൾ യുവാവായ വൃദ്ധൻ എന്ന് വിളിച്ചിരുന്ന ധിഷണാശാലിയായ എഴുത്തുകാരൻ .  മൾബറി പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലൂടെ അടുത്തറിഞ്ഞ ധിക്കാരി . 


തുടർന്ന് പറയാൻ എനിക്ക് വാക്കുകളുണ്ടായില്ല . ആ സാനിധ്യത്തിൽ അമർത്തിരുന്നു. ആ വിരലുകൾ എൻ്റെ കൈ തലോടി. ഒന്നും മിണ്ടാത്ത കുറേ നേരം.


ഞാൻ വെറുതേ ചോദിച്ചു . “ സാറെന്താ ഏറണാകുളത്ത്?”  അദ്ദേഹം വാചാലനായി . “ ഹൈക്കോടതിയിൽ വന്നതാ. സ്വത്ത് തർക്കം. കുടുംബക്കാര് തന്നെ കക്ഷികൾ..” ബീഡി കത്തിച്ച് പുകവിട്ട് അദ്ദേഹം കുറേനേരം നെഞ്ച് പൊത്തി ചുമച്ചു. ഈ നെഞ്ചു പൊത്തിച്ചുമ എവിടെയൊക്കെയോ വായിച്ചതോർത്തു. ചുമക്ക് ശേഷം  തുടർന്നു. “ കേസിൻ്റെ കാര്യത്തിന് ഇടക്കിടെയുണ്ട് ഈ വരവ്, ഏറണാകുളത്തേക്ക് … കുട്ടി യെന്തേ വന്നത്?” 


 ഞാൻ എൻ്റെ കഥ മുഴുവൻ പറഞ്ഞു.   അപ്പോഴേക്കും തീവണ്ടിയുടെ വരമായി . “ ധിക്കാരിയാകൂ കുട്ടി… ഓരാൾക്കു മുമ്പിലും തലതാഴ്കാതിരിക്കൂ… “ കോവിലൻ പറഞ്ഞു. ഇന്നുവരെ പാലിക്കാനാവാത്ത ഉപദേശം . 

 

തീവണ്ടി വന്നു. ഞാൻ ആ സൂട്ട്കേസ് എടുത്ത് അദ്ദേഹം റിസർവ് ചെയ്ത കമ്പാർട്ട്മെൻ്റിന് നേരെ നടക്കാനാഞ്ഞു. “ വേണ്ട കുട്ടീ . യാത്രയിൽ കൂട്ടുകാരെ ഞാനാഗ്രഹിക്കുന്നില്ല . “  ഞാൻ വല്ലാതായി . വല്ലായ്മ മറച്ചു വച്ച് ഓട്ടോഗ്രാഫ് പുസ്തകം ഞാൻ നീട്ടി . “ ഒരൊപ്പ് “ 


എൻ്റെ കൈ കരുണാലേശമെന്യേ തട്ടി മാറ്റി ആ മഹാ ധിക്കാരി തൻ്റെ കമ്പാർട്ട്മെൻ്റിന് നേരെ നടന്നു. എന്നെ ഒട്ടും പരിഗണിക്കാതെ…


കോവിലൻ എൻ്റെ ഏറ്റവും പ്രിയനായ എഴുത്തുകാരനാവുന്നത് , എനിക്കില്ലാത്ത ഒരു വിശേഷം അദ്ദേഹത്തിനുള്ളതിനാലാണ്.


ധിക്കാരി.



ഇനി തുടരാൻ ഓട്ടോഗ്രാഫിൽ താളുകളില്ല !


ഒരു പാട് കാലം നിധി പോലെ ഞാൻ ആ കുഞ്ഞുപുസ്തകം കാത്തു വച്ചിരുന്നു. പിന്നെ അന്തമില്ലാത്ത പരപാച്ചലിനിടക്കെവിടെയോ അത് കളഞ്ഞു പോയി.

Thursday, March 10, 2022

മൂന്ന് പുസ്തകങ്ങൾ

"രമയുടെ നിദ്രകൾ ആകാശചാരികളായ മാന്ത്രികൻമാരെക്കൊണ്ട് നിറഞ്ഞു. പറക്കുന്ന ദർവീസുകൾ. കറുത്ത മേലങ്കിയുടെ പട്ടുചിറകുകൾ വിടർത്തി മലമുടികളിൽ നിന്ന് മലമുടികളിലേക്ക് പറന്നു വീണ് അവർ അമർത്യതയുടെ തീർത്ഥങ്ങൾ തേടി." 

പ്രവാചകൻ്റെ വഴിയിലെ രമയുടേതു പോലെ എൻ്റെ സ്വപ്നങ്ങളിലും ദർവീസുകൾ നിറയുന്നു. കറുത്ത അങ്കിയണിഞ്ഞ, ദീർഘകായനായ ഒരു ദർവീസ് ഒഴുകുന്ന താടിയും തോളറ്റം വരെ വീണു കിടക്കുന്ന തിളങ്ങുന്ന കറുത്ത മുടിയും കാറ്റിലിളക്കിക്കൊണ്ട് എൻ്റെയുള്ളിൽ കുറേ നാളുകളായി നൃത്തം ചെയ്യുന്നു. ഉറക്കമുണർന്നാലും സ്വപ്നമാകെ നിറഞ്ഞു മുഴങ്ങിയ തന്ത്രി വാദ്യ സംഗീതം വിടാതെ മുഴങ്ങുന്നു. പകലുകളിലും അവൻ്റെ സാനിധ്യം ദൃശ്യമായും ശബ്ദമായും ഗന്ധമായും ഞാനനുഭവിക്കുന്നുണ്ട്. അയാൾക്ക് ഷംസ് ഓഫ് തബ്രീസിൻ്റെ രൂപമാണെന്ന് മനസ്സ് പറയുന്നു.

Elif Shafak  എന്ന Turkish-British നോവലിസ്റ്റിന്റെ The Forty Rules of Love എന്ന നോവലാണ് ഇങ്ങനെ ഒരവസ്ഥക്ക് തുടക്കമിട്ടതെന്ന് തോന്നുന്നു. ഷംസ് ഓഫ് തബ്രിസും ജലാലുദ്ദീൻ റൂമിയും തമ്മിലുള്ള സമാനതകളില്ലാത്ത ദിവ്യബന്ധത്തെയാണ് ഈ നോവൽ ചർച്ച ചെയ്യുന്നത്. 

ജനുവരി രണ്ടാം പകുതിമുതൽ വായനയുടെ ദിവ്യവസന്തത്തിലേക്ക് മറ്റെല്ലാ ഉത്സവങ്ങളും നിർത്തി ഞാനെന്നെത്തന്നെ സമർപ്പിച്ചിരിക്കുകയാണല്ലോ!

രണ്ട് കാലഘട്ടങ്ങളിൽ നടക്കുന്ന രണ്ടു കഥകൾ സമാന്തരമായി പറഞ്ഞു പോവുകയാണ് ഫോർട്ടി റൂൾസിൽ നോവലിസ്റ്റ് ചെയ്യുന്നത്. രണ്ടായിരത്തി എട്ടിൽ ലണ്ടനിലെ നോർത്ത് ഹാംപ്റ്റണിൽ ജീവിക്കുന്ന എല്ലയുടേയും പതിമൂന്നാം നൂറ്റാണ്ടിൽ കോന്യയിൽ ജീവിക്കുന്ന ഷംസിൻ്റേയും റൂമിയുടേയും രണ്ട് കഥകൾ.

പല കാരണങ്ങളാൽ വൈഷമ്യമനുഭവിക്കുന്ന ഒരു സാധാരണ വീട്ടമ്മയാണ് എല്ല. അവർക്ക് ഭർത്താവും കൗമാര പ്രായക്കാരായ മക്കളുമുണ്ട്. മക്കൾ തന്നിൽ നിന്ന് അകലുന്നതും ഭർത്താവ് തന്നോട് അവിശ്വസ്ഥനാവുന്നതും അടുക്കളയും കുക്കറി ക്ലാസുകളും മാത്രമായി കഴിയുന്ന എല്ല അറിയുന്നുണ്ട്. വിരസതയിൽ നിന്ന് രക്ഷപ്പെടാൻ ഒരു പബ്ലിഷിംഗ് കമ്പനിക്കു വേണ്ടി കയ്യെഴുത്തുപ്രതികൾ വായിക്കുന്ന ജോലി എല്ല സ്വീകരിക്കുന്നു. ആ കമ്പനി വായിക്കാനായി നൽകിയ ഒരു നോവലിൻ്റെ കയ്യെഴുത്തുപ്രതിയിലൂടെ എല്ല, സൂഫിസത്തെ പരിചയപ്പെടുകയാണ്.  "Sweet blasphemy" എന്ന ഈ നോവൽ പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ സൂഫിയും ദർവിസുമായ ഷംസ് ഓഫ് തബ്രിസും ജലാലുദ്ദീൻ റൂമിയും തമ്മിലുള്ള സ്നേഹ ബന്ധത്തിൻ്റേയും, ഷംസുമായി ചേർന്ന ശേഷം റൂമിയിൽ വന്ന മാറ്റങ്ങളുടേയും, അവരുടെ വേർപാട് റൂമിയിലുണ്ടാക്കിയ പരിവർത്തനങ്ങളുടേയും കഥ പറയുന്നതാണ്.  ഈ നോവലിൻ്റെ വായന എല്ലയുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു. 

ഒരുപുറം വായിച്ചാൽ നിർത്താനാവാതെ വായിച്ചു പോകും വിധം സമർത്ഥമായാണ് എലിഫ് ഷഫാക്ക് ഈ നോവൽ എഴുതിയിരിക്കുന്നത്. സൂഫിസത്തിൻ്റെ പവിത്രത ഒട്ടും കളങ്കപ്പെടുത്താതെ അതിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഈ നോവൽ സഹായിക്കും. 

പുസ്തകത്തിന് ഒരു മനോഹാരിത കൂടിയുണ്ട്. എല്ലാ അദ്ധ്യായവും ആരംഭിക്കുന്നത് B എന്ന അക്ഷരത്തിലാണ്. വിശുദ്ധ ഖുർആനിലെ പ്രഥമാദ്ധ്യായമായ അൽ ഫാത്തിഹ  ആരംഭിക്കുന്ന ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന വാക്യത്തെ ഓർത്തുകൊണ്ട്!

ജീവിതത്തിലൊരിക്കലും മറക്കാനിടയില്ലാത്ത വായനാനുഭവത്തിലൂടെ , The Forty Rules ലൂടെ, നോർത്ത് ഹാംപ്റ്റണിലെ പ്രൗഢമായ വില്ലയിലൂടെ, സമർകൻഡിലെ സത്രത്തിലൂടെ, ബാഗ്ദാദിലെ ഐശ്വര്യങ്ങളിലൂടെ, റൂമി പ്രഭാഷണം നടത്തുന്ന കോന്യയിലെ പള്ളിയിലൂടെ, സുലൈമാൻ മദ്യപിക്കുന്ന മദ്യശാലയിലൂടെ, വേശ്യാ തെരുവിലൂടെ, റൂമിയുടെ ഭവനത്തിലൂടെ ഷംസിനോടൊപ്പം അലയുകയായിരുന്ന നാളുകളിലാണ്, സുഹൃത്തും വഴികാട്ടിയുമായ Hasnain  Waris എഴുതിയ S for Sufi എന്ന മനോജ്ഞ ഗ്രന്ഥം കയ്യിലെത്തിയത്. 

ഒരു പാട് നാളായി കാത്തിരുന്ന പുസ്തകമാണ്. കൃത്യമായി പറഞ്ഞാൽ രണ്ടു വർഷം. 2020 ജൂണിലാണ് ഞാൻ ഹസ്നൈനെ പരിചയപ്പെടുന്നത്.

2020 മാർച്ച് ഇരുപത്തി നാലിന്  രാജ്യയമൊന്നാകെ അടച്ചുപൂട്ടി. അതിനുമുമ്പേ തന്നെ കേരളം അടച്ചുപൂട്ടിയതുപോലെയായിരുന്നു.
തുടക്കത്തിൽ കൗതുകമായിരുന്നു. പിന്നെ കുറച്ചു ദിവസം സന്തോഷം. സാധനങ്ങളും സർവീസുകളും വീട്ടു പടിക്കൽ എത്തുന്നു. രാവിലെയും വൈകീട്ടും വ്യായാമം. ഓഫീസിൽ പോകേണ്ട . വീട്ടിലിരുന്ന്  പണിചെയ്താൽ മതി. എല്ലാം കൊണ്ടും സുഭഗ  സുന്ദരമായ കുറച്ചു നാളുകൾ.
അതുകഴിഞ്ഞപ്പോഴാണ് ശരിക്കുമുള്ള കാര്യം വെളിവായിത്തുടങ്ങിയത്. എന്തെന്നില്ലാത്ത ആധി . ആരോടും ഒരഞ്ചുമിനിട്ടിൽ കൂടുതൽ പറയാൻ വിഷയങ്ങൾ ഇല്ലാതായി. പാട്ടുകേൾക്കാൻ, കഥവായിക്കാൻ ഉത്സാഹം തോന്നുന്നില്ല. മഹാമാരി  കാർമേഘംപോലെ അന്തരീക്ഷത്തിൽ തിങ്ങി തൂങ്ങി നിന്നു . എന്നും വൈകീട്ട് ഭരണാധികാരിയുടെ കണക്കവതരണം. ടീവിയിൽ നിറയെ ആംബുലൻസുകൾ. മരണക്കണക്കുകൾ. ഒരുങ്ങുന്ന  കോവിഡ് കേന്ദ്രങ്ങൾ. 

കാണെക്കാണെ എന്റെ മനസ്സാകെ മൂടിക്കെട്ടാൻ തുടങ്ങി.
വിഷാദരോഗത്തിന്റെ കറുത്ത രേഖകൾ ഉള്ളിലേക്കിറങ്ങിയാഴ്ന്നു. ഒന്നിനും ഉത്സാഹമില്ലാതെയായി. ജീവിതത്തിന്റെ കറുപ്പു മാത്രം തുറിച്ചുനോക്കി. എങ്ങും ഇരുട്ട്. തൊട്ടതിനും പിടിച്ചതിനും ദേഷ്യം. കൈവെക്കുന്നതെല്ലാം പരാജയം. എവിടെയും സന്തോഷത്തിന്റെ കണം പോലുമില്ല. 

ആ സമയത്താണ് ശ്രീ ഹസ്നൈൻ വാരിസിൻ്റെ ഒരു പോസ്റ്റ് യാദൃശ്ചികമായി ഫേസ് ബുക്കിൽ കാണാനിടയായത്. എൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരം ഇദ്ദേഹത്തിൻ്റെ കയ്യിലുണ്ടെന്ന് എനിക്ക് തോന്നി. ഒരുപാടു നേരം ഞങ്ങൾ ടെലഫോണിൽ സംസാരിച്ചു. സംസാരത്തിനൊടുവിൽ പരിഹാരം ഓഷോ പറയുമ്പോലെ തന്നെയാണെന്ന് മനസ്സിലായി. "പ്രശ്നങ്ങൾ പലതാണ്. പോംവഴി ഒന്നു മാത്രം. ധ്യാനം." അകത്തേക്ക് നോക്കൽ. സ്വന്തം  ഉള്ളിലേക്ക് സാകൂതം കണ്ണയക്കൽ. 

ശ്രീ വാരിസ് നയിച്ചിരുന്ന 'ദി സർക്കിൾ' എന്ന വെബ് മീറ്റിംഗിലേക്ക് എനിക്ക് ക്ഷണം കിട്ടി. അവിടെ ഞങ്ങൾ 'ഹഖ് ' എന്താണെന്നും 'നഫ്സ് ' എന്താണെന്നും 'ഷെയ്ക്ക് ' ആരാണെന്നും തുടങ്ങി സൂഫി ജീവിതത്തിൻ്റെ അടിസ്ഥാന തത്വങ്ങളെല്ലാം ആഴ്ചകൾ തോറും ചർച്ച ചെയ്തു.  കൗമാരക്കാരനായിരുന്ന അമീർ ഖുസ്രു ഒരു ഹോളി ദിവസം  തൻ്റെ ഷെയ്ഖ്, അസ്റത്ത് നിസാമുദ്ദീൻ ഔലിയായെ കണ്ടു മുട്ടിയ സന്തോഷത്തിൽ എഴുതിയ "ആജ് രംഗ് ഹേ രീ മാ..." എന്ന കലാം അറിയാവുന്ന പോലെ നീട്ടിപ്പാടി! നസറുദ്ദീൻ ഹോജായുടെ ഫലിതങ്ങളിൽ ജീവിതത്തിൻ്റെ അന്തസത്തയാകെ വെളിവായി!

 ഇപ്പോഴിതാ ഹസ് നെയിൻ്റെ പുസ്തകം. 

എന്തുകൊണ്ടും സൂഫിസത്തിനെ കുറിച്ച് പുസ്തകമെഴുതാൻ യോഗ്യനാണ് ശീ വാരിസ് എന്ന് അദ്ദേഹവുമായി ഇടപഴകിയ ഏതാനും ആഴ്ചകൾ കൊണ്ട് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. വെറുതെ സൂഫിസത്തെ ക്കുറിച്ച് പറഞ്ഞു പോവുക മാത്രമല്ല അദ്ദേഹം തൻ്റെ മീറ്റിംഗുകളിൽ ചെയ്തത്. എല്ലാ മതങ്ങളുടെ മിസ്റ്റിക്  രീതികളും എങ്ങനെ പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്നുവെന്നും എങ്ങനെ പരസ്പരപൂരകങ്ങളാവുന്നുവെന്നും അദ്ദേഹം കാട്ടിത്തന്നു. രമണമഹർഷിയും ഓഷോയും ശ്രീരാമകൃഷ്ണ പരമഹംസരും സൂഫികളല്ലാതെ വേറെയാരാണെന്ന് ആത്മീയതയുടെ അമൃതം പുരണ്ട ആ സന്ധ്യകളിൽ വാരിസ് ചോദിക്കുമായിരുന്നു. 

 ഹസ്റത്ത് റോഷൻ ഷാ വാർസിയുടെ ശിഷ്യനായ ശ്രീ വാരിസ് ഇളം പ്രായത്തിൽ തന്നെ ആത്മീയതയിൽ ആകൃഷ്ടനായിരുന്നു. ഡെൽഹി പോലൊരു മെട്രോ നഗരത്തിൽ, മറ്റു കുട്ടികൾ കളികളിൽ ഏർപ്പെടുമ്പോൾ പള്ളിയിൽ സത്സംഗമേറ്റിരിക്കാനായിരുന്നു വാരിസിന് താത്പര്യം. 2013 ൽ മുഴുസമയ ജോലി രാജി വച്ച്,  അദ്ദേഹം സ്വന്തം താത്പര്യം പിൻതുടരാൻ തീരുമാനിക്കുകയായിരുന്നു. സർക്കിൾ മീറ്റിംഗുകളിലൂടെ, വർക്ക്ഷോപ്പുകളിലൂടെ, കോർപ്പറേറ്റുകൾക്കും, വ്യക്തികൾക്കും നൽകുന്ന കോച്ചിംഗിലൂടെ അദ്ദേഹം സൂഫിസത്തിൻ്റെ നറുനിലാവ്  വിതറുന്നു .

S for Sufi സൂഫിസത്തിനെക്കുറിച്ച് ഒരാൾ അറിയേണ്ടതെല്ലാം അടങ്ങിയ ഒരു ചെറു ഗ്രന്ഥമാണ്.  ചിത്രങ്ങളിലൂടെ , കൊച്ചു കഥകളിലൂടെ, അതി ഗഹനമായ സൂഫി തത്വങ്ങൾ അതി സരളമായി അദ്ദേഹം പങ്കുവെക്കുന്നു.  താനറിഞ്ഞ മഹത്തായ കാര്യങ്ങൾ ആരുമറിയാതെ ഒളിച്ചുവെക്കുന്നവനല്ല മറിച്ച് അത് ലോകരെയെല്ലാം അറിയിക്കുന്നവനാണ് യഥാർത്ഥ ഈശ്വര പ്രേമി എന്ന് അദ്ദേഹം തൻ്റെ ഗ്രന്ഥത്തിലൂടെ പ്രസ്ഥാവിക്കുന്നു. 

എന്നെ രസിപ്പിച്ചത് വേറൊരു കാര്യമാണ്. പുസ്തകത്തിൻ്റെ അവസാനം, തുടർ വായനക്കായി വാരിസ് കുറേ പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് കൊടുത്തിട്ടുണ്ട്. അതിൽ ഏറ്റവും ആദ്യത്തെ പുസ്തകം ഏതാണെന്നോ? എലിഫ് ഷഫാക്കിൻ്റെ ഫോർട്ടി റൂൾസ് ഓഫ് ലൗ!

എസ് ഫോർ സൂഫി വായിച്ചു കഴിഞ്ഞില്ല, കെ.ടി. സൂപ്പി മാഷിൻ്റെ ഏറ്റവും പുതിയ പുസ്തകം കയ്യിലെത്തി. ജലാലുദ്ദീൻ റൂമി, ജീവിതവും കാലവും.

സൂപ്പി മാഷിനെ എത്രകാലമായി ഞാനറിയുന്നു! സൂഫി എന്ന വാക്ക് ഒരു പക്ഷെ അതിൻ്റെ പൂർണ്ണ അർത്ഥത്തിൽ ഞാൻ രണ്ടാമത്  കേൾക്കുന്നത്  സൂപ്പി മാഷിൽ നിന്നാണ്. ഒന്നാമത് ഓഷോയിൽ നിന്നും മൂന്നാമത് ഹസ്നൈനിൽ നിന്നും.

പാറക്കടവിലെ അദ്ദേഹത്തിൻ്റെ വീട്ടിൻ്റെ ഉമ്മറക്കോലായിലിരുന്ന്  ഞങ്ങൾ റൂമിയെക്കുറിച്ചും ഇസ്ലാമിൻ്റെ മിസ്റ്റിസിസത്തെ കുറിച്ചും എത്ര രാവുകൾ ചർച്ച ചെയ്തില്ല ! ഈ പുസ്തകം ഏറെ വൈകിയെന്നേ എനിക്ക് തോനുന്നുള്ളൂ. സൂഫിസവും, റൂമിയും , കവിതയും, ഖുർ ആനും തന്നെയല്ലേ സൂപ്പി മാഷിൻ്റെ ജീവിതം! 

 റൂമിയെ കുറിച്ച്, അദ്ദേഹ ത്തിൻ്റെ പിതാവിനെക്കുറിച്ച്, പുത്രനെ കുറിച്ച്, ഷംസ് തബ് രീസിനെ ക്കുറിച്ച് മാഷ് വിശദമായി തൻ്റെ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. കൂടാതെ, ദിവാൻ - ഇ ശംസ് തബ് രീസ്, മസ്നവി, ഫീ ഹീ മാഫീ ഹീ എന്നീ റൂമി കൃതികളെക്കുറിച്ച് പ്രതിപാദിക്കാൻ വേറെ വേറെ അദ്ധ്യായങ്ങളും! ഈ അദ്ധ്യായങ്ങളിൽ കൃതികളെ മനോഹരമായി വിശകലനം ചെയ്യുക മാത്രമല്ല, ആത്മീയാന്വേഷണത്തിൽ ഇവ എത്ര പ്രാധാന്യമർഹിക്കുന്നുവെന്ന് കാണിച്ചു തരാനെന്നോണം പ്രധാനപ്പെട്ട ചില ഗസലുകൾ പരിഭാഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു.  മാഷ് ഈ പുസ്തകത്തിനായി  ഒരു പാട് ഗവേഷണം നടത്തിയിട്ടുണ്ടെന്നത് തീർച്ച. പുസ്തകാവസാനം ദിവാനിൽ നിന്നുള്ള ചില കവിതകളുടെ ഭാവ സമ്പന്നമായ വിവർത്തനവും വായിക്കാം. മാഷ് ആത്യന്തികമായി, കവിയാണല്ലോ!

ജീവിതവും കാലവും വായിച്ചു തിരുന്നതോടെ ഫെബ്രുവരി ആദ്യവാരം മുതൽ ഫോർട്ടി റൂൾസ് ഓഫ് ലിവിലൂടെയും എസ് ഫോർ സൂഫിയിലൂടെയും ഞാൻ നടത്തിയ ആത്മീയ സഞ്ചാരം പൂർണ്ണ മാവുന്നു.. അതോ കൂടുതൽ ആഴത്തിലേക്കുള്ള യാത്രക്ക് തുടക്കമോ !

വായനോത്സവത്തിന് തുടക്കമായി വായിച്ച രണ്ടു  പുസ്തങ്ങളെ, ഇടിവെട്ടുപോലെ, മിന്ന പിണർ പോലെ ഉലച്ചു കളഞ്ഞ രണ്ടു പുസ്തകങ്ങളെക്കൂടി പറയാതെ ഈ കുറിപ്പ് പൂർണ്ണമാവില്ല. അവയെക്കുറിച്ച് എഴുതാൻ ത്രാണി പോരാത്ത ഈ അൽപ്പപ്രാണി ആ മഹദ്ഗ്രന്ഥങ്ങളുടെ പേരുകൾ മാത്രം കുറിക്കട്ടെ!

The Life of Milarepa - Tsangnyön Heruka

കർണ്ണൻ - ശിവാജി ഗോവിന്ദ് സാവന്ത്.

ഖുദാ സംഛ് താഹെ

ജീവിതത്തിൽ വിജയിക്കണമെങ്കിൽ ബിസിനസ്സ് ചെയ്തേ പറ്റൂ എന്നായിരുന്നു 1999 പകുതിയായപ്പോൾ ഉള്ള ബോധ്യം. കല്യാണം കഴിഞ്ഞ് അധികമായിരുന്നില്ല. കാശ് വേണം.  ജോലി ചെയ്തു കൊണ്ടിരുന്നാൽ കാശുണ്ടാവുകയില്ലെന്ന് മണിക്കൂറുകൾ നീണ്ട ചർച്ചകളിലൂടെ ഒരാത്മ സുഹൃത്ത് എനിക്ക് മനസ്സിലാക്കിത്തന്നു. ഒട്ടും അമാന്തിച്ചില്ല, കയ്യിലുള്ള പണവും ഭാര്യയുടെ ആഭരണങ്ങളും ബിസിനസ്സിൽ കയറി. ആറു മാസം കഴിഞ്ഞില്ല; കയറിയ വേഗത്തിൽ ഇറങ്ങിപ്പോരികയും ചെയ്തു. 

പാർട്ട്ണർഷിപ്പ് പിരിഞ്ഞ് അനാഥത്വത്തിൻ്റെ പെരുവഴിയിൽ ജോലി തേടി നടപ്പായി. വേനൽ, കൊടും വേനൽ. വിൽപ്പനക്കാരൻ്റെ ജോലി ഒന്നു രണ്ടിടങ്ങളിൽ പരീക്ഷിച്ചു. വിജയിച്ചില്ല. ഒടുക്കം കോഴിക്കോട് റെയിൽവേ സ്റ്റേഷനടുത്ത് ഒരു കമ്പനിയിൽ ജോലിയായി. വിൽപ്പനക്കാരൻ തന്നെ. കേരളം മുഴുവൻ നടന്ന് പോളിയെസ്റ്റർ ഫിലിം വിൽക്കണം. കണക്കെഴുതണം. മറ്റ് എഴുത്തുക്കുത്തുകൾ നടത്തണം.  ശമ്പളം തുച്ഛം. ദൈവത്തിൻ്റെ സ്വന്തം രാജ്യം മുഴുവൻ ചുറ്റിയടിച്ചു നടക്കുന്നതിനിടയിലൊരു നാൾ സുഹൃത്തായ സുബൈറിനെ ഏറെക്കാലത്തിനുശേഷം കണ്ടു മുട്ടി.  കേരളത്തിലാകെ ന്യൂ ജെനറേഷൻ ബാങ്കുകളുടെ ശാഖകൾ വന്നു കൊണ്ടിരുന്ന കാലമായിരുന്നു. അത്തരം ബാങ്കുകൾക്ക് എ.ടി.എം യന്ത്രങ്ങൾ ഘടിപ്പിച്ചു കൊടുക്കുന്ന പണിയായിരുന്നു സുബൈറിന്.കേരളത്തിലെ ബാങ്ക് മുതലാളിമാരോടെല്ലാം അടുത്ത സുഹൃദം. അവൻ വശം കൊടുത്തയച്ച എൻ്റെ ബയോഡാറ്റ ഒരു ബാങ്കിൻ്റെ ആളുകൾക്ക് ഇഷ്ടമായി. ഇൻ്റെർവ്യൂ കഴിഞ്ഞ് മാർക്കെറ്റിംഗ് ട്രെയിനി എന്ന തസ്തികയിൽ താത്ക്കാലിക നിയമനമായി. ഇതിൽ ഞാൻ കാണിക്കുന്ന പ്രാവീണ്യത്താൽ മേലധികാരി എന്നോട് പ്രണയ വിവശനായാൽ ജോലി ചെലപ്പോൾ സ്ഥിരമായേക്കും. പ്രണയിപ്പിക്കാനുള്ള പരിശ്രമം ആരംഭിച്ചു. ഒരു മാസം ചുരുങ്ങിയത് 40 എക്കൗണ്ടുകൾ ഉണ്ടാക്കണം. എന്നാൽ കയ്യിൽ കിട്ടുന്ന നാലായിരത്തിനോടൊപ്പം അല്പമെന്തെങ്കിലും കൂടുതൽ ലഭിക്കും. ഇക്കാലത്തെ MBA ക്കാരോട് പറഞ്ഞു നോക്കണം! അപ്പോഴറിയാം പരാക്രമം. മർക്കട സമാനം അടുത്ത വൃക്ഷത്തിലേക്ക് ചാടുകയായി. ഇഷ്ടം പോലെ ഉണ്ടല്ലോ വൃക്ഷങ്ങൾ. സമർത്ഥ വാനരരാകട്ടെ ഒരു റെയർ കമോഡിറ്റിയും! നാൽപ്പതും അതിലപ്പുറവും എക്കൗണ്ടുകൾ മാസാമാസമുണ്ടാക്കിയിട്ടും മേലധികാരികൾക്ക്‌ പ്രിയം എൻ്റെ കൂടെ പണിയെടുത്തിരുന്ന കോഴിക്കോട്ടങ്ങാടിലെ പ്രഭുകുമാരൻമാരോട് തന്നെ ആയിരുന്നു. ഒടുക്കമായപ്പോൾ മറ്റു നിർവാഹമില്ലാത്തതിനാൽ ഒരു സ്ഥിര നിയമനോത്തരവ് അവർ എനിക്കും തന്നു. 

പറഞ്ഞു വന്നത് വേറൊരു കാര്യമാണ്. ഇതോടൊപ്പം ചേർത്ത ചിത്രം.   

അകാലത്തിൽ പൊലിഞ്ഞു പോയ ഞങ്ങളുടെ ആദ്യ ബാങ്കിൻ്റെ സ്മരണാർത്ഥം നിലനിൽക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യപ്പെട്ടതാണത്.

ചിത്രം കണ്ടപ്പോൾ ഓർമ്മ വന്ന രണ്ടു സംഭവങ്ങൾ കുറിക്കട്ടെ!

അക്കാലം ഇക്കാലം പോലെ ആയിരുന്നില്ല. ആളുകൾ സാമ്പത്തിക ഇടപാടുകൾ പണമായിത്തന്നെ ലോഭ ലേശമെന്യേ ചെയ്ത് പോന്നിരുന്നു. അതിനാൽ തന്നെ ബാങ്കുകളുടെ ക്യാഷ് കൗണ്ടറുകളിൽ ധാരാളം കരൺസി കെട്ടുകെട്ടായി അടുക്കി വച്ചിട്ടുമുണ്ടാവും. 

നല്ല തിരക്കുള്ള ദിവസമായിരുന്നു. അക്കാലം, രണ്ട് ക്യാഷ് കൗണ്ടറുകൾ സ്ഥിരമായി ഞങ്ങളുടെ ബ്രാഞ്ചിൽ പ്രവർത്തിച്ചിരുന്നു. ഞാൻ പണം കൊടുക്കും. രാജേഷ് പണം വാങ്ങും. രണ്ടു പേരുടേയും മുന്നിൽ സാമാന്യം നല്ല ക്യൂ. ഞങ്ങൾ കർത്തവ്യത്തിൽ മുഴുകി മറ്റൊന്നുമറിയാതെ ധ്രുതഗതിയിൽ കാര്യങ്ങൾ ചെയ്യുന്നു. നോട്ട് കൗണ്ടിംഗ് മെഷിൻ്റെ കട കട നാദം. എനിക്കും അവനും കൂടി ഒരു മെഷിനേ ഉള്ളൂ. 

അപ്പോഴാണ്, കുറേ നേരമായി തൂവെള്ള വസ്ത്രം ധരിച്ച ഒരു മധ്യവയസ്കൻ എൻ്റെ കൗണ്ടറിൻ്റെ വലതു വശത്തായി ഒതുങ്ങി നിൽക്കുന്ന കാര്യം ഞാൻ ശ്രദ്ധിച്ചത്. ഒട്ടും അഴുക്കുപുരളാത്ത മുണ്ടും മുഴുക്കയ്യൻ ഷർട്ടും. നരകയറിയ ഇടതൂർന്ന താടി.  വീതിയുള്ള നെറ്റിയിൽ നിസ്കാരത്തഴമ്പ് . മുടി എണ്ണ തേച്ച് പുറകോട്ട് കോതി വച്ചിരിക്കുന്നു.  എനിക്ക് ചെക്കോ വിത്ഡ്രോവൽ സ്ലിപ്പോ ഒന്നും തന്നിട്ടില്ല. എന്തേ എന്ന് രണ്ടു തവണ ചോദിച്ചതിന് ഒന്നുമില്ലെന്ന് ചുമലിളക്കി. ഇടക്കൊന്ന് പുറത്തേക്കിറങ്ങി അതേയിടത്ത് വീണ്ടും വന്നു നിന്നു . മുഖത്ത് പുഞ്ചിരി.  ഇനിയിപ്പോ ബിൻ ലാദനോ മറ്റോ ആവുമോ? എനിക്ക് പേടിയായിത്തുടങ്ങി. ഞാൻ രാജേഷിനെ തോണ്ടി വിളിച്ച് കണ്ണുകൾ കൊണ്ട് കഥ പറഞ്ഞ് കാര്യം ഗ്രഹിപ്പിച്ചു. അവൻ ശ്രീജിത്തിനേയും. വാതിലിനു വെളിയിൽ ദിവാസ്വപ്നത്തിൽ മുഴുകി നിന്ന ശ്രീധരൻ എന്ന സെക്യൂരിറ്റി ഗാർഡ് തോക്കുമായി ഛടുതിയിലെത്തി ശുഭ്രവസ്ത്രധാരിയുടെ പിറകിൽ നിലയുറപ്പിച്ചു.

അല്പമുറക്കെ ഞാൻ ബിൻ ലാദനോട് തിരക്കി. "എന്താ വേണ്ടത് ?" അയാൾ എന്നെ നോക്കി വെളുക്കെ ചിരിച്ചു. മിന്നിത്തിളങ്ങുന്ന കുലീനമായ ദന്ത നിര. ചിരി നിർത്തി അല്പം ദയനീയമായി എനോട് ചോദിച്ചു. "അഞ്ചുറുപ്പ്യ തെരുവോ?"  "ങ്ങേ? " എനിക്ക് ചോദ്യം ഗ്രഹിക്കാനായില്ല. "അഞ്ചുറുപ്പ്യ തെരുവോ?"  അയാളും ഉറക്കെ ചോദിച്ചു. "അയ്യോ! പറ്റില്ല! ഇവിടെ അങ്ങനെ തരാനൊന്നും പാടില്ല..... " മേലെ സി.സി ടിവി ക്യാമറയുടെ ചുവന്ന എൽ സി ഡി ലൈറ്റ് പതിഞ്ഞു മിന്നി. അയാളുടെ കണ്ണിൽ ഉൻമാദം തിളങ്ങി. "പിന്നെ ഇൻ്റെ പിന്നില് കെട്ടാക്കി വെച്ചത് എന്തിനാന്ന്?" എൻ്റെ പുറകിൽ അടുക്കി വച്ചിരുന്ന നോട്ടു കെട്ടുകൾ നോക്കി അയാൾ ചോദിച്ചു.  അപ്പോഴേക്കും ശ്രീധരേട്ടൻ്റെ പിടിവീണു. തിരിഞ്ഞു നോക്കിയ അയാൾ തോക്കു കണ്ട് ഞെട്ടി. എന്നിട്ട് പറഞ്ഞു, "ഒരഞ്ചുറുപ്പ്യ തെരാൻ ആ നായിൻ്റ മോനോട് പറ പോലീസേ... " ദീന ശബ്ദമായിരുന്നു ലാദന്. "ഈ പൈശയൊന്നും ചാകാന്നേരം ഓന് കൊണ്ടോവാനാവൂലാന്ന് പറഞ്ഞ് കൊട്ക്ക് പോലീസേ ...''

ഇതിനു ശേഷം ഒരാഴ്ച കഴിഞ്ഞിരിക്കണം. തിരക്ക് ഒട്ടുമില്ലാത്ത അപൂർവം ദിവസങ്ങളിൽ ഒന്നായിരുന്നു. ഞാൻ നോട്ടുകൾ എണ്ണിയൊതുക്കി കെട്ടിവെക്കുന്ന പണിയിൽ വ്യാപൃതനായിരുന്നു. ആരോ കുറേ നേരമായി കൗണ്ടറി ന് മുന്നിൽ നിൽക്കുന്നില്ലേ എന്ന ബോധമുണ്ടായപ്പോൾ തലപൊക്കി നോക്കി. ഹർഷദ്. എൻ്റെ കഷ്ടദിനങ്ങളുടെ സാക്ഷി, ചിരിച്ചു കൊണ്ട് നിൽക്കുന്നു! ഉണ്ട, പുഴു തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവ്. അനേകം ഹ്രസ്വ സിനിമകളുടെ ശില്പി.  എന്നും മനസ്സിൽ സിനിമയുമായി നടന്ന അവൻ, അവൻ്റെ തൂലികയിലും ക്യാമറയിലും അന്നേ തന്നെ ഇവയൊക്കെ ഒളിപ്പിച്ച് വച്ചിട്ടുണ്ടായിരുന്നിരിക്കണം. അന്നവൻ കോഴിക്കോട്ടും ബാംഗ്ളൂരിലുമൊക്കെയായി ഗ്രാഫിക് ഡിസൈനിംഗിൽ അത്ഭുതങ്ങൾ കാട്ടുകയായിരുന്നു.

"എന്താടാ ?" അവൻ്റെ ചിരി കണ്ട് ഞാൻ തിരക്കി. "ഇത് അത് തന്നെ " അവൻ പറഞ്ഞു "എന്ത് ഏത് തന്നെ ?" എന്ന എൻ്റെ ചോദ്യത്തിന് വീണ്ടും പൊട്ടിച്ചിരി. ഒന്നും തെളിച്ചു പറയുന്ന സ്വഭാവം ആ രാക്ഷസന് പണ്ടേയില്ലല്ലോ! ഒടുക്കം ചിരി തീർന്നപ്പോൾ  എൻ്റെ ദീന മുഖം കണ്ടിട്ടാവണം അവൻ പറഞ്ഞു. "നീ സൂഫീൻ്റെ ഒട്ടകം തന്നെ ...'' എൻ്റെ മുഖത്ത് സ്പഷ്ടമായ മൂഢവികാരം കണ്ടിട്ടാവണം അവൻ പറഞ്ഞു " ബാ... ഇറങ്ങ്... പറയാം...'' ഞാൻ രാജേഷിനോട് ചായ കുടിച്ച് വരാം എന്നു പറഞ്ഞ് ഇറങ്ങി. ചായയുടെ ചൂടോടൊപ്പം ഹർഷാദ് സൂഫിയുടെ ഒട്ടകത്തിൻ്റെ കഥ പറഞ്ഞു.

ഒരു സൂഫിവര്യൻ രാജസ്ഥാൻ മരുഭൂമിയിലൂടെ നടന്നുപോവുകയായിരുന്നു. ഉഷ്ണ കാലം. സഹിക്കാനാവാത്ത താപം. ഇനിയും കുറേ ദൂരം നടക്കാനുണ്ട്. "എനിക്ക് ഒരൊട്ടകത്തെ തന്നിരുന്നെങ്കിൽ !" അദ്ദേഹം സർവേശ്വരനോട് പ്രാർത്ഥിച്ചു. കുറച്ചു ദൂരം ചെന്നില്ല തെല്ലകലെ ഒരൊട്ടകം കിടക്കുന്നത് കാണായി! വേഗം നടന്ന് അടുത്തെത്തിയപ്പോഴാണ് സൂഫിക്ക് കാര്യം മനസിലായത്. രോഗിയും അവശയുമായ ആ പെണ്ണൊട്ടകം അന്ത്യശ്വാസം വലിക്കുകയായിരുന്നു. അടുത്തായി ഒരു ദിവസത്തിലധികം പ്രായമില്ലാത്ത അതിൻ്റെ കുഞ്ഞുമുണ്ട്. സൂഫിവര്യൻ ഒട്ടകത്തെ ശുശ്രൂഷിച്ചു കൊണ്ട് അടുത്തിരുന്നു. അധികം വൈകാതെ ഒട്ടകത്തിൻ്റെ ചലനം നിലച്ചു. അടുത്തു കിടന്നിരുന്ന കുഞ്ഞൊട്ടകത്തെയും ചുമലിലേറ്റി സൂഫി യാത്ര തുടർന്നു. 

കുറച്ചു ദൂരം നടന്നതും സൂഫി പൊട്ടിച്ചിരിക്കാൻ തുടങ്ങി. ചിരിച്ച് ചിരിച്ച് അദ്ദേഹം വിവശനായി. മുകളിൽ ജ്വലിക്കുന്ന നീലാകാശത്തിലേക്ക് തലയുയർത്തി നോക്കി അദ്ദേഹം വിളിച്ചു പറഞ്ഞു.  " ഖുദാ സുൻതാഹെ!  ലേക്കിൽ സമഛ് താ നഹീ! " ഇത് പറഞ്ഞത് ചായ ഗ്ലാസ് മേശമേൽ വച്ച് ഹർഷദും ഉറക്കെ ചിരിച്ചു. അവൻ്റെ പ്രത്യേക ചിരി. "നീ പണം ചോദിച്ചു! ദൈവം കെട്ടുകളായി നിനക്ക് തന്നു .... വെറുതെ, എണ്ണിക്കൊണ്ടിരിക്കാൻ ...'' ഞാനും ചിരിച്ചു.

ഇന്നും കാര്യങ്ങൾ അതുപോലെയൊക്കെത്തന്നെ. "ദൈവം കേൾക്കുന്നുണ്ട്... പക്ഷെ അവിടുന്നിന് കാര്യം മനസ്സിലാകുന്നില്ല!"

Friday, February 18, 2022

സ്വപ്നങ്ങൾ

സ്വപ്നങ്ങൾ പലപ്പോഴും അർത്ഥവത്താണെന്ന് തോന്നാറുണ്ട്. യാഥാർത്ഥ്യത്തേക്കാൾ നിർമാർന്നവ. അല്ലെങ്കിൽ എന്താണ് യാഥാർത്ഥ്യം? ഇന്നു രാവിലെ ഞാൻ നടക്കാൻ പോയി. മോൾക്കൊപ്പം. അവളുടെ സാന്നിധ്യം. വർത്താനം. ഞാൻ ഏറെ ആസ്വദിച്ചറിഞ്ഞു. പക്ഷെ ആ അനുഭവത്തിനും ഞാനിന്നലെ രാത്രിയിൽ കുട്ട നിറയെ ഉണ്ണിയപ്പം തിന്നുന്നതായിക്കണ്ട സ്വപ്നത്തിനും അനുഭവതലത്തിൽ ഇപ്പോൾ, ഇവിടെ, എന്തു വ്യത്യാസമാണുള്ളത്?

സ്വപ്നം വ്യാഖ്യാനിക്കുന്നവരുണ്ടെന്ന് കേട്ടിട്ടുണ്ട്. ഒരുച്ചയുറക്കത്തിൽ എനിക്കുണ്ടായ സ്വപ്നാനുഭവം  ആർക്കെങ്കിലും വ്യഖ്യാനിക്കാമോ?

ആതുരയുടെ ദിവസങ്ങളായിരുന്നു. രണ്ടായിരാമാണ്ട് തുടങ്ങി നാലോ അഞ്ചോ വർഷം കഴിഞ്ഞിരുന്നു. ഞാൻ ജോലി ചെയ്തിരുന്ന  ബാങ്ക് ഇൻഷുറൻസ് പോളിസികൾ മാത്രം ബിസിനസ്സായി കണക്കാക്കിയിരുന്ന കാലം. ഒരു ബിസിനസ്സും നടക്കാതെ നിരാശനായി, ഒരു  കസ്റ്റമറെ കണ്ടു മടങ്ങുകയായിരുന്നു. ഹെൽമറ്റ് തലയിലുറപ്പിച്ച്, എൻ്റെ ഏറ്റം പ്രിയനായ ബജാജ് ഡിസ്കവർ സ്റ്റാർട്ട് ചെയ്ത്, തിരിക്കാൻ മതിയായ സ്ഥലമുണ്ടോ എന്ന് തിരിഞ്ഞ് നോക്കിയതാണ്. തൊണ്ടയിൽ ഹെൽമെറ്റിൻ്റെ കുരുക്ക് മുറുകി. അമ്മേ... കൊടിയ വേദന. തൊണ്ടയിൽ ചെറിയ തടിപ്പ് രാവിലേ ഉണ്ടായിരുന്നതിൽ തട്ടിയതാണ്. കണ്ണിൽ നീർ പൊടിഞ്ഞു. വൈന്നേരം മൂന്നു മണി ആയപ്പോഴേക്കും പനി തുടങ്ങി. പനിയെന്നു പറഞ്ഞാൽ മാരക പനി. ചൂട്, ചുട്ടു പൊള്ളുന്ന ചൂട്. 

ഇൻഷുറൻസ് പോളിസി ഒരെണ്ണമെങ്കിലും ചെയ്താലേ വീട്ടിൽ പോകാൻ അനുവദിക്കൂ എന്നാണ് വലിയ മേധാവിയുടെ കൽപ്പന. ഒന്നും ചെയ്യാൻ പറ്റിയില്ല. ചീത്ത വിളി ഒരു പാട് കേട്ട് ഇറങ്ങിയപ്പോൾ മണി പത്തായി. കഴുത്തിലുള്ള വേദനക്ക് ചുറ്റും തടിപ്പ് കൂടിയിരിക്കുന്നു. ദേഹം പൊള്ളുന്നത് ശരിക്കും അറിയാനാവുന്നുണ്ട്. കുറ്റ്യാടിക്കുള്ള അവസാന ബസ്സും പോയിരിക്കുന്നു. പതുക്കെ ബൈക്കോടിച്ച് വീടെത്തിയപ്പോൾ പന്ത്രണ്ട് കഴിഞ്ഞു. ചുട്ടുപൊള്ളുന്ന കാലുകൾ ഷൂസിനുള്ളിൽ നിന്ന് പിടുവിച്ച് നേരെ കട്ടിലിൽ കേറിക്കിടന്നു. ലതയുടെ സാന്ത്വനങ്ങൾക്കും തടുക്കാവതായിരുന്നില്ല എൻ്റെ അഴൽ.

ഉറങ്ങാതെ നേരം പുലർത്തിയപ്പോഴേക്കും കവിളിനു താഴെ കഴുത്തിൽ വലിയ വീക്കം! മുണ്ടി നീര് ! എല്ലായ്പ്പോഴുമെന്ന പോലെ ഡോക്ടറെ കാണാൻ ബൈജുവാണ് കൂടെ വന്നത്.

സൂപ്പി ഡോക്ടർ കടുപ്പിച്ചു നോക്കി. സിഗരറ്റു കൊളുത്തി പുക ആവാഹിച്ച് പുറത്തേക്കൂതി കണ്ണടച്ച് ധ്യാനനിമഗ്നനായി കുറേ നേരമിരുന്നു. അച്ഛനുമായാണ് ഞാൻ വന്നിരുന്നതെങ്കിൽ ഇതാകു മായിരുന്നില്ല അവസ്ഥ. മണിക്കൂറുകൾ നീളുന്ന ചർച്ച. കേരളത്തിൻ്റെ ഭാരതത്തിൻ്റെ രാഷ്ട്രീയ അരക്ഷിതാവസ്ഥ , ഒക്കെ ചർച്ച ചെയ്ത്, ചർച്ച ചെയ്ത് നേരം കുറേ പോയേനേ!  കഥ പറയാൻ, രാഷ്ട്രീയം ചർച്ച ചെയ്യാൻ രണ്ടാളും ഇനിയില്ലല്ലോ!

ഒടുക്കം, സമാധി അവസാനിപ്പിച്ച് ഡോക്ടർ ചോദിച്ചു. "ഇഞ്ഞി മംഗലം കയിച്ചതാ?" അതെ എന്ന ഉത്തരത്തിന് മറു ചോദ്യം. "എത്ര മക്കള്ണ്ട്?" രണ്ട് എന്ന് ഞാൻ മറുപടി പറഞ്ഞതിന് സംതൃപ്തി നിറഞ്ഞ ചിരി! "എന്നാ സാരേല്ല. ഇനി ഇനിക്ക് കുഞ്ഞങ്ങള് ഉണ്ടാവാൻ പാടാ..."  കണ്ണു മിഴിച്ചിരുന്ന എൻ്റെ മുഖത്തു നോക്കി സൂപ്പി ഡോക്ടർ പറഞ്ഞു. "Mumps can cause infertility to an adult male"

ഞാൻ അമ്പരന്നില്ല. രണ്ട് മക്കളുള്ള എനിക്ക് ഇനിയെന്തിനാണ് ഫെർട്ടിലിറ്റി?

"നല്ലോണം വിശ്രമിക്കണം. പത്ത് പതിനാല് ദിവസം കഴിഞ്ഞിട്ട് ജോലിക്ക് പോയാ മതി!, മരുന്ന് എഴുതുന്നുണ്ട്. അത് കൂടാണ്ട് എടക്കെടെ ചെറ്നാരങ്ങ വായിലേക്ക് പിഴിഞ്ഞ് ഒഴിക്കണം. Keep your  saliva glands active... "

അടിമക്ക് തീരുമാനങ്ങൾ എടുക്കാൻ വയ്യല്ലോ! അഞ്ചു നാൾ കഴിഞ്ഞില്ല. ചോദ്യങ്ങൾ വരികയായി! "വരാറായില്ലേ?" "ഇൻഷുറൻസ് ഒന്നു മായിട്ടില്ല"
"നാളെ വന്നില്ലെങ്കിൽ രാജിക്കത്ത് എഴുതിത്തന്നോളൂ " എന്നിങ്ങനെ.   ആറാം നാൾ ആറാത്ത പനിയോടെ ഞാൻ ജോലിക്കു പോയി.കൊടും വെയിലിൽ ഇൻഷുറൻസും മ്യൂച്ചൽ ഫണ്ടും തിരിഞ്ഞു പിടിച്ചു. നിർത്താതെ ഉപഭോക്താക്കളെ ഉപദ്രവിച്ചു. ഏഴാം നാൾ എൻ്റെ വൃഷണങ്ങൾക്ക് ചുറ്റും നീരുവന്നു തടിച്ചു വീർത്തു. കടുത്തപനിയുടെ പാരമ്യതയിൽ ഞാൻ വീണു കിടന്നു. ഓട്ടോറിക്ഷയിൽ ബൈജുവിൻ്റെ താങ്ങോടെ എത്തിയ എന്നെ കണ്ടതും സൂപ്പി ഡോക്ടർ അലറി. " ഇന്നോട് പണിക്ക് പോറ് ന്ന് പറഞ്ഞതല്ലേ?" പ്രതികരിക്കാനായില്ല. ഞാൻ അർദ്ധ പ്രാണനായിരുന്നല്ലോ! ഡോക്ടർ മരുന്ന് കുറിച്ചു തന്നു. "ചുരുങ്ങിയത് രണ്ടാഴ്ച വീട്ടിന് പുറത്തിറങ്ങരുത് " പിന്നെ ബൈജുവിനോടായി പറഞ്ഞു. "വിശേഷം എന്തെങ്കിലുണ്ടെങ്കില് അറീക്കണം. കൂട്ന്നാണേങ്കില് അഡ്മിറ്റാക്കണ്ടി വരും''

പനി കുറഞ്ഞില്ല. ശരീരമാകെ കൊടിയ വേദന. വേനൽ കത്തി നിന്ന ചുട്ടുപൊള്ളുന്ന ദിവസങ്ങളായിരുന്നു. കിടക്കയിൽ നിന്നെഴുന്നേൽക്കാതെ കിടന്നു. അല്പം ആശ്വാസം തോന്നിയ ഒരുച്ചക്ക് ഉപ്പില്ലാത്ത കഞ്ഞി വയറു നിറയെ കുടിച്ച് ഞാൻ ഉറങ്ങിപ്പോയ ഉറക്കത്തിലാണ് വർഷങ്ങളിത്ര കഴിഞ്ഞിട്ടും മറക്കാനാവാത്ത ആ സ്വപ്നം ഞാൻ കണ്ടത്.

ഒരു കറുത്ത കുതിരപ്പുറത്ത് ദുർഘടം പിടിച്ച ഒരു കുന്നിൻ ചരിവിലൂടെ ഒരു കയ്യിൽ ഉയരത്തിപ്പിടിച്ച തിളങ്ങുന്ന വാളുമായി അതിശീഘ്രം ഞാൻ താഴോട്ട് പായുകയാണ്. മാനം കറുത്തു വിങ്ങിയിരുന്നു. കുതിരയുടെ കുതിപ്പിൽ, കുന്നിൻ ചെരിവ് തന്നെ കിടുകിടുത്തു. കുറ്റിച്ചെടികൾ  കുളമ്പുകൾക്കടിയിൽ ഞെരിഞ്ഞമർന്നു. എൻ്റെയുള്ളിൽ കൊടിയ ദുഃഖം നിറഞ്ഞു വ ഴിയുന്നുണ്ട്. ഞാൻ ഉറക്കെയെന്തൊക്കെയോ അലറി വിളിക്കുന്നുമുണ്ട്. ആരോടോ എന്തിനോടോ ഒക്കെയുള്ള പക ! നിരാശ! കൊടിയ നിരാശ! അരക്ഷിതത്വം. മൂടിക്കെട്ടിയ ആകാശം കറുത്തു കൊണ്ടേയിരുന്നു. മഴ ഇപ്പോൾ പെയ്‌തേക്കാം.. കുതിര താഴേക്ക് താഴേക്ക് കുതിച്ചോടി.. അതിന്റെ ചലനത്തിനൊപ്പം എന്റെ ശരീരവും ഇളകിക്കൊണ്ടിരുന്നു..

ഞാൻ താഴ് വരയിൽ മുട്ടുകുത്തിയിരിക്കുന്നതാണ് പിന്നീട് കാണാത്തത്. ചുറ്റും പച്ചച്ച മലകൾ. മലകൾക്ക് നടുവിൽ പാറകൾ തീർത്ത ചെറിയ സമതലം. ചുറ്റിലുമുള്ള മലകളിൽ നിന്ന് ഉറവയാർന്ന വെള്ളം പാറക്കെട്ടിനു താഴെ അരുവിയായി ഒഴുകുന്നു. ഞാൻ കൈകൾ രണ്ടും തലയും  മുകളിലേക്കുയർത്തിപ്പിടിച്ച് അലറുക തന്നെയാണ്. കൊടിയ നിരാശയും ദു:ഖവും എന്നെ മഥിക്കുന്നു. ആലംബമില്ല. രക്ഷക്കാരുമില്ല. ഞാൻ ഒറ്റയാക്കപ്പെട്ടവൻ. ഭയം! മരണഭയം! വലത്തെ കൈയിൽ ആകൊടിയ വാൾ   വിടാതെ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ഇപ്പോഴും എനിക്ക് അനുഭവുക്കാനാവുന്നുണ്ട് ആ ആയുധത്തിന്റെ കാഠിന്യം. കണ്ണിൽ നിന്ന് കണ്ണുനീർ ഇടവിടാതെ ഒഴുകുന്നു. നിരാശ, നിസ്സഹായത....

പൊടുന്നനെ ഒരു ഇടി വെട്ടി. മേലെ കറുത്ത മേഘങ്ങൾക്കിടയിൽ മിന്നൽ നൃത്തം വച്ചു. അടുത്ത മിന്നൽ ശക്തമായി മിന്നിയതും ക്രൗര്യം നിറഞ്ഞ ഇടിനാദത്തോടെ ഒരു മിന്നൽ പിണർ എൻ്റെ വാളിലേക്ക് ശക്തമായി നിപതിച്ച് ലയിച്ചു. എൻ്റെ ശരീരമാകെ വിറച്ചു. ശോകം ശമിച്ചു. ഭയം ഇല്ലാതെയായി. പെട്ടെന്ന് എൻ്റെ ഇടതുവശത്ത് നിന്ന് അഭൗമ ശോഭയാർന്ന മൂന്ന് പ്രകാശഗോളങ്ങൾ ഉയരുകയായി. ഓരോന്നും എന്നിൽ വന്ന് വിലയിച്ചു. അവസാനത്തെ ഗോളം എന്നിൽ ചേർന്നതും അതി ഘോരമായ മഴ തിമർത്താർത്തു പെയ്യാൻ തുടങ്ങി.  

ഞാൻ കണ്ണു തുറന്നു. മഴ  പെയ്യുകയാണ്. ഇടിവെട്ടുന്നുണ്ട്. ഞാൻ വിയർത്ത് കുളിച്ചിരിക്കുന്നു. പനി ഒഴിഞ്ഞിരിക്കുന്നു.

ഈ ഒരു കിനാവ് എന്നെ പിൻതുടരാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറേയാവുന്നു. ആർക്കെങ്കിലും വ്യാഖ്യാനിക്കാമോ ഇതിൻ്റെ അർത്ഥം?

"നെടിയ കിനാവിതു നിദ്രപോലെ നിത്യം
കെടുമിതുപോലെ കിനാവുമിപ്രകാരം
കെടുമതി കാണുകയില്ല,കേവലത്തിൽ
പ്പെടുവതിനാലനിശം ഭ്രമിച്ചിടുന്നു" വെന്ന് ഗുരുസ്വാമികൾ.....

തൊണ്ട അലർജി

തൊണ്ടക്കുള്ളിൽ ഇരു വശവും നല്ല ചൊറിച്ചിൽ . ചൊറി തുടങ്ങിയാൽ കണ്ണിൽ വെള്ളം നിറയും. ശബ്ദം ഇടറും. കുത്തിക്കുത്തിയുള്ള ചുമതുടങ്ങും. രാത്രികളിൽ ഉറങ്ങാൻ കഴിയില്ല.

ഒരു വർഷം മുമ്പാണ് ഈ സൂക്കേട് പിടിമുറുക്കിയത്. നഗരത്തിലെ ഏറ്റവും മികച്ച ചെവി മൂക്ക് തൊണ്ട വിദഗ്ദ്ധൻ ആരാണ് എന്നായി അന്വേഷണം. അന്വേഷണത്തിനൊടുവിൽ ദേശാഭിമാനി നിരത്തിൽ, ചെ .മൂ. തൊ അസുഖങ്ങൾക്കുള്ള ചികിത്സയുടെ ആൽഫയും ഒമേഗ യുമായ ഒരാതുരാലയമുണ്ടെന്ന് കണ്ടെത്തി. വളരെ പേരെ സ്വാധീനിച്ച ശേഷമാണ് അവിടത്തെ എല്ലാമായ ഡോക്ടർ എന്നിനെ കാണാൻ സമയം ലഭിച്ചത്. സമയത്തിനെത്തി ഫീസടച്ച ശേഷവും കുറേ നേരം കാത്തിരിക്കേണ്ടി വന്നു ഡോക്ടർ എന്നിൻ്റെ മുറിയിലേക്ക് കടക്കാൻ. ആ മുറിയിലേക്ക് കടക്കുന്നതിനു മുമ്പ് ഒരു യുവതി എന്നെ വേറൊരു മുറിയിൽ ക്ഷണിച്ചിരുത്തി ഒരു പാട് വിവരങ്ങൾ ചോദിച്ചറിയുകയുണ്ടായി.

മുറിയിലെത്തിയതും ഒരു വനിതാ ഡോക്ടർ എൻ്റ വായ ആകാവുന്നത്ര പിളർത്തി തൊണ്ട പരിശോധിച്ചു.  ശേഷം ഡോക്ടർ എന്നിൻ്റെ അരികിലെത്തി സ്വകാര്യമായി എന്തൊക്കെയോ സംസാരിച്ചു. എനിക്ക് പരിഭ്രമം തുടങ്ങി. ഗുരുതരമായിരിക്കുമോ സംഭവം!

വനിതാ ഡോക്ടർ ചെയ്തതൊക്കെ  ഡോക്ടർ എന്നും ചെയ്തു. കൂടാതെ മൂക്കും ചെവിയും ഉപകരണങ്ങളിലൂടെ വീക്ഷിച്ചു. എന്നിട്ടു പറഞ്ഞു. "താങ്കളുടെ മൂക്കിൻ്റെ പാലം വല്ലാതെ വളഞ്ഞിട്ടുണ്ട്. ഒരു നാസാരന്ധ്രത്തിലൂടെ മാത്രം ശ്വാസമെടുത്തെടുത്ത് അതിന് മതിയായി. മാത്രമല്ല ഉറങ്ങുമ്പോൾ താങ്കൾ വായ തുറന്നുറങ്ങുന്നു. ഉള്ള കിളികളും കൃമികളും പൊടികളും തടസ്സമേതുമില്ലാതെ തൊണ്ടയിൽ കൂടു കൂട്ടുന്നു. അത് കാരണമാണ് ഈ പ്രശ്നം. ഉപ്പ് വെള്ളം കൊണ്ട് തൊണ്ട കഴുകുക. ഞാൻ തരുന്ന ഗുളിക കഴിക്കുക. എന്നാൽ ഞാൻ ഒരു കാര്യം പറയട്ടേ! ഇതു കൊണ്ടൊന്നും ചൊറിയും കൊരയും മാറുകയില്ല. മൂക്കിൻ്റെ പാലം നേരെയാക്കണം. ഓപ്പറേഷൻ വേണം. ഇവിടത്തെ ലാബിൽ പരിശോധനക്കായി രക്തം ദാനം ചെയ്ത് പോവുക. ഒരാഴ്ച കഴിഞ്ഞ് വരുമ്പോൾ ഞാൻ പറയുന്ന ഇടത്തുനിന്ന് മൂക്കിൻ്റെയും തൊണ്ട യുടേയും മാഗ്നറ്റിക് റിസൊണൻസ് ഇമേജിംഗ് ചെയ്ത് ഫിലിം ഹാജരാക്കുക.
മരുന്നും ലാബും ഫീസും എല്ലാമടക്കം അന്നത്തെ ചെലവ് രണ്ടായിരത്തിനടുത്ത് . ഒരാഴ്ച കഴിഞ്ഞ് ഡോക്ടർ എൻ പറഞ്ഞ പ്രകാരമെന്ന് ആശ്വസിപ്പിച്ച് എം.ആർ.ഐ ക്കാരൻ ആയിരം രൂപ ഇളവ് തന്നതും കഴിച്ച് ഏഴായിരം അതിനും.  

ഫിലിം നോക്കി ഡോക്ടർ എൻ നാസികാ സേതു ഭ്രംശത്തിൻ്റെ കാഠിന്യം വ്യക്തമാക്കി. പറ്റുമെങ്കിൽ ഇന്ന് തന്നെ ശസ്ത്രക്രിയ നടത്തണം. ബെല്ലടിച്ച് സുന്ദരിയെ വരുത്തി എന്നെ അദ്ദേഹം അവളുടെ കൂടെ  മറ്റൊരു മുറിയിലേക്കയച്ചു. ശസ്ത്രക്രിയയുടെ വിശദാംശങ്ങൾ വിശദമാക്കാനുള്ള ചുമതല ആ നതാംഗിക്കാണ്. അവൾ പറഞ്ഞാൽ ആർക്കാണ് എതിർക്കാനാവുക! എൺപതിനായിരം രൂപക്ക് കച്ചവടമുറപ്പിച്ച് മൂക്ക് മുറിക്കാനുള്ള തീയതിയും കുറിച്ചു.

വഴിയിലേക്കിറങ്ങിയപ്പോൾ സംശയമായി. സംശയാത്മാവിനശ്യതീന്നാണെങ്കിലും, സഹപാഠിയെ വിളിക്കുന്നതിൽ അഹിത മേതുമില്ലല്ലോ എന്ന് ന്യായീകരിച്ച് അതിസമർത്ഥനായ എൻ്റെ സതീർത്ഥ്യ ഭിഷഗ്വരനെ വിളിച്ച് കാര്യം പറഞ്ഞു. അവൻ ഉറക്കെ ചിരിച്ചിട്ട് പറഞ്ഞു. "കഴിഞ്ഞ അമ്പത്തൊന്ന് കൊല്ലം ജീവിച്ച മൂക്കും കൊണ്ട് ഇനിയും ജീവിച്ചാ മതി... മൂക്ക് മുറിക്കണ്ട! മിണ്ടാണ്ടാടേങ്ങാൻ കുത്തിര്ന്നോ ചങ്ങായീ! " വിദഗ്ദ്ധോപദേശത്തിൽ ഞാൻ തികച്ചും തൃപ്തനായി. ശസ്ത്രക്രിയയേയും, നാഴികക്ക് നാൽപ്പത് വട്ടം വിളിച്ച് മൂക്കു മുറിക്കാൻ എന്നെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്ന നതാംഗിയേയും ഞാൻ മറന്നു. ഡോക്ടർ എന്നിൻ്റെ മരുന്നിൻ്റെ ഗുണം, ലതയുടെ ഇഞ്ചി, തേൻ മിശ്രിതം, ചൊറിയും ചുമയും മാറി.

ഇപ്പോഴിതാ ഒരു മൂന്നാഴ്ച മുമ്പ് വീണ്ടും പൂർവാധികം ശക്തിയോടെ! ചൊറി, കൊര! ഉറക്കമില്ല. വല്ലാണ്ട് ബുദ്ധിമുട്ടായപ്പോൾ വൈദ്യസഹായം തേടി ഗുഗിളിലേക്കിറങ്ങി. ഹൈക്കോർട്ട് ജംഗ്ഷനിലെ ആപ്പീസിലിരുന്ന് എൻ്റെ സമീപത്തുള്ള ചെ.മൂ. തൊ വിദഗ്ദ്ധരാരൊക്കെ എന്ന് ഞാൻ ആരാഞ്ഞു. അധികമൊന്നും ദൂര ത്തല്ലാതെ ഒരു ചെറിയ ക്ലിനിക്കിൻ്റെ ചിത്രം തെളിഞ്ഞു വന്നു. ഡോക്ടർ ഡിസ് ക്ലിനിക്ക്. ആള് മദ്ധ്യാഹ്നം വരയേ അനുഗ്രഹിക്കൂ . അതു കഴിഞ്ഞാൽ നിഗ്രഹമാണത്രേ! ഓരോരോ വിചിത്ര രീതികൾ. മൊബൈലിലെ സമയമാപിനി പത്തരയാണ് കാണിച്ചത്. ഇപ്പവരാം എന്നാംഗ്യം കാണിച്ച് ഞാൻ ഓടിച്ചെന്നു. ഗൂഗിൾ മാപ്പമ്മായി എന്നെ നയിച്ചത് ഒരു പഴയ ഇരുനില കെട്ടിടത്തിലേക്ക്. അവിടെ വലിയ ബോർഡ്. ഡിസ് ഇ എൻ ടി ക്ലിനിക് . 

ഇരുട്ട് നിറഞ്ഞ കെട്ടിടത്തിൻ്റെ ഇടനാഴിയിലേക്ക് ഞാൻ മെല്ലെ കയറിച്ചെന്നു. ഇരുട്ടുമായി കണ്ണുകൾ പരിചയിച്ചപ്പോൾ ഇടതു വശത്ത് ഒരു ചെറിയ മുറി. അവിടെ വെള്ളവസ്ത്രം ധരിച്ച രണ്ടു വൃദ്ധ സ്ത്രീകൾ. "ഡോക്ടർ ഡി?" എൻ്റെ ചോദ്യത്തിന് മറുചോദ്യമായിരു മറുപടി. "ആദ്യായിട്ടാ?" അതെ എന്ന എൻ്റെ മറുപടിക്ക് മറുപടിയായി അവരൊരു ഫോം ഫില്ല് ചെയ്യിപ്പിച്ചു. എൻ്റെ കുട്ടിക്കാലത്ത് വസന്താപ്രസ്സിൽ അച്ചടിച്ച സമ്മേളന നോട്ടീസുകളുടെ കടലാസിന് ഇപ്പറഞ്ഞ ഫോമിനേക്കാളും മേൻമയുണ്ടായിരുന്നു. മുന്നൂറു രൂപ ഫീസുചീട്ടാക്കി, പോളിത്തീൻ സഞ്ചിയിൽ ഇട്ടു തന്ന മഞ്ഞക്കാർഡുമായി ഞാൻ ഡോക്ടറെ കാത്തിരിപ്പായി. 

എനിക്ക് ഭീമൻ്റെ ഊഴമായിരുന്നു. മുറിയിലേക്ക് കാലെടുത്തു വെക്കവെ സിസ്റ്റർ ഓർമ്മിപ്പിച്ചു. "മൊബൈൽ ഓഫാക്കണം"

ഒരു വലിയ മുറിയുടെ ഒരറ്റത്ത് മെലിഞ്ഞ ഒരു വൃദ്ധൻ. ഡോക്ടർ ഡി. അദ്ദേഹത്തിൻ്റെ മുമ്പിലിരുന്നു. തിരിച്ചു പോയാലോ എന്നു തോന്നായ്കയല്ല. ഒരു ലൈറ്റ് കത്തുന്നുണ്ട്. അതിൻ്റെ പാർശ്വങ്ങൾ തുരുമ്പെടുത്തിരിക്കുന്നു. ഡോക്ടറുടെ തലയിൽ ഘടിപ്പിച്ച റിഫ്ലക്ടറിന് നൂറ്റാണ്ടിൻ്റെ പഴക്കം. മുഖംമൂടിക്ക് മുകളിൽ നരച്ച പുരികവും കണ്ണുകളും. എന്നോട് ലക്ഷണങ്ങൾ അവതരിപ്പിക്കാൻ ആജ്ഞാപിച്ചു. ഞാൻ വളിപുള്ളി വിടാതെ കാര്യമവതരിപ്പിച്ചു.  

" ഇത് അലർജിയാണ്. ഉപയോഗിക്കുന്ന എന്തോ ഒരു സാധനം അലർജി ഉണ്ടാക്കുന്നുണ്ട്... അതെന്താണെന്ന് കണ്ടെത്തി ഒഴിവാക്കണം... അത്രയേ വേണ്ടു... "

"അല്ല ഡോക്ടർ മൂക്കിൻ്റെ പാലം ... "
ഡോക്ടർ ഡി മനസ്സറിഞ്ഞ് ചിരിച്ചു. 
ആ ചിരി കണ്ടു കൊണ്ടു നിൽക്കെ ഞാൻ ഞങ്ങളുടെ പപ്പു ഡോക്ടറെ ഓർത്തു. അലോപ്പതിയിൽ അന്യം നിന്നുപോകുന്ന അറിവിൻ്റെ തലമുറ!
 "ഇത് പാലം കുലുങ്ങിയത് കൊണ്ടൊന്നുമല്ല!... താനാ വസ്തു കണ്ടെത്തി നശിപ്പിക്ക് ....."

പിന്നീടദ്ദേഹം പത്തു ദിവസത്തേക്ക് ഒരു ആൻറി അലർജി ഗുളിക കുറിച്ചു തന്നു. "അഞ്ചു ദിവസം കഴിക്ക്. ചൊമനിന്നാൽ മരുന്നും നിർത്തിക്കോ!"

മരുന്നിന് നൂറു രൂപ. ആകെ ചെലവ് നാനൂറ് . 

കൊര നെരപ്പായിട്ട് അഞ്ചാറ് നാളായി! ഇനിയും ആ ക്ഷുദ്ര ദ്രവ്യത്തെ കണ്ടെത്താനായിട്ടില്ല. എൻ്റെ തൊണ്ടയെ ദേഷ്യം പിടിപ്പിക്കുന്ന ആ ക്ഷുദ്ര ദ്രവ്യത്തെ!

Tuesday, August 17, 2021

ആഗസ്ത് 15

എൽ പി സ്ക്കൂളിലെ ഞങ്ങളുടെ ആഗസ്ത് പതിനഞ്ച് ഒരു സംഭവമായിരുന്നു. 

രാവിലെ എട്ട് മണിയോടെ എല്ലാവരും എത്തണം. പഠിപ്പില്ലാത്തതുകൊണ്ട്, സാധാരണ ദിവസങ്ങളിൽ ഇഴഞ്ഞിഴഞ്ഞ് സ്ക്കൂളിൽ വരുന്നവർ പോലും അന്ന് കുതിച്ചോടി വരും.  കടലാസുകൊണ്ടുള്ള ദേശീയ പതാകയും ഒരു മൊട്ടുസൂചിയും എല്ലാവർക്കും കിട്ടും, സ്ക്കൂൾ വക. പതാക ഉയർത്തുന്നതിനു മുമ്പായി അത് എല്ലാരും കുപ്പായത്തിൽ കുത്തിവെക്കും. 

പിന്നെ പതാക ഉയർത്തലാണ്. അച്ഛനാണ് പ്രധാനാധ്യാപകൻ. തലേന്ന് തന്നെ ഒരു വലിയ കവുങ്ങ് തടി ചെറിയകപ്പിയും കൊളുത്തും മറ്റും പിടിപ്പിച്ച് സ്ക്കൂൾ മുറ്റത്ത് നിർത്തിയിട്ടുണ്ടാവും. കൊളുത്തിൽ നിന്ന് താഴോട്ട് നീളുന്ന നേരിയ പ്ലാസ്റ്ററിക്ക് കയറും . രാവിലെ സ്ക്കൂൾ ലീഡറുടെ നേതൃത്വത്തിൽ പൂക്കളും നിറമുള്ള ഇലകളും മറ്റും സ്ക്കൂളിനോട് ചേർന്നു വളരുന്ന ചെടികളിൽ നിന്ന് ശേഖരിച്ചിട്ടുണ്ടാവും. അവ ചെറുകഷണങ്ങളായി നുറുക്കി തയ്യാറാക്കി വച്ചത് പതാക പ്ലാസ്റ്റിക്ക് കയറിൽ കെട്ടി, പല മടക്കുകളായി മടക്കി ഓരോ മടക്കിലും ശ്രദ്ധയോടെ വെക്കുന്നു. പിന്നെ അവസാനമായി, ഒരു സൂത്രക്കെട്ട്. 

ഇത് കഴിയുമ്പോൾ കുഞ്ഞാണ്ടി മാസ്റ്റർ വിളിച്ചു പറയും. "എല്ലാരും വരിവരിയായി നിൽക്കെടാ!" കേൾക്കേണ്ട താമസം എല്ലാരും ക്ലാസുകളുടെ ക്രമത്തിൽ അണിനിരക്കുകയായി.  വെയിലുദിച്ചു വരുന്നേ ഉണ്ടാവൂ. മാഷമ്മാരും സ്ക്കൂൾ ലീഡറും അറ്റൻഷനിൽ നിൽക്കും. അച്ഛൻ പതുക്കെ പതാക ഉയർത്തും. ഉയരത്തിലുയരത്തിലുളള കൊളുത്തിൽ ചെന്നു നിൽക്കുന്ന പതാക, അച്ഛൻ്റെ ചെറിയൊരു വിരലനനക്കത്തിൽ വിടർന്ന് പൂവ് ചിതറുമ്പോൾ, ഹായ് ! എന്ന കോറസ്സ് ഞങ്ങളിൽ നിന്നുയരും.  അച്ഛൻ്റെ ഒരു ചെറു പ്രസംഗം, പിന്നെ ദേശീയഗാനാലാപനം. 

ചടങ്ങ് കഴിയുന്നതോടെ എല്ലാവരും സ്വതന്ത്രരാവുന്നു. അരിയിൽ, ശർക്കരയും നിറയെ തേങ്ങ ചിരവിയതും ചേർത്തുണ്ടാക്കുന്ന പായസം തയ്യാറാവുന്നതേയുള്ളൂ. അതു വരെ കളിക്കാം.

 കുപ്പായത്തിൽ മൂന്നും നാലും പതാകകൾ കുത്തിയവർ ബസ്സും കാറുമൊക്കെയായി രൂപാന്തരം പ്രാപിച്ച് മരണപ്പാച്ചിൽ പാഞ്ഞു. കണ്ണു മുരുട്ടി തടിയൻ മാരായ ഇൻസ്പെക്ടർമാർ അവരെ കൈകാണിച്ച് നിർത്തി രേഖകൾ പരിശോധിച്ചു. ലൈസൻസില്ലാത്തവർക്ക് ഫൈൻ വിധിച്ചു. ചിലരുടെ ചന്തിക്ക് ചുട്ട പെട കൊടുത്ത് ഓടിച്ചു വിട്ടു... 

ഒന്നുരണ്ടു പേർ, പുറംതൊണ്ട് കളയാത്ത നെലക്കടല കൊണ്ടു നടന്ന് , ഒരു പൈസക്ക് രണ്ടെണ്ണം എന്ന നിരക്കിൽ വിറ്റു.

അൽപ്പം കഴിഞ്ഞപ്പോൾ ഒരിളക്കം. എല്ലാർക്കും സ്ക്കൂളിന് നേരെ പായുകയാണ്. പായസം തയ്യാറായിരിക്കുന്നു.  വീട്ടിൽ നിന്ന് കൊണ്ടുവന്ന പ്ലേറ്റുമായി സ്ക്കൂളിൻ്റെ കോലായിലെ വെറും നിലത്ത് രണ്ടു വരികയായി, വായിൽ കപ്പലോടിച്ചു കൊണ്ട് നിരന്നിരുന്ന ഞങ്ങളുടെ മുന്നിലെ പ്ലേറ്റുകളിലേക്ക് മഹമൂദ് മാസ്റ്ററുടെ നേതൃത്വത്തിൽ പായസം പകരുകയായി.

ഒരു സംഭവം ഓർമയുണ്ട്.
ഞാൻ ഒന്നാം ക്ലാസിലായിരുന്നു. നാലാം ക്ലാസിൽ പഠിക്കുന്ന ചേട്ടൻമാരും ചേച്ചിമാരും അവർക്ക് കിട്ടിയ പതാകകൾ ഉപയോഗിച്ച് എഷ് മാഷിൻ്റെ മോനെ സുന്ദരനാക്കി. എൻ്റെ വെളുത്ത കുപ്പായത്തിൽ നാലു നിരയായി കുത്തിവച്ച ദേശീയ പതാകകൾ . എൻ്റെ കയ്യും പിടിച്ച് അവർ സ്ക്കൂളാക്കെ നടന്നു. എഷ് മാഷിൻ്റെ പരിഗണന കിട്ടിയാലോ!

എൻ്റെ കോലം കണ്ടതും അച്ഛനും കുഞ്ഞാണ്ടിമാഷും പത്മനാഭൻ മാഷും ചിരിയോട് ചിരി. പക്ഷെ ഞാൻ ഗൗനിച്ചില്ല. ദേശീയത മുറ്റിത്തഴച്ചു നിന്ന ആ കുപ്പായം അമ്മയെ കാണിക്കാൻ വീട്ടിലേക്ക്  ഓടിയ ഓട്ടത്തിനിടയിലാണ് നിരത്തിൽ വീണ് രണ്ടു കാൽമുട്ടിലേയും തൊലി ആദ്യമായി അടർന്നത്. വീട്ടിലെത്തിയപ്പോഴേക്കും ദേശീയതയാകെ കണ്ണീരിലും മണ്ണിലും ചോരയിലും കുതിർന്ന് അലങ്കോലമായിരുന്നു...