Friday, November 22, 2024

സൈക്കിൾ


സൈക്കിൾ


എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സൈക്കിൾ ഓടിക്കണമെന്ന കലശലായ മോഹമുദിച്ചത്. ഇന്നത്തെ കാലമല്ലെന്നോർക്കണം. ഇന്നാണെകിൽ യുകെജി യിൽ പഠിക്കുന്ന മഹാൻമാർ വരെ റോഡിൽ സൈക്കിൾ ഓടിച്ച് പോകുന്നു. കൈയും കാലും വിട്ട് സർക്കസ്സ് കളിക്കുന്നു. ഞങ്ങളുടെ കുട്ടിക്കാലത്ത് സ്വപ്നം കാണാൻ പോലും കഴിയാത്ത സംഭവം. 


അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ രണ്ടുമൂന്നുപേർക്കേ സൈക്കിൾ സ്വന്തമായുള്ളൂ. ഷണ്മുഖ വാച്ച് വർക്സ് മുതലാളി ഷൺമുഖേട്ടൻ, അണ്ടിക്കുന്നുമ്മലെ സലാം, പിന്നെ ഞങ്ങളുടെ തൊട്ടയൽവാസി, സനു എന്ന് വിളിക്കുന്ന സനിൽ. 


വെട്ടിത്തിളങ്ങുന്ന റിമ്മുകളും, പളുപളുത്ത പച്ച ബോഡിയുമുള്ള സുന്ദരിയായിരുന്നു ഷണ്മുഖൻ ചേട്ടന്റെ  സൈക്കിൾ. അവളെ  ഒരോ ഇഞ്ചും തുടച്ചുമിനുക്കി എണ്ണയിടുക എന്നതായിരുന്നു ഷൺമുഘേട്ടന്റെ ധ്യാനവൃത്തി . അതുകൊണ്ടുതന്നെ വളരെ വർഷങ്ങൾക്ക് ശേഷം കാണുമ്പോഴും, അദ്ദേഹത്തിന്റെ സൈക്കിൾ, പുതിയപോലെ മിന്നി തിളങ്ങി നിന്നു. അദ്ദേഹം ധരിക്കാറുണ്ടായിരുന്ന തൂവെള്ള വസ്ത്രങ്ങൾ പോലെ. ഞങ്ങൾ സ്കൂളിൽ പോകുന്ന സമയത്തു തന്നെ യാണ് ഷൺമുഘേട്ടൻ കടയിൽ പോയിരുന്നത്. തീഷ്ണതയേതുമില്ലാത്ത പ്രഭാത സൂര്യകിരണങ്ങളേറ്റ് പതുക്കെ, പതുക്കെ സൈക്കിളിനെ നോവിക്കാതെ പെഡൽ ചവിട്ടിത്തിരിച്ച് ഒരഭൗമ സഞ്ചാരം. ചുണ്ടിൽ പുഞ്ചിരി. എണ്ണ തേച്ച് പറ്റെ പുറകിലോട്ട് ചീകിയൊതുക്കിയ മുടിയിൽ തുളസിയും തെച്ചിയും…. സുഗന്ധം.


എന്റെ സമപ്രായക്കാരെയെല്ലാവരെയുമെന്നപോലെ എന്നെയും ഇരുചക്ര ലോകത്തേക്ക് ആകർഷിച്ചതിൽ ഷൺമുഖേട്ടന്റെ പങ്ക് ചെറുതല്ല. 


സലാമിനുണ്ടായിരുന്നത് ഏ വൺ സൈക്കിളായിരുന്നു. ലോകത്തിലെ ഏറ്റവും മുന്തിയ സൈക്കിൾ അതാണെന്ന് സലാം വിശ്വസിച്ചു. ഒരാളെ പോലും ആ സൈക്കിൾ തൊടാൻ അയാൾ അനുവദിച്ചില്ല. 


സനുവിന്റെ സൈക്കിളാണ് ഇക്കൂട്ടത്തിൽ ഏറ്റം ക്ലേശം സഹിച്ചത്. എല്ലാ ഞായറാഴ്ചയും ശസ്ത്രക്രിയക്ക് വശംവദനാകുന്നവൾ. പെഡൽ അഴിച്ച്, ഫ്രീ വീൽ അഴിച്ച്, ടയറഴിച്ച്  അതിനെ നഗ്നയാകും. വെറും ഫ്രെയിം മാത്രം. ഉരുണ്ടുരുണ്ടുപോകുന്ന സ്റ്റീൽ ബോളുകളെ തിരഞ്ഞുപിടിച്ച് തേയ്മാനം വന്നവയെ തഴുകി മിനുക്കി, ഗ്രീസ് തേച്ച് വീണ്ടും അതാതിടങ്ങളിൽ സന്നിവേശിപ്പിക്കും. സനുവിന്റെ സൈക്കിൾ യാത്രകളാവട്ടെ അറിയാത്ത വിദൂര ദിക്കുകളായ ജാനകിക്കാട്ടിലേക്കും, പെരുവണ്ണാമൂഴിയിലേക്കും നീണ്ടു.


ആനേരിച്ചാലിലെ അന്ത്രുവാണ് എന്നെ സൈക്കിളോടിക്കാൻ പഠിപ്പിച്ചത്. കിട്ടേട്ടന്റെ 'കാലി' ലായിരുന്നു പഠനം. കുറ്റ്യാടിയിലും പരിസരപ്രദേശങ്ങളിലും ഏറ്റവും പ്രശസ്തമായ പേരാണ് സൈക്കിൾ വാടകക്ക് കൊടുക്കുകയും റിപ്പയർ ചെയ്യുകയും ചെയ്തിരുന്ന കിട്ടേട്ടന്റേത്.  എം.ഐ.യു.പി സ്ക്കൂളിനു കിഴക്കുവശത്തുള്ള അദ്ദേഹത്തിന്റെ കടക്കുമുമ്പിൽ ഒരുപാട് സൈക്കിളുകൾ നിരത്തി വച്ചിട്ടുണ്ടാവും. ഫുൾ, അര, കാൽ എന്നിങ്ങനെ ഉയര ക്രമത്തിൽ. കാലും അരയും ഒന്നോ രണ്ടോ എണ്ണമേ കാണൂ. മുതിർന്നവർക്കുള്ള സൈക്കിളുകളാണ് കൂടുതൽ. ഉച്ചയൂണിന് സ്ക്കൂൾ വിടുന്ന നേരത്ത് സൈക്കിൾ  ഷാപ്പിനുമുന്നിൽ പോയി നിന്ന് , മൃതപ്രായരായ സൈക്കിളുകൾ ,  കിട്ടേട്ടന്റെ മാന്ത്രിക വിരൽ സ്പർശത്താൽ ഉയിർത്തെഴുന്നേൽക്കുന്നത് കാണുക ഞങ്ങളിൽ ചിലരുടെ പ്രധാന പരിപാടിയായിരുന്നു. കിട്ടേട്ടന്റെ കയ്യിൽ കറുത്തനിറത്തിൽ ഗ്രീസ് പറ്റിപ്പിടിച്ചിരിക്കും. തകൃതിയായ തട്ടിനും മുട്ടിനുമിടയിൽ ലോകത്ത് നടക്കുന്നതൊന്നും അദ്ദേഹം അറിയുന്നതേ ഇല്ലെന്ന് തോന്നും. പുറകോട്ട് ചീകിയൊതുക്കിയ സമൃദ്ധമായ മുടിയായിരുന്നു പ്രൗഢ സുന്ദരനായ കിട്ടേട്ടന്.  കറുത്തും ഇടക്കിടെ നരച്ചുമിരുന്ന മുടിയിഴകൾ ജോലിക്കിടെ നെറ്റിയിലേക്ക് വീഴുന്നത് അദ്ദേഹം മാടി പുറകോട്ടൊതുക്കും. നെറ്റിയിലും മുഖത്തും കരിപടരും.  


" കിട്ടന്റെ കാലുമ്മലും അരേമ്മലും കാരി മലക്കംമറേന്നത പിള്ളറ് " ഏതോ രസികനായ ഒരു മാഷ് സൈക്കിളോട്ടക്കാരായ തന്റെ വിദ്യാർത്ഥികളെ നോക്കി പാസ്സാക്കിയ കമൻ്റ്  സത്യമായിരുന്നു.  കിട്ടേട്ടന്റെ കാലിലോ അരയിലോ ഫുള്ളിലോ കേറാത്ത കൗമാരം അക്കാലത്തെ കുറ്റ്യാടിയിൽ ഇല്ലായിരുന്നു. അങ്ങനെ ഒരു കാലിലാണ് ഞാനും പഠനം ആരംഭിച്ചത്. കാൽ സൈക്കിളിനാണ് ഏറ്റവും ഉയരം കുറവ്. ഇടത്  കാൽ പെഡലിൽ ഉറപ്പിച്ച് വലതുകാൽ കൊണ്ട് ഭൂമിയെ  മർദിച്ച് മർദിച്ച് വേഗം കൈവരിച്ച്, പിന്നെ ഒരു നൊടികൊണ്ട് സൈക്കിളിൽ കയറിയിരുന്ന് ഓടിച്ച് പോകുന്ന ചവിട്ടിക്കയറൽ എന്ന വിദ്യ അഭ്യസിക്കാൻ കാലം ഒരുപാടെടുക്കും എന്നറിയാവുന്നതിനാലും, എന്റെയും അന്ത്രുവിന്റെയും ‘ചെറുപ്പത്തിന്’ കുള്ളൻ സൈക്കിളാവും നന്നാവുക എന്നതിനാലുമാണ് കാലിലേക്ക് ഒതുങ്ങിയത്. 


രണ്ട് ചക്രമേ ഉള്ളൂ. താങ്ങാൻ വേറെ ആലംബമൊന്നുമില്ല. വീണാൽ വീഴുക, അത്രയേ ഉള്ളൂ. എന്നിട്ടും എത്രയോ ആളുകൾ സധൈര്യം ഈ വാഹനമേറുന്നു. ഗതിവേഗം കുറവാണെങ്കിലും സൈക്കിൾ ഒരത്ഭുത വാഹനം തന്നെയാണ്. ഇത് കണ്ടുപിടിച്ചയാളെ സമ്മതിക്കണം എന്നിത്യാദി ചിന്തകൾ അന്ത്രു, പഠനം ആരംഭിക്കുന്നതിനു മുമ്പുതന്നെ പങ്കുവച്ചു. 


ആദ്യമായി സൈക്കിളിൽ കയറുന്നയാൾ അനുഭവിക്കുന്ന വേവലാതികൾ എണ്ണമില്ലാത്തതാണ്. എങ്ങാനും മറിഞ്ഞുവീണാലോ? മറിഞ്ഞു വീഴുന്നത് കൂടെ പഠിക്കുന്ന പെൺകുട്ടികളുടെ മുന്നിലാണെങ്കിൽ , അപമാനഭാരത്താൽ ആത്മഹത്യ ചെയ്യുന്നതാകും കരണീയം. അതിനേക്കാൾ ഭീകരമാണ് സൈക്കിൾ വിശാരദരായ സമപ്രായക്കാർക്കുമുമ്പിലും ഇളമക്കാർക്ക് മുമ്പിലും വീഴുന്നത്. വല്ല മുറിവും പറ്റി വീട്ടിൽ ചന്ന് കയറിയാലോ? ആലോചിക്കാൻ വയ്യ. തെരുവത്താശുപത്രിയിൽ ടിഞ്ചർ എന്നൊരു മരുന്നുണ്ട് . പച്ച മുറിവിൽ ടിഞ്ചറിൽ മുക്കിയ പഞ്ഞി ഒട്ടിക്കുക എന്ന നരകത്തിലെ ശിക്ഷാവിധി ഒട്ടും ദയയില്ലാതെ ചെയ്തു വരുന്നവരാണ് ആശുപത്രിയിലെ നേഴ്‌സുമാർ. പണ്ട്  നായ മാന്തിയ ദിവസത്തെ അനുഭവം എനിക്കുണ്ടല്ലോ.  അച്ഛൻ രൗദ്ര ഭീമനായി മാറുമെന്നതിൽ സംശയം വേണ്ട തന്നെ. 


സൈക്കിൾ മെല്ലെ നീങ്ങിത്തുടങ്ങി. അന്ത്രു യന്ത്രത്തെ ശക്തമായി താങ്ങി പിടിച്ചിട്ടുണ്ട്. അവന്റെ വശത്തേക്ക് ചെരിഞ്ഞുകൊണ്ടാണ് എൻ്റെ സൈക്ക്ളിങ്. “നേരെയാക്കിച്ചവിട്ടെടോ” എന്നവൻ പറയുന്നതിന് “നേരെ ആക്കിത്താടോ” എന്ന് ഞാൻ മറുപടിയും പറയുന്നുണ്ട്. ഇച്ചിരി ദൂരം പോയപ്പോഴേക്കും അവന്റെ ശക്തികൊണ്ട് സൈക്കിൾ നേരെ നിന്നു. പിന്നെയുമിത്തിരി കഴിഞ്ഞപ്പോൾ അവൻ ഹാൻഡിൽ ബാറിൽ പിടിച്ചിരുന്ന കൈവിട്ടു.  ഞാൻ ഹാൻഡിൽ ബാറിലാണ് നോക്കുന്നത്. “നേരെനോക്കെടോ നേരെ നോക്കെടോ” എന്നവൻ ആജ്ഞാപിച്ചു. “ഞ്ഞി പിടിച്ചിട്ടില്ലേ” എന്നുഞാൻ വേവലാതിയോടെ തിരക്കി. “ഉണ്ട് ഉണ്ട് ഞാൻ സീറ്റുമ്മ പിടിച്ചിട്ടുണ്ട്” ആശ്വാസം.  മെല്ലെമെല്ലെ സൈക്കിൾ മുന്നോട്ട്… “ഊര വളക്കല്ലെടോ “ എന്ന്  അന്ത്രു. “ഊര വളച്ചിട്ടില്ലാലോ” എന്ന് ഞാൻ.   അങ്ങനെ നീങ്ങിപ്പോകേ പുറകിൽ എന്തോ ഒരു ഭാരക്കുറവ് തോന്നുകയായി. തിരിഞ്ഞുനോക്കിയ ഞാൻ കണ്ട കാഴ്ച ! അന്ത്രു അതാ വളരെ ദൂരെ കയ്യും കെട്ടി നോക്കി നിൽക്കുന്നു, അനല്പമായ അഭിമാന ഹാസത്തോടെ. ഞാൻ സൈക്കിളിൽ ഒറ്റക്കാണെന്നറിഞ്ഞതും, തെങ്ങുമ്മക്കയറുന്ന കുഞ്ഞാണ്ടിയേട്ടന്റെ വീട്ടിനുമുൻപിൽ പോത്തോ എന്നുഞാൻ വീണതും ഒരേ നിമിഷത്തിൽ! കയ്യൊന്നുപോറിയതല്ലാതെ വേറെ കാര്യമായ ദുഃഖങ്ങളൊന്നും ഉണ്ടായില്ല. നൊന്തെങ്കിലും അന്നേരം ചിരിക്കാനാണ് തോന്നിയത് .  പ്രശസ്തമായ ചിരി . സൈക്കിളിൽനിന്ന് വീണ ചിരി.    


പിന്നെയും ദിവസങ്ങളെടുത്തു നേരാം വണ്ണം സൈക്കിൾ ഓടിക്കാൻ. ഇതിനൊരു പ്രശ്നമുണ്ട്. ഒരിക്കൽ ഓടിച്ചുകഴിഞ്ഞാൽ വീണ്ടും വീണ്ടും ഓടിക്കാൻ തോന്നും. കുറ്റ്യാടി വരെ പോയി കിട്ടേട്ടന്റെ പീടികയിൽ നിന്ന് സൈക്കിൾ എടുത്തുകൊണ്ടു വരാനുള്ളയത്ര പഠനം എനിക്ക് തികഞ്ഞിട്ടില്ല. മാത്രവുമല്ല, ഒരുമണിക്കൂർ സൈക്കിൾ വാടക , അൻപത് പൈസ സംഘടിപ്പിക്കുക ക്ഷിപ്രസാദ്ധ്യവുമല്ലായിരുന്നു. എന്നാലോ ഓടിക്കാനുള്ള ത്വര അടങ്ങുന്നുമില്ല. “ഒന്ന് ഞാൻ കേറിക്കോട്ടെടോ” എന്ന് സൈക്കിൾ വാടകക്കെടുത്ത് കൊണ്ടുവരാറുള്ള കൂട്ടുകാരോട് ചോദിച്ചത് നാണക്കേടായി നിലനിന്നതല്ലാതെ സൈക്കിളിൽ കയറാൻ അവസരം തരപ്പെട്ടില്ല.


ആയിടക്കാണ് അസൈനാറിക്ക ചെറിയകുമ്പളം അങ്ങാടിയിൽ  സൈക്കിൾ ഷാപ്പ് തുടങ്ങിയത്.  പുത്തൻ സൈക്കിളുകൾ. കൂട്ടത്തിൽ വയലറ്റ് നിറത്തിൽ ഒരു അര സൈക്കിളും. വാടക കിട്ടേട്ടന്റെ കടയിലേക്കാളും ഇച്ചിരി കൂടും. മണിക്കൂറിന് അറുപത് പൈസ. ഇത്രയും അരികെ സൈക്കിൾ ലഭ്യമാണെന്നിരിക്കെ അഭിലാഷം ഇനിയും അടക്കി വെക്കുന്നതിൽ അർത്ഥമില്ലെന്ന് തോന്നിയ ഒരുച്ചക്ക് ഞാനും അനിയനും കൂടി സൈക്കിൾ വാടകക്കെടുക്കാൻ പുറപ്പെട്ടു. അവനന്ന്  സൈക്കിൾ ഓട്ടാൻ അറിയില്ല. എനിക്ക് ഒരു മോറൽ സപ്പോർട് തരാൻ വേണ്ടി വന്നതാണ്. കീശയിൽ ഒരുരൂപ അൻപത് പൈസ ഉണ്ട്.  കശുവണ്ടി പെറുക്കി ശേഖരിച്ചത് വിറ്റ് അച്ഛനറിയാതെ സമാഹരിച്ച സമ്പത്താണ്. 


സൈക്കിൾ വാടകക്ക് തരുമ്പോൾ ഒരുകാര്യം മാത്രമേ അസൈനാറിക്ക പറഞ്ഞുള്ളൂ. “പുതിയ സൈക്കിളാണ്. ആടയും ഇവിടെയും കൊണ്ടെട്ടു കേടാക്കരുത്.” ശരിയെന്നു തലയാട്ടി, സൈക്കിളും ഉരുട്ടിക്കൊണ്ട് ഞങ്ങൾ കട്ടൻകോട് റോഡിലേക്ക് തിരികെ പ്രവേശിച്ചു. അര സൈക്കിളാണ്. പൊക്കമുണ്ട്. ചവിട്ടിക്കയറൽ വശമില്ല. അപ്പോൾ പ്രയോഗിക്കേണ്ട വിദ്യയാണ് 'വച്ച് കയറൽ '. അല്പം ഉയരമുള്ള ഒരു കല്ലിനടുത് സൈക്കിൾ കൊണ്ടുചെന്നു നിർത്തുക. കല്ലിൽ ചവിട്ടി സൈക്കിളിൽ കയറുക. കയറി ഇരുന്നുകഴിഞ്ഞ്  വലുത് കാലുകൊണ്ട് പെഡൽ ഉയർത്തി നിർത്തുക. പിന്നെ ഇതുവരെ താങ്ങായി നിന്ന കല്ലിൽ ഇടതുകാൽ കൊണ്ട് ശക്തിയായി സമ്മർദ്ദം ചെലുത്തുന്നതോടൊപ്പം വലതു പെഡൽ ആഞ്ഞ് ചവിട്ടുക. ശരവേഗത്തിൽ സൈക്കിൾ കുതിക്കുകയായി.  വേഗം കുറച്ച് സൈക്കിളോടിക്കുന്ന വിദ്യ എനിക്കന്ന് വശപ്പെട്ടിരുന്നില്ല. കല്ലിൽ നിന്ന് ലോഞ്ച് ചെയ്ത അതേ വേഗതയിലാണ് പോക്ക്. "മെല്ലെപ്പോ ഏട്ടാ …. മെല്ലെപ്പോ  ഏട്ടാ "  എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് അനിയൻ പുറകെ ഓടുന്നുണ്ട്. അവനോടൊപ്പം ലവൽ ചെയ്യാൻ ഒറ്റക്കാര്യ മേ എനിക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ. കുറേദൂരം ഓടിച്ചശേഷം തിരിച്ച് അവന്റെ അരികിൽ ചെല്ലുക. അതും ഒരു ബുദ്ധിമുട്ടുള്ള പണിയാണ്. ഒറ്റയടിക്ക് സൈക്കിൾ തിരിക്കാനും വട്ടം കറങ്ങാനും മറ്റുമുള്ള മന്ത്രങ്ങൾ ഇനിയും ഹൃദിസ്ഥമായിട്ടില്ല. ഒരു കല്ല് കണ്ടെത്തണം. സൈക്കിൾ തിരിച്ചു വെക്കണം. ചവിട്ടിക്കയറണം. മഹാബുദ്ധിമുട്ട്. അവൻ കെറുവിച്ചിരിക്കുകയാണ്. എന്നോട് മിണ്ടുന്നില്ല. ഒടുക്കം, സൈക്കിൾ ഓടിച്ചിരുന്ന എന്നേക്കാൾ മുമ്പേ അവൻ വീടെത്തി. വീട്ടിൽ കയറുന്നതിനു മുമ്പ് അവൻ ഉഗ്രമായി എന്നെ നോക്കി. എന്തായാലും അച്ഛനോട് പറയും എന്നുറപ്പായി.


അവൻ വീട്ടിലേക്ക് കയറിയപ്പോൾ ഇനി വരുന്നിടത്തു വച്ചു കാണാം എന്ന നിലയായി. വീടിന് തൊട്ടടുത്ത കയറ്റം അതിവേഗത്തിൽ ചവിട്ടിക്കയറ്റി. റോഡ് പണി കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. നിരപ്പായ മൺ നിരത്ത്. സൈക്കിൾ കുതിച്ചു പാഞ്ഞു. അപ്പൂട്ടിയാശാന്റെ വീട്ടിനുമുന്നിൽ വരയെ റോഡ് നന്നാക്കൽ ഉദ്യോഗം നടന്നിട്ടുണ്ടായിരുന്നുള്ളൂ. അതേക്കുറിച്ച് അജ്ഞനായിരുന്ന ഞാൻ പുതിയ റോഡും പഴയതും തമ്മിലുള്ള ഉയരവ്യത്യാസത്തിലേക്ക് ഗതിവേഗമേതും കുറയാതെ പ്രവേശിച്ചു. പ്രവേശിച്ച വാറെ , മുന്നിലെ ബ്രേക്ക് പ്രയോഗിക്കയാൽ ഡൈവ് ബോർഡിൽ നിന്ന് കുതിക്കുന്ന നീന്തൽക്കാരനെ പോലെ, ഹാന്റിൽ ബാർ വഴി മുന്നിലേക്ക് അതിശീഘ്രം നിപതിച്ചു.


വീഴലിന്റെ ശബ്ദവും എന്റെ നിലവിളിയുടെ ഒച്ചയും ആളുകളെ ആകർഷിച്ചു. കാൽമുട്ടിൽ തൊലി അടർന്നിരിക്കുന്നു. ചുണ്ട് പൊട്ടിയിട്ടുണ്ട്. തോളെല്ലിന് സമീപത്തായി ഒരു കൂർത്ത കല്ല് കുത്തിക്കേറിയിരിക്കുന്നു. രുധിരമയം ശരീരം. ഓടി വന്നയാളുകൾ എന്നെ ആശ്വസിപ്പിച്ചു. രവിയാണ് സൈക്കിൾ നിവർത്തി വച്ചത്.  ഹാന്റിലും ചക്രവും തമ്മിലുള്ള അലൈൻമെന്റ് തെറ്റി 'ക്ഷ '  പോലെ ആയിരിക്കുന്നു.  പോറലുകൾ ധാരാളം വീണിട്ടുണ്ട്.  അസ്സൈനാറിക്കയോട് എന്ത് പറയുമെന്നാലോചിച്ചപ്പോൾ ഞാൻ ഭയം കൊണ്ട് വിറച്ചു. " അത് സാരമില്ല. സൈക്കിൾ ഞാൻ കൊണ്ടോയി കൊടുക്കാം " രവി സന്നദ്ധനായി. എന്റെ കയ്യിലുണ്ടായിരുന്ന ഒന്നര രൂപ ഞാൻ അവന് കൊടുത്തു.  പിന്നെ വീട്ടിലേക്കുള്ള യാത്ര. സർവജനപരിസേവിതനായി ചോരയൊലിപ്പിച്ചങ്ങനെ ! തോളെല്ലിനു മുകളിൽ കയറിയ കല്ലുത്പാദിപ്പിച്ച മുറിവുകളൊഴികെ മറ്റൊന്നും വലിയ ആഴമില്ലാത്തവയായിരുന്നതിനാൽ ആശുപത്രികിൽ പോകേണ്ടെന്ന് ധാരണയായി. അമ്മ മുറിവെല്ലാം കഴുകി നിയോസ്‌ഫറിൻ പൊടിനിറച്ചു.  തോളിൽ വീണ മുറിവിന്റെ പാട് ഇപ്പോഴുമുണ്ട്.


സൈക്കിൾ സ്വന്തമായുണ്ടാവുക എന്ന സ്വപ്നം നടന്നതേയില്ല. അച്ഛൻ അതിനിടെ ഒരു പണപ്പയറ്റും നടത്തി. (ഈ കലാപരിപാടി എന്തെന്നറിയാൻ എന്നെ നേരിട്ട് കാണുക ) പയറ്റിന് ഇത്രതുകയിൽ കൂടുതൽ കിട്ടിയാൽ സൈക്കിൾ വാങ്ങിത്തരാമെന്നായിരുന്നു അച്ഛന്റെ പ്രതിജ്ഞ. പറഞ്ഞ തുകയേക്കാൾ എത്രയോ കൂടുതൽ തുക കിട്ടിയിട്ടും അച്ഛൻ പ്രതിജ്ഞ നിറവേറ്റിയില്ല.


പോകെ പോകെ സൈക്കിൾ മോഹം ഞാനുപേക്ഷിച്ചു. കുറേ നാൾ കഴിഞ്ഞു. പ്രീഡിഗ്രിയുടെ ആദ്യനാളുകളിലൊന്നിൽ ഞങ്ങളുടെ അയൽവാസി അഷ്റഫ് ഒരു കാര്യം എന്നോട് പറഞ്ഞു. "എന്റെ റാലി സൈക്കള് കൊട്ക്കാന്ണ്ട്. ഇനിക്ക് മാണോ ? " അവൻ എഴുന്നൂറ് രൂപ വില പറഞ്ഞു. ഒടുക്കം അഞ്ഞൂറ് രൂപക്ക് കച്ചോടം ഉറപ്പിച്ചു. അച്ഛൻ ആ കാശ് മന്ദഹാസസമന്വിതം എന്നെ ഏൽപ്പിക്കുകയും ചെയ്തതോടെ ഞാൻ സൈക്കിൾ മുതലാളിയായി.



എന്റെ സൈക്കിൾ കാണാൻ വലിയ ഭംഗിയൊന്നും ഉണ്ടായിരുന്നില്ല. കടും പച്ചനിറം. ഒറിജിനൽ പെയ്ന്റ് അല്ല. റിപെയ്ന്റ്  ചെയ്തതാണ്. റിമ്മിന് പള പളപ്പൊന്നുമില്ല. അക്കാലത്ത് റാലി സൈക്കിളിന്റെ വശങ്ങളിലൊക്കെ സുവർണ്ണ വർണ്ണത്താൽ കൈ കൊണ്ട് വിദഗ്ദ്ധർ  വരച്ചു ചേർത്ത പൊടിപ്പും തൊങ്ങലും വരയുമൊക്കെ ഉണ്ടാകാറുണ്ടായിരുന്നു. എന്റെ സൈക്കളിലുമുണ്ടായിരുന്നു വരയും കുറിയും. ഏതോ സാധു പെയ്‌ ന്റർ    പരീക്ഷിച്ച വളഞ്ഞുപുളഞ്ഞ വരകൾ. പെഡൽ രണ്ടും രണ്ടു വിധമായിരുന്നു. തിരിയുമ്പോൾ കറകറ എന്നൊരു മധുര നാദവും. പിറകിലെ റിമ്മിന് ഇച്ചിരി വളവുണ്ടായിരുന്നതു കൊണ്ടാവണം ഡയനാമോയുടെ ചക്രം ശരിക്കുമങ്ങ് ടയറിൽ സ്പർശിക്കാത്തതും മങ്ങിയും തെളിഞ്ഞും മങ്ങിയും തെളിഞ്ഞും ഹെഡ് ലാമ്പ് കത്തിയതും. 


അഞ്ഞൂറ് രൂപക്ക് ബെൻസ് കാറൊന്നും കിട്ടില്ലല്ലോ എന്ന ന്യായം ഞാൻ മനസ്സിലങ്ങ് ധ്യാനിച്ചു.വലിയ സുന്ദരിയൊന്നുമായിരുന്നില്ലെങ്കിലും ഡിഗ്രി ക്ലാസ്സ് കഴിഞ്ഞ് മാഹിയിൽ ജോലിയാകുന്നതുവരെ അവൾ എന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു.  ഇവന്റെ എല്ലാ തോന്ന്യാസങ്ങൾക്കും കൂട്ടായി. 






No comments:

Post a Comment