Friday, February 18, 2022

സ്വപ്നങ്ങൾ

സ്വപ്നങ്ങൾ പലപ്പോഴും അർത്ഥവത്താണെന്ന് തോന്നാറുണ്ട്. യാഥാർത്ഥ്യത്തേക്കാൾ നിർമാർന്നവ. അല്ലെങ്കിൽ എന്താണ് യാഥാർത്ഥ്യം? ഇന്നു രാവിലെ ഞാൻ നടക്കാൻ പോയി. മോൾക്കൊപ്പം. അവളുടെ സാന്നിധ്യം. വർത്താനം. ഞാൻ ഏറെ ആസ്വദിച്ചറിഞ്ഞു. പക്ഷെ ആ അനുഭവത്തിനും ഞാനിന്നലെ രാത്രിയിൽ കുട്ട നിറയെ ഉണ്ണിയപ്പം തിന്നുന്നതായിക്കണ്ട സ്വപ്നത്തിനും അനുഭവതലത്തിൽ ഇപ്പോൾ, ഇവിടെ, എന്തു വ്യത്യാസമാണുള്ളത്?

സ്വപ്നം വ്യാഖ്യാനിക്കുന്നവരുണ്ടെന്ന് കേട്ടിട്ടുണ്ട്. ഒരുച്ചയുറക്കത്തിൽ എനിക്കുണ്ടായ സ്വപ്നാനുഭവം  ആർക്കെങ്കിലും വ്യഖ്യാനിക്കാമോ?

ആതുരയുടെ ദിവസങ്ങളായിരുന്നു. രണ്ടായിരാമാണ്ട് തുടങ്ങി നാലോ അഞ്ചോ വർഷം കഴിഞ്ഞിരുന്നു. ഞാൻ ജോലി ചെയ്തിരുന്ന  ബാങ്ക് ഇൻഷുറൻസ് പോളിസികൾ മാത്രം ബിസിനസ്സായി കണക്കാക്കിയിരുന്ന കാലം. ഒരു ബിസിനസ്സും നടക്കാതെ നിരാശനായി, ഒരു  കസ്റ്റമറെ കണ്ടു മടങ്ങുകയായിരുന്നു. ഹെൽമറ്റ് തലയിലുറപ്പിച്ച്, എൻ്റെ ഏറ്റം പ്രിയനായ ബജാജ് ഡിസ്കവർ സ്റ്റാർട്ട് ചെയ്ത്, തിരിക്കാൻ മതിയായ സ്ഥലമുണ്ടോ എന്ന് തിരിഞ്ഞ് നോക്കിയതാണ്. തൊണ്ടയിൽ ഹെൽമെറ്റിൻ്റെ കുരുക്ക് മുറുകി. അമ്മേ... കൊടിയ വേദന. തൊണ്ടയിൽ ചെറിയ തടിപ്പ് രാവിലേ ഉണ്ടായിരുന്നതിൽ തട്ടിയതാണ്. കണ്ണിൽ നീർ പൊടിഞ്ഞു. വൈന്നേരം മൂന്നു മണി ആയപ്പോഴേക്കും പനി തുടങ്ങി. പനിയെന്നു പറഞ്ഞാൽ മാരക പനി. ചൂട്, ചുട്ടു പൊള്ളുന്ന ചൂട്. 

ഇൻഷുറൻസ് പോളിസി ഒരെണ്ണമെങ്കിലും ചെയ്താലേ വീട്ടിൽ പോകാൻ അനുവദിക്കൂ എന്നാണ് വലിയ മേധാവിയുടെ കൽപ്പന. ഒന്നും ചെയ്യാൻ പറ്റിയില്ല. ചീത്ത വിളി ഒരു പാട് കേട്ട് ഇറങ്ങിയപ്പോൾ മണി പത്തായി. കഴുത്തിലുള്ള വേദനക്ക് ചുറ്റും തടിപ്പ് കൂടിയിരിക്കുന്നു. ദേഹം പൊള്ളുന്നത് ശരിക്കും അറിയാനാവുന്നുണ്ട്. കുറ്റ്യാടിക്കുള്ള അവസാന ബസ്സും പോയിരിക്കുന്നു. പതുക്കെ ബൈക്കോടിച്ച് വീടെത്തിയപ്പോൾ പന്ത്രണ്ട് കഴിഞ്ഞു. ചുട്ടുപൊള്ളുന്ന കാലുകൾ ഷൂസിനുള്ളിൽ നിന്ന് പിടുവിച്ച് നേരെ കട്ടിലിൽ കേറിക്കിടന്നു. ലതയുടെ സാന്ത്വനങ്ങൾക്കും തടുക്കാവതായിരുന്നില്ല എൻ്റെ അഴൽ.

ഉറങ്ങാതെ നേരം പുലർത്തിയപ്പോഴേക്കും കവിളിനു താഴെ കഴുത്തിൽ വലിയ വീക്കം! മുണ്ടി നീര് ! എല്ലായ്പ്പോഴുമെന്ന പോലെ ഡോക്ടറെ കാണാൻ ബൈജുവാണ് കൂടെ വന്നത്.

സൂപ്പി ഡോക്ടർ കടുപ്പിച്ചു നോക്കി. സിഗരറ്റു കൊളുത്തി പുക ആവാഹിച്ച് പുറത്തേക്കൂതി കണ്ണടച്ച് ധ്യാനനിമഗ്നനായി കുറേ നേരമിരുന്നു. അച്ഛനുമായാണ് ഞാൻ വന്നിരുന്നതെങ്കിൽ ഇതാകു മായിരുന്നില്ല അവസ്ഥ. മണിക്കൂറുകൾ നീളുന്ന ചർച്ച. കേരളത്തിൻ്റെ ഭാരതത്തിൻ്റെ രാഷ്ട്രീയ അരക്ഷിതാവസ്ഥ , ഒക്കെ ചർച്ച ചെയ്ത്, ചർച്ച ചെയ്ത് നേരം കുറേ പോയേനേ!  കഥ പറയാൻ, രാഷ്ട്രീയം ചർച്ച ചെയ്യാൻ രണ്ടാളും ഇനിയില്ലല്ലോ!

ഒടുക്കം, സമാധി അവസാനിപ്പിച്ച് ഡോക്ടർ ചോദിച്ചു. "ഇഞ്ഞി മംഗലം കയിച്ചതാ?" അതെ എന്ന ഉത്തരത്തിന് മറു ചോദ്യം. "എത്ര മക്കള്ണ്ട്?" രണ്ട് എന്ന് ഞാൻ മറുപടി പറഞ്ഞതിന് സംതൃപ്തി നിറഞ്ഞ ചിരി! "എന്നാ സാരേല്ല. ഇനി ഇനിക്ക് കുഞ്ഞങ്ങള് ഉണ്ടാവാൻ പാടാ..."  കണ്ണു മിഴിച്ചിരുന്ന എൻ്റെ മുഖത്തു നോക്കി സൂപ്പി ഡോക്ടർ പറഞ്ഞു. "Mumps can cause infertility to an adult male"

ഞാൻ അമ്പരന്നില്ല. രണ്ട് മക്കളുള്ള എനിക്ക് ഇനിയെന്തിനാണ് ഫെർട്ടിലിറ്റി?

"നല്ലോണം വിശ്രമിക്കണം. പത്ത് പതിനാല് ദിവസം കഴിഞ്ഞിട്ട് ജോലിക്ക് പോയാ മതി!, മരുന്ന് എഴുതുന്നുണ്ട്. അത് കൂടാണ്ട് എടക്കെടെ ചെറ്നാരങ്ങ വായിലേക്ക് പിഴിഞ്ഞ് ഒഴിക്കണം. Keep your  saliva glands active... "

അടിമക്ക് തീരുമാനങ്ങൾ എടുക്കാൻ വയ്യല്ലോ! അഞ്ചു നാൾ കഴിഞ്ഞില്ല. ചോദ്യങ്ങൾ വരികയായി! "വരാറായില്ലേ?" "ഇൻഷുറൻസ് ഒന്നു മായിട്ടില്ല"
"നാളെ വന്നില്ലെങ്കിൽ രാജിക്കത്ത് എഴുതിത്തന്നോളൂ " എന്നിങ്ങനെ.   ആറാം നാൾ ആറാത്ത പനിയോടെ ഞാൻ ജോലിക്കു പോയി.കൊടും വെയിലിൽ ഇൻഷുറൻസും മ്യൂച്ചൽ ഫണ്ടും തിരിഞ്ഞു പിടിച്ചു. നിർത്താതെ ഉപഭോക്താക്കളെ ഉപദ്രവിച്ചു. ഏഴാം നാൾ എൻ്റെ വൃഷണങ്ങൾക്ക് ചുറ്റും നീരുവന്നു തടിച്ചു വീർത്തു. കടുത്തപനിയുടെ പാരമ്യതയിൽ ഞാൻ വീണു കിടന്നു. ഓട്ടോറിക്ഷയിൽ ബൈജുവിൻ്റെ താങ്ങോടെ എത്തിയ എന്നെ കണ്ടതും സൂപ്പി ഡോക്ടർ അലറി. " ഇന്നോട് പണിക്ക് പോറ് ന്ന് പറഞ്ഞതല്ലേ?" പ്രതികരിക്കാനായില്ല. ഞാൻ അർദ്ധ പ്രാണനായിരുന്നല്ലോ! ഡോക്ടർ മരുന്ന് കുറിച്ചു തന്നു. "ചുരുങ്ങിയത് രണ്ടാഴ്ച വീട്ടിന് പുറത്തിറങ്ങരുത് " പിന്നെ ബൈജുവിനോടായി പറഞ്ഞു. "വിശേഷം എന്തെങ്കിലുണ്ടെങ്കില് അറീക്കണം. കൂട്ന്നാണേങ്കില് അഡ്മിറ്റാക്കണ്ടി വരും''

പനി കുറഞ്ഞില്ല. ശരീരമാകെ കൊടിയ വേദന. വേനൽ കത്തി നിന്ന ചുട്ടുപൊള്ളുന്ന ദിവസങ്ങളായിരുന്നു. കിടക്കയിൽ നിന്നെഴുന്നേൽക്കാതെ കിടന്നു. അല്പം ആശ്വാസം തോന്നിയ ഒരുച്ചക്ക് ഉപ്പില്ലാത്ത കഞ്ഞി വയറു നിറയെ കുടിച്ച് ഞാൻ ഉറങ്ങിപ്പോയ ഉറക്കത്തിലാണ് വർഷങ്ങളിത്ര കഴിഞ്ഞിട്ടും മറക്കാനാവാത്ത ആ സ്വപ്നം ഞാൻ കണ്ടത്.

ഒരു കറുത്ത കുതിരപ്പുറത്ത് ദുർഘടം പിടിച്ച ഒരു കുന്നിൻ ചരിവിലൂടെ ഒരു കയ്യിൽ ഉയരത്തിപ്പിടിച്ച തിളങ്ങുന്ന വാളുമായി അതിശീഘ്രം ഞാൻ താഴോട്ട് പായുകയാണ്. മാനം കറുത്തു വിങ്ങിയിരുന്നു. കുതിരയുടെ കുതിപ്പിൽ, കുന്നിൻ ചെരിവ് തന്നെ കിടുകിടുത്തു. കുറ്റിച്ചെടികൾ  കുളമ്പുകൾക്കടിയിൽ ഞെരിഞ്ഞമർന്നു. എൻ്റെയുള്ളിൽ കൊടിയ ദുഃഖം നിറഞ്ഞു വ ഴിയുന്നുണ്ട്. ഞാൻ ഉറക്കെയെന്തൊക്കെയോ അലറി വിളിക്കുന്നുമുണ്ട്. ആരോടോ എന്തിനോടോ ഒക്കെയുള്ള പക ! നിരാശ! കൊടിയ നിരാശ! അരക്ഷിതത്വം. മൂടിക്കെട്ടിയ ആകാശം കറുത്തു കൊണ്ടേയിരുന്നു. മഴ ഇപ്പോൾ പെയ്‌തേക്കാം.. കുതിര താഴേക്ക് താഴേക്ക് കുതിച്ചോടി.. അതിന്റെ ചലനത്തിനൊപ്പം എന്റെ ശരീരവും ഇളകിക്കൊണ്ടിരുന്നു..

ഞാൻ താഴ് വരയിൽ മുട്ടുകുത്തിയിരിക്കുന്നതാണ് പിന്നീട് കാണാത്തത്. ചുറ്റും പച്ചച്ച മലകൾ. മലകൾക്ക് നടുവിൽ പാറകൾ തീർത്ത ചെറിയ സമതലം. ചുറ്റിലുമുള്ള മലകളിൽ നിന്ന് ഉറവയാർന്ന വെള്ളം പാറക്കെട്ടിനു താഴെ അരുവിയായി ഒഴുകുന്നു. ഞാൻ കൈകൾ രണ്ടും തലയും  മുകളിലേക്കുയർത്തിപ്പിടിച്ച് അലറുക തന്നെയാണ്. കൊടിയ നിരാശയും ദു:ഖവും എന്നെ മഥിക്കുന്നു. ആലംബമില്ല. രക്ഷക്കാരുമില്ല. ഞാൻ ഒറ്റയാക്കപ്പെട്ടവൻ. ഭയം! മരണഭയം! വലത്തെ കൈയിൽ ആകൊടിയ വാൾ   വിടാതെ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. ഇപ്പോഴും എനിക്ക് അനുഭവുക്കാനാവുന്നുണ്ട് ആ ആയുധത്തിന്റെ കാഠിന്യം. കണ്ണിൽ നിന്ന് കണ്ണുനീർ ഇടവിടാതെ ഒഴുകുന്നു. നിരാശ, നിസ്സഹായത....

പൊടുന്നനെ ഒരു ഇടി വെട്ടി. മേലെ കറുത്ത മേഘങ്ങൾക്കിടയിൽ മിന്നൽ നൃത്തം വച്ചു. അടുത്ത മിന്നൽ ശക്തമായി മിന്നിയതും ക്രൗര്യം നിറഞ്ഞ ഇടിനാദത്തോടെ ഒരു മിന്നൽ പിണർ എൻ്റെ വാളിലേക്ക് ശക്തമായി നിപതിച്ച് ലയിച്ചു. എൻ്റെ ശരീരമാകെ വിറച്ചു. ശോകം ശമിച്ചു. ഭയം ഇല്ലാതെയായി. പെട്ടെന്ന് എൻ്റെ ഇടതുവശത്ത് നിന്ന് അഭൗമ ശോഭയാർന്ന മൂന്ന് പ്രകാശഗോളങ്ങൾ ഉയരുകയായി. ഓരോന്നും എന്നിൽ വന്ന് വിലയിച്ചു. അവസാനത്തെ ഗോളം എന്നിൽ ചേർന്നതും അതി ഘോരമായ മഴ തിമർത്താർത്തു പെയ്യാൻ തുടങ്ങി.  

ഞാൻ കണ്ണു തുറന്നു. മഴ  പെയ്യുകയാണ്. ഇടിവെട്ടുന്നുണ്ട്. ഞാൻ വിയർത്ത് കുളിച്ചിരിക്കുന്നു. പനി ഒഴിഞ്ഞിരിക്കുന്നു.

ഈ ഒരു കിനാവ് എന്നെ പിൻതുടരാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറേയാവുന്നു. ആർക്കെങ്കിലും വ്യാഖ്യാനിക്കാമോ ഇതിൻ്റെ അർത്ഥം?

"നെടിയ കിനാവിതു നിദ്രപോലെ നിത്യം
കെടുമിതുപോലെ കിനാവുമിപ്രകാരം
കെടുമതി കാണുകയില്ല,കേവലത്തിൽ
പ്പെടുവതിനാലനിശം ഭ്രമിച്ചിടുന്നു" വെന്ന് ഗുരുസ്വാമികൾ.....

No comments:

Post a Comment