എൻ്റെ ഓട്ടോഗ്രാഫുകൾ
ഒരു ചെറു ദീർഘചതുരപുസ്തകം.
ഇന്നത്തെ സ്മാർട്ട് ഫോണിൻ്റെ വലിപ്പം .
ബ്രൗൺ നിറത്തിൽ തുകലിൻ്റെ കവർ.
പ്രൗഢിയുള്ള മിനുത്ത തൂവെള്ള കട്ടിക്കാലാസ് താളുകൾ !
ഒരു പാടുകാലം സന്തത സഹചാരിയായിരുന്ന എൻ്റെ ഓട്ടോഗ്രാഫ് പുസ്തകം.
1 കെ. ജയകുമാർ
അച്ഛൻ ഒരു സർക്കാർ പ്രൈമറി സ്ക്കൂളിൻ്റെ പ്രധമാദ്ധ്യാപകനായിരുന്നു. അഴിയൂർ ഫിഷറീസ് ഹൈസ്കൂളിൽ അദ്ധ്യാപകനായിരുന്ന അച്ഛൻ പ്രൊമോഷനായി കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്തുള്ള ചെറിയകുമ്പളം എൽ പി സ്ക്കൂളിൽ എത്തി. തുടക്കത്തിൽ എല്ലാ ദിവസവും അഴിയൂരിൽ നിന്ന് കുറ്റ്യാടി വരെ പോയി വരികയായിരുന്നു അച്ഛൻ. വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ ചോറും വാഴക്കാ മെഴുക്കുപുരട്ടിയും ഒരു കറുത്ത ബാഗിൽ വച്ച് അതുമായി പുലർ വെളിച്ചത്തിൽ ധൃതിയിൽ നടന്നു പോകുന്ന അച്ഛൻ്റെ രൂപം എനിക്കിന്നും ഓർമ്മയുണ്ട്. അമ്മയുടെ മേൽ ചാരിയിരുന്ന് അച്ഛൻ വരാത്തതെന്തേയെന്ന് ഉറക്കമില്ലാതെ പരിഭ്രമിക്കുന്ന എൻ്റെ ശൈശവ രാത്രികളും.
വളരെ ചെറുപ്പത്തിൽ തന്നെ അദ്ധ്യാപക വൃത്തിയിൽ പ്രവേശിച്ചയാളായിരുന്നു എൻ്റെ അച്ഛൻ. സർക്കാർ സർവീസിൽ വരുന്നതിന് മുമ്പു തന്നെ ഏകാദ്ധ്യാപക വിദ്യാലയങ്ങൾ ഉൾപ്പെടെ പലയിടങ്ങളിലും ജോലി നോക്കി.
1974 ൽ ആണ് അച്ഛൻ ചെറിയ കുമ്പളം സ്ക്കൂളിൽ പ്രധാനാദ്ധ്യാപകനാവുന്നത്. 1989 ൽ വിരമിക്കുന്നതു വരെയുള്ള വർഷങ്ങൾ അച്ഛൻ ചെറിയ കുമ്പളം ജി.എൽപി യിൽ തന്നെയായിരുന്നു. ഈ കാലഘട്ടത്തിൽ ചെറിയകുമ്പളത്തെയും കുറ്റ്യാടിയിലേയും സാമുഹിക സാംസ്കാരിക ഭൂപടത്തിൽ ചെറുതല്ലാത്ത ഒരു സ്ഥാനം അച്ഛൻ നേടിയിരുന്നു. സഹപ്രവർത്തകർക്കും അച്ഛനോട് എന്നും സ്നേഹം തന്നെയായിരുന്നു. വീട്ടിൽ തികഞ്ഞ കണിശക്കാരനായിരുന്നെങ്കിലും നാട്ടുകാരോടെല്ലാം അച്ഛൻ ചിരിച്ചുകൊണ്ട് മാത്രമേ സംസാരിച്ചിരുന്നുള്ളൂ. അതുകൊണ്ടുതന്നെ യാവണം അച്ഛൻ്റെ യാത്രയയപ്പ് യോഗം നാടിൻ്റെ ആഘോഷമായി മാറിയത്.
ചടങ്ങിൽ അന്നത്തെ കോഴിക്കോട് ജില്ലാ കലക്ടർ കെ ജയകുമാറായിരുന്നു മുഖ്യാതിഥി. ഒരു ജില്ലാ കലക്ടർ ഒരു എൽ പി സ്ക്കൂളദ്ധ്യാപകൻ്റെ യാത്ര അയപ്പുയോഗത്തിൽ അതിഥിയായെത്തുക അസുലഭമായി സംഭവിക്കുന്ന ഒന്നാണെന്നാണ് എൻ്റെ ധാരണ. തിങ്ങി നിറഞ്ഞ ജനാവലിയെ നോക്കി അദ്ദേഹം അത്ഭുതത്തോടെ പറഞ്ഞ വാക്കുകൾ ഇന്നും കാതിലുണ്ട്. “ഒരു അധ്യാപകൻ്റെ യാത്രയയപ്പ് യോഗത്തിൽ കലക്ടർ എന്നനിലയിൽ പങ്കെടുക്കുന്നത് ആദ്യമായാണ്. ഒരു ദേശം മുഴുവൻ സ്നേഹാദരങ്ങൾ ചൊരിയുന്ന ശേഖരൻ മാഷിൻ്റെ യാത്രയയപ്പ് യോഗത്തിൽ അതിഥിയാവൻ കഴിഞ്ഞത് എൻ്റെ ഗുരുക്കന്മാരുടെ കൃപയാണെന്ന് ഞാൻ കരുതുന്നു”. കവിയുടെ വായിൽ നിന്ന് വീഴുന്ന ഓരോ മുത്തും പെറുക്കിപ്പെറുക്കി ജനാവലിക്ക് നടുവിൽ പുളകം പൂണ്ട് നിൽക്കുകയായിരുന്നു ഞാൻ. ശ്രീ ജയകുമാറിൻ്റെ മനോഹരങ്ങളായ ചലച്ചിത്ര ഗാനങ്ങളും കവിതകളും തുടരെ തുടരെ വന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. മാത്രവുമല്ല കോഴിക്കോട് നഗരത്തിൻ്റെ നവീകരണ പ്രവർത്തനങ്ങളും. എല്ലാം ചേർന്ന് ഒരു നായകപരിവേഷം ഞങ്ങളെ പോലുള്ളവരുടെ ഹൃദയത്തിൽ അദ്ദേഹം അക്കാലത്ത് നേടിയിരുന്നു.
ഹ്രസ്വമല്ലാത്ത ഒരുപ്രഭാഷണമാണ് ശ്രീ ജയകുമാർ എന്ന് നടത്തിയത്. അച്ഛനെ കുറിച്ചുള്ള അഭിമാനവും, ആപ്രഭാഷണം തന്ന ഊർജവും എൻ്റെ ഹൃദയം നിറച്ചിരുന്നു. കലക്ടർ വേദിയിൽ നിന്ന് തിരക്കിട്ട് ഇറങ്ങുകയാണ്. ഞാൻ പാൻ്റിൻ്റെ പോക്കറ്റ് തപ്പി. ഉണ്ട്. അവിടെത്തന്നെ ഉണ്ട്. ആളുകൾ കലക്ടർക്ക് പോകുവാൻ വഴി ഒഴിയുന്നു. ആളുകൾ തീർത്ത വിടവിലൂടെ അദ്ദേഹം തൻ്റെ വാഹനത്തിന് നേരെ നടക്കുകയാണ്. കൂടെ മൂന്നാലാളുകൾ. ഞാൻ ആളുകളെ വകഞ്ഞുമാറ്റി അദ്ദേഹത്തിന് പിറകെ നടന്നു . നടന്നിട്ട് കൂടെ എത്തുന്നില്ല. ചുറുചുറുക്കോടെ അതിവേഗമാണ് അദ്ദേഹം നടക്കുന്നത്. മുന്നിൽ നിലാവിന് കീഴെ മാവുകൾ വീഴ്ത്തിയ ഇരുട്ടിലേക്ക് അദ്ദേഹമെത്തി.
ഞാൻ പിറകെ ഓടിയെത്തി. “സർ” ഞാൻ വിളിച്ചു. “ആരാ” കൂടെ യുള്ള തടിയൻ്റെ ക്രൗര്യം നിറഞ്ഞ പ്രത്യഭിവാദ്യം. “സർ” ഞാൻ വീണ്ടും വിളിച്ചു. വിളി കിതപ്പിൽ പകുതി മുറിഞ്ഞുപോയി. “ എന്താ വേണ്ടത്? “ വീണ്ടും ക്രൗര്യം. കലക്ടർക്ക് ചുറ്റും കൈകൾ കൊണ്ട് തീർത്ത സംരക്ഷണ വലയം. എന്നെ കൗതുകത്തോടെ നോക്കിയ കലക്ടർക്ക് നേരെ ഓട്ടോഗ്രാഫ് നീട്ടി ഞാൻ കിതച്ചു. “ഒരൊപ്പ്…” കലക്ടർ ചിരിച്ചു. “ഇതാണോ? വെളിച്ചത്തേക്ക് നീങ്ങി നിൽക്ക്…” കലക്ടർ ഒപ്പ് പുസ്തകം കയ്യിൽ വാങ്ങി. ഒരു പേജ് തുറന്നു. ഒരുപാട് കവിതകൾ വിരിഞ്ഞ വിരലും പേനതുമ്പും എൻ്റെ പുസ്തകത്തിൽ ബദ്ധശ്രദ്ധമായി. എന്തോ എഴുതി ഒപ്പിട്ട് പുസ്തകം തിരികെ ത്തന്നു. എന്നെ നോക്കി ചിരിച്ച്, നിലാവിൻ്റെ ആ കുഞ്ഞുതുരുത്തിൽ നിന്ന് അദ്ദേഹം ധൃതിയിൽ നടന്നു പോയി.
ഞാൻ മെല്ലെ പുസ്ത്കം തുറന്നു. “ഇരുളിൽനിന്ന് വെളിച്ചത്തിൻ്റെ തുരുത്തിലേക്ക് വന്നെതിനിൽക്കുന്ന എൻ്റെ യുവ സുഹൃത്തിന് ആശംസകൾ”
ആ പ്രിയ രാത്രിയിലേയ്ക്ക് നിലാവ് പെയ്തുകൊണ്ടേയിരിക്കുന്നു. ഇന്നും.
2. എം.എൻ. വിജയൻ
എം എൻ വിജയന്നെന്ന പേര് ആദ്യമായി കേട്ടത് അന്നാണ്. ഞങ്ങളുടെ കോളേജ് യൂണിയൻ ഉൽഘാടനത്തിൻ്റെ രണ്ടു മൂന്ന് ദിവസം മുമ്പ്.
മൊകേരി കോളജ്. വട്ടോളി നാഷണൽ ഹൈസ്കൂളിൽ നിന്ന് കടം വാങ്ങിയ നീളനൊരു കെട്ടിടം. സെക്കൻഡറി സ്കൂൾ ലീവിങ് സെർട്ടിഫിക്കറ്റിൽ 362 മാർക്ക് മാത്രം കിട്ടിയവന് മടപ്പള്ളിയിലും ബ്രണ്ണനിലും മറ്റും സയൻസ് പഠനം തികച്ചും അപ്രാപ്യമായിരുന്നു . പ്രോസ്പെക്ടസ്സ് നോക്കിയപ്പോൾ നാലാം ഗ്രൂപ്പിലാണ് പഠിക്കാൻ ഒരുപാട് വിഷയങ്ങൾ ഉള്ളത്. അതിനു തന്നെ ചേർന്നു. അഭിരുചികണ്ടെത്തി ഉന്നത വിദ്യാഭ്യാസം തെരഞ്ഞെടുക്കാനുള്ള പരീക്ഷകളൊന്നും അന്ന് ഉണ്ടായിരുന്നതായി അറിവില്ല. ഉണ്ടായിരുന്നെങ്കിലും പ്രയോജനമൊന്നുമില്ല. മുമ്പേ ഗമിച്ചീടിന ഗോവുതൻ്റെ പിൻപേഗമിക്കും ഗോവാണല്ലോ ഇത്.
കോളേജ് ചെറുതായിരുന്നെങ്കിലും , രണ്ട് ഗ്രൂപ്പുകൾ (മൂന്നും നാലും ) മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും , ലൈബ്രറി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അതിശുഷ്കമായിരുന്നെങ്കിലും, ക്ലാസ് റൂമുകൾക്ക് അരമതിലിൻ്റെ സൗഭാഗ്യ മേ ഉണ്ടായിരുള്ളുവെങ്കിലും ആഘോഷങ്ങൾക്ക് കുറവേതു മുണ്ടായിരുന്നില്ല. നല്ല അദ്ധ്യാപകർ. ഹൃദയം നിറയെ സ്നേഹം മാത്രമുള്ള സഹപാഠികൾ!
അബ്ദുൾ ഖാദർ സാറായിരുന്നു ഞങ്ങളുടെ പ്രിൻസിപ്പാൾ. മുഖം നിറയെ ഗൗരവം . ഒന്ന് ചിരിച്ചാലോ പൂനിലാപ്പാലാഴി. ഞങ്ങളുടെ അധ്യാപകരാരെങ്കിലും ലീവായാൽ അദ്ദേഹം ക്ലാസിൽ വരും. മലയാള സാഹിത്യം പറയാനായിരുന്നു അദ്ദേഹത്തിന് ഏറെ ഇഷ്ടം. ഞങ്ങൾക്കന്ന് കോവിലൻ എഴുതിയ ഭരതൻ പഠിക്കാനുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളോട് കോവിലനെ കുറിച്ചും അദ്ദേഹത്തിൻ്റെ സാഹിത്യ ജീവിതത്തെക്കുറിച്ചും വാതോരാതെ പറയും. യുവാവായ വൃദ്ധൻ എന്നാണ് കോവിലനെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്. കോവിലനെ കൂടുതൽ വായിച്ചപ്പോൾ അങ്ങനെ തന്നെ എന്ന് തോന്നുകയും ചെയ്തു. കോവിലൻ മാത്രമല്ല മലയാളത്തിൻ്റെ ആധുനികത മുഴുവൻ അദ്ദേഹം സരസമായ, ഫലിതം നിറഞ്ഞ മലയാളത്തിൽ ഞങ്ങൾക്ക് പറഞ്ഞു തന്നു.
“ഇത്തവണ നമ്മുടെ യൂനിയൻ ഉദ്ഘാടനത്തിന് എൻ്റെ ഒരു സുഹൃത്താണ് വരുന്നത്” അദ്ദേഹം പറഞ്ഞു. തലശ്ശേരി ബ്രണ്ണൻ കോളേജിൽ അവർ സഹപ്രവർത്തകരായിരുന്നത്രെ. “ എം.എൻ വിജയൻ ….. സംസാരിക്കുമ്പോ പുറം കണ്ണടച്ച് അകക്കണ്ണ് തുറക്കുന്ന ധിഷണാശാലി” അദ്ദേഹം പറഞ്ഞു. “ മലയാളത്തിൽ ചിന്തകൻ എന്ന ഗണത്തിൽ പെടുത്താൻ ഇക്കാലത്ത് എൻ്റെ സുഹൃത്ത് മാത്രമേ ഉള്ളൂ” അത്ഭുത വാർത്ത കേട്ടപോലെ കണ്ണുമിഴിച്ചിരുന്ന ഞങ്ങളോട് അദ്ദേഹം തുടർന്ന് പറഞ്ഞു. ‘’ കേസരി ബാലകൃഷ്ണപ്പിള്ള ആരായിരുന്നെന്ന് മലയാളിക്ക് മനസ്സിലാക്കിക്കൊടുത്തത് ശ്രീ വിജയനാണ്…. “ തുടർന്നും എന്തൊക്കെയോ പറയാനാഞ്ഞെങ്കിലും കോളേജ് പിരിയാനുള്ള ബെൽ മുഴങ്ങിയതിനാൽ ചിരിച്ച് കൈവീശി അദ്ദേഹം ക്ലാസിൽ നിന്നിറങ്ങിപ്പോയി.
യൂനിയൻ ഉത്ഘാടന ദിവസം. ആകാംക്ഷ യോടെ കാത്തിരുന്ന ഞങ്ങളുടെ മുന്നിലേക്ക് കറുത്ത് കൃശഗാത്രനായ വിജയൻ മാഷ് പ്രിൻസിപ്പാളിൻ്റെ അകമ്പടിയോടെ കയറി വന്നു. നീണ്ടു നിന്ന കരഘോഷം. പ്രിൻസിപ്പാൾ തൻ്റെ സഹപ്രവർത്തകനെ തികഞ്ഞ കയ്യടക്കത്തോടെ സദസ്സിന് പരിചയപ്പെടുത്തി. പ്രഭാഷണത്തിനായി മുഖ്യാതിഥിയെ ക്ഷണിച്ചു.
അതിഥി മൈക്കിനടുത്ത് എത്തുന്നതുവരെയുള്ള നിശബ്ദത . പിന്നെ, ആശയങ്ങളുടെ , നിരീക്ഷണങ്ങളുടെ , ദർശനങ്ങളുടെ , പരിഹാസത്തിൻ്റെ കനത്ത കർക്കടക മഴ. ഇടക്കിടെ മിന്നുന്ന ചിരിയുടെ മിന്നൽ വെളിച്ചം . ഞങ്ങൾ മഴയുടെ ഹർഷാരവത്തിൽ നനഞ്ഞ് മഴയിൽ മുഴുകിയങ്ങനെ !’
രണ്ടു മണിക്കൂറോളം വിജയൻ മാഷ് സംസാരിച്ചു. സംസാരിച്ച വിഷയം എന്തായിരുന്നെന്ന് എനിക്ക് ഓർമയില്ല. എന്നാലും ആ പ്രഭാഷണം , പ്രഭാഷകൻ്റെ ശബ്ദം, അംഗ വിക്ഷേപങ്ങൾ ഒക്കെ മായാതെ ഒരുപാടുകാലം മനസ്സിൽ നിന്നു .
കാലം ആരെയും കാത്തുനിൽക്കാതെ മരണപ്പാച്ചിൽ പായുന്ന ശക്തൻ കുതിരയാണല്ലോ. മൊകേരിക്കോളേജ് കഴിഞ്ഞ് മാഹിക്കോളേജിൽ നിന്ന് ഡിഗ്രി പാസായി, കമ്പനി സെക്രട്ടറീസ് എന്ന ഭീമൻ കടമ്പ കടക്കുമോ എന്ന് പരീക്ഷിച്ചുകൊണ്ടിരുന്ന കാലം. (കടക്കാൻ കഴിയില്ല എന്ന് കാലം പിന്നീട് തെളിയിക്കും) ഫറൂക്കിലെ അൽ-ഫാറൂക് എഡ്യൂക്കേഷണൽ സെന്ററിൽ ആണ് കോച്ചിങ് ക്ലാസ്. മാഹിയിലെ ജോലി, ദിവസത്തിന്റെ ആദ്യ പകുതി. രണ്ടാം പകുതിയിൽ മദിരാശി മെയിൽ പിടിച്ച് ഫറൂക്കിലേക്ക്. ക്ലാസ്സ് കഴിഞ്ഞ് തിരികെ ഇഴഞ്ഞിഴഞ്ഞെത്തുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ .
കോഴിക്കോട് കഴിഞ്ഞാൽ തീവണ്ടിയിൽ അധികം ആളുകൾ ഉണ്ടാകാറില്ല. കോഴിക്കോട്ടുനിന്ന് കയറുന്ന കുറച്ച് കച്ചവടക്കാർ. പീടിക തൊഴിലാളികൾ. അവരിലധികം പേരും കൊയിലാണ്ടിയിൽ ഇറങ്ങും.. കൊയിലാണ്ടിവരെ സഹപാഠി അബൂബക്കർ ഉണ്ടാവും, കഥയും ആശങ്കയും കുശുമ്പും കുന്നായ്മയും പറയാൻ. അബു ഇറങ്ങുന്നതോടെ ഞാൻ ഉറക്കം പിടിക്കും
ഒരു ദിവസം, കൊയിലാണ്ടി കഴിഞ്ഞ് അബുവിനെ വാതിക്കൽ ചെന്ന് യാത്രയാക്കി, തിരികെ സീറ്റിലേക്ക് നടക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച ഒരു കൃശഗാത്രം സീറ്റിൽ കിടക്കുന്നു. ലൈറ്റ് ഓഫ് ചെയ്തിരുന്നു. സൂക്ഷിച്ചുനോക്കി. മങ്ങിയ വെളിച്ചത്തിലും ഞാൻ തിരിച്ചറിഞ്ഞു. വിജയൻ മാഷ്.
മാഷ് ഉറങ്ങുന്നുണ്ടായിരുന്നില്ല. ഞാൻ മെല്ലെ ആ പാദങ്ങൾ തൊട്ടു. ഞെട്ടിയപോലെ കാൽ പിൻവലിച്ച് എഴുന്നേറ്റിരുന്നു. ശല്യപ്പെടുത്തിയതിൻ്റെ നീരസം മുഖത്ത് സ്പഷ്ടം. “ആരാ?” അദ്ദേഹം ചോദിച്ചു. ഞാൻ എന്റെ കാര്യങ്ങൾ പറഞ്ഞു. മാഷ് മൊകേരി കോളേജിൽ വന്നതും, പ്രഭാഷണം നടത്തിയതും മറ്റും. “മാഷിന് വയ്യേ?” മുഖത്തെ ക്ഷീണം കണ്ട് ഞാൻ തിരക്കി. “ഉം” ഒരുമൂളൽ മാത്രം മറുപടി.
ഒരുപാട് ആതുരതകളിലൂടെ കടന്നുപോയ ആളാണല്ലോ മാഷ് ! ഇരിക്കാൻ വയ്യാതെ എത്രയോ കാലം നിന്നുകൊണ്ട് രചന നിർവഹിച്ച ആൾ. തൻ്റെ നല്ല കൃതികളെല്ലാം നിന്നുകൊണ്ടെഴുതിയവയാണെന്ന് മാഷ് ഏതോ ഇന്റർവ്യൂവിൽ പറഞ്ഞു കേട്ടിട്ടുണ്ട്.
എൻ്റെ ബാഗിലുണ്ടായിരുന്ന ഓട്ടോഗ്രാഫ് പുസ്തകം ഞാൻ മാഷിന് നേരെ നീട്ടി. ഒരു ചെറു ചിരിയോടെ ബുക്ക് വാങ്ങി മടിയിൽ വച്ച് കുറച്ച് നേരം എന്തോ ആലോചിച്ച്. പിന്നെ ധൃതിയിൽ ഒപ്പിട്ട് തിരികെ തന്നു.
“ പുസ്‌തകങ്ങൾ വായിക്കാറുണ്ടോ “ അദ്ദേഹം തിരക്കിയതിനു ഞാൻ ഉവ്വെന്ന് തലയാട്ടി. വീടെവിടെയാണെന്നും മറ്റും ഇച്ചിരിനേരം കുശലം . പിന്നെ “ഞാൻ കിടക്കട്ടെ “ എന്ന് അദ്ദേഹം തിരികെ സീറ്റിൽ നിവർന്നു കിടന്നു. ഒരിക്കൽ കൂടി നോക്കി ചിരിച്ച് എന്നോട് പൊയ്ക്കൊള്ളാൻ ആംഗ്യം കാട്ടി.
അഭിമാനത്തോടെ, എൻ്റെ സീറ്റിലേക്ക് നടക്കവേ, ഞാൻ തിരിഞ്ഞു നോക്കി. മാഷ് ഉറക്കമായിരുന്നു.
3.കെ.ജെ യേശുദാസ്
“ആകാശവാണി കോഴിക്കോട് . അഖില കേരള സംഗീതോത്സവത്തിൻ്റെ ഭാഗമായി ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പാകെ അവതരിപ്പിച്ച കെ.ജെ യേശുദാസിൻ്റെ സംഗീതക്കച്ചേരി ഇപ്പോൾ കേൾക്കാം. മൃദംഗം വായിക്കുന്നത് …”
കോഴിക്കോട് ടാഗോർ സെൻ്റിനറി ഹാളിൽ സംഗീത പരിപാടി ആരംഭിക്കുകയായിരുന്നു . ക്ഷണിക്കപ്പെട്ട സദസ്സിനു മുൻപിൽ. ആ ക്ഷണിക്കപ്പെട്ടവരിൽ ഒരാൾ ഞാനായിരുന്നു. അത്ഭുതപ്പെടേണ്ട . അക്കാലത്ത്, ആകാശവാണി ‘ഓഫ്‌ലൈനായി’ അവതരിപ്പിക്കുന്ന പരിപാടികൾക്ക് ആർക്കും ‘ക്ഷണിക്കപ്പെട്ടവരാ’കാം . പരിപാടിയെ കുറിച്ച് ആകാശവാണിയിൽ മുൻകൂട്ടി അറിയിപ്പ് വരും. ഇത്രാം തീയതി ഇന്നയിടത്ത് വച്ച് ഇന്ന പരിപാടി നടക്കാൻ പോകുന്നു എന്ന്. അത് കേട്ടപാടെ എനിക്കും പ്രസ്തുത പരിപാടി കാണാൻ താത്പര്യമുണ്ടെന്ന് കാണിച്ച്,
ആകാശവാണിയിലേക്ക് ഒരു കത്തയക്കണം. ഒരാഴ്ച്ച്ചക്കകം രണ്ടുപേർക്ക് പരിപാടി കാണാനുള്ള പാസ്സ് വരും. ഇതാണ് ക്ഷണിക്കപ്പെടലിൻ്റെ ഒരു രീതി. അതതു പ്രദേശങ്ങളിലെ സാംസ്കാരിക നായകന്മാർക്കും, ആകാശവാണിയിൽ സ്ഥിരമായി പരിപാടികളും മറ്റും അവതരിപ്പിക്കുന്നവർക്കും കത്തയക്കാതെ തന്നെ വരും, ക്ഷണം.
വടകര ടൗൺ ഹാളിലും, ടാഗോർ സെന്റിനറി ഹാളിൽ തന്നെയും ചില പരിപാടികളിൽ സംബന്ധിക്കാൻ ഞാൻ പാസുകൾ കത്തയച്ച് വരുത്തുകയുണ്ടായിട്ടുണ്ടെങ്കിലും, ‘നീപോകേണ്ട ആവശ്യമില്ലെ’ന്ന് താത ശാസനം ഉണ്ടാവുകയാൽ പോകാൻ തരപ്പെട്ടിരുന്നില്ല. ശ്രീ യേശുദാസിൻ്റെ കച്ചേരിയിൽ പങ്കെടുക്കാൻ സാധിച്ചതോ, ക്ഷണപത്രമില്ലാതെയും!
മുമ്പൊരിക്കൽ പറഞ്ഞ സി എസ് പഠനകാലം. അൽ ഫാറൂഖ് എഡ്യൂക്കേഷൻ സെന്ററിലായിരുന്നു കോച്ചിങ് ക്ലാസ്സുകൾ നടന്നിരുന്നത്. ആ സെൻറർ നഗരത്തിൽ നിന്നും ഏറെദൂരെയാകയാൽ വിദ്യാർത്ഥികൾ ക്ലാസിൽ വരാൻ വിമുഖരാകുന്നു എന്ന് തോന്നി, അധികൃതർ സായാഹ്ന ക്ളാസുകൾ ചെറൂട്ടി റോഡിലുള്ള എം എസ് എസ് കൾച്ചറൽ കോംപ്ലെക്സിലേക്ക് മാറ്റിയ സുഖ കാലം. ഐ എ എസ് പഠിച്ച് പാസ്സായി ഗവൺമെൻ്റ് സെക്രട്ടറിമാരാക്കാൻ മിനക്കെട്ട് നടക്കുന്നവർ അന്ന് ധാരാളമുണ്ടായിരുന്നു അവിടെ. കമ്പനികളുടെ സെക്രട്ടറിമാരാകാൻ നടക്കുന്ന ഞങ്ങളെ അവർക്ക് പരമ പുച്ഛ മായിരുന്നു. അവരെ ഞങ്ങൾക്കും. അന്ന് നല്ല ബുദ്ധിതോന്നി അവരുടെ കൂടെ കൂടിയിരുന്നെങ്കിൽ ഇന്ന് ഞാൻ ആരായേനെ? പോയബുദ്ധി ആന വലിച്ചാൽ വരുമോ?
അങ്ങനെ ഇരിക്കെ ഒരുദിവസം ഹൃദയ ഭേദകമായ ഒരറിയിപ്പ് ഞാൻ ആകാശവാണിയിൽ നിന്ന് കേട്ടു . അന്ന് കണക്കെഴുത്ത് ജോലിക്ക് പോയിരുന്നില്ല. മടിപിടിച്ച് കിടന്നുറങ്ങി. ഉച്ചക്ക് ചോറുണ്ണാൻ ഇരുന്ന നേരം സാധാരണ പോലെ റേഡിയോ ഓൺ ചെയ്തു. ശാസ്ത്രീയ സംഗീതക്കച്ചേരി. ഒരു കീർത്തനം പാടി അവസാനിച്ച ഇടവേളയിലാണ് അറിയിപ്പുണ്ടായത്. കിളിനാദം . “പ്രിയ ശ്രോതാക്കളെ. ഇന്ന് വൈകീട്ട് ആറു മുപ്പതിന് കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ ശ്രീ കെ ജെ യേശുദാസിൻ്റെ സംഗീതക്കച്ചേരി, ആകാശവാണിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.” കോകിലവാണി തുടർന്നു “പ്രസ്തുത പരിപാടിക്ക് മുൻകൂട്ടി ക്ഷണിക്കപ്പെട്ടവർക്ക് മാത്രമേ പ്രവേശനമുണ്ടാവുകയുള്ളൂ” ദുഷ്ട. എന്തെ ഈ സമ്മോഹന പരിപാടിയെക്കുറിച്ച് ഈയുള്ളവൻ മുൻകൂട്ടി അറിയാതെ പോയി? വിധി വിളയാട്ടം തന്നെ. കെ ജെ യേശുദാസ് കോഴിക്കോട് പാടിയിട്ട് കേൾക്കാതെ പോകുകയോ! എന്ത് വിലകൊടുത്തും കച്ചേരി കേൾക്കുക തന്നെ എന്ന് ആ നിമിഷം തീർച്ചയാക്കി.
സാധാരണ ദിവസങ്ങളിൽ ക്ലാസിന് പോകുന്നതിനുമുമ്പ് ഒരു ചായ ഉണ്ടാക്കി മൂത്തമ്മക്ക് കൊടുക്കുക എന്നത് എൻ്റെ ചുമതലയായിരുന്നു. അഴിയൂരിലെ മൂത്തമ്മ യുടെ വീട്ടിലായിരുന്നല്ലോ എന്റെ താമസം. അമ്മയുടെ ഏറ്റവും മൂത്ത ചേച്ചി. അന്ന് ചായ ഉണ്ടാക്കാനൊന്നും നിന്നില്ല. വേഗം സ്റ്റേഷനിലെത്തി. മദിരാശി മെയിൽ അന്നും ഇന്നും മാഹിയിൽ എത്തുന്നത് നാല് പതിനാറിനാണ് . ക്ലാസ്സ് തുടങ്ങുന്നത് ആറിനാണ്. അഞ്ചേകാലാകുമ്പോഴേക്കും മെയിൽ കോഴിക്കോട് പിടിക്കും. അൽപ്പം ചില ദിവസങ്ങളൊഴിച്ചാൽ വണ്ടി സമയകൃത്യതയോടെ ഓടി.
എം എസ് എസിൽ എത്തിയതും സിദ്ധാർത്ഥൻ എത്തിയോ എന്നാണ് നോക്കിയത്. വന്നിട്ടില്ല. ഇടക്കിടെ മുങ്ങുക പഹയന്റെ പതിവാണല്ലോ. നാട്ടിലെ കലാസമിതിയിൽ നാടക റിഹേഴ്സൽ ഉണ്ടായിക്കാണും. അവന് നഷ്ടപ്പെടുന്നത് എന്തെന്ന് അവൻ അറിയുന്നില്ലല്ലോ ! സഹപാഠികളിൽ സംഗീതവും സാഹിത്യവും പറഞ്ഞാൽ ചെവി അല്പമെങ്കിലും തരുന്നയാൾ അവനായിരുന്നല്ലോ.
സമയം അതിക്രമിക്കുന്നു. ആറരക്ക് കച്ചേരി തുടങ്ങും . ഞാൻ എം എസ് എസിൽ നിന്ന് ചെറൂട്ടി റോഡിലേക്കിറങ്ങി. ധൃതിയിൽ ഇടത്തോട്ട് തിരിഞ്ഞ് റെഡ് ക്രോസ്സ് റോഡിലേക്ക് കയറി. അവർ എന്നെ കടത്തിവിടുമോ എന്ന ആധി വല്ലാതെ മഥിക്കുന്നുണ്ട്. അടഞ്ഞുകിടക്കുന്ന ഗേറ്റിനപ്പുറത്ത് അതി ഗംഭീരൻ ഒരു സെക്യൂരിറ്റി. “ഒരാളെ കടത്തിവിടാൻ പറ്റുമോ?” ഇപ്പൊ കരഞ്ഞുപോകും എന്ന മുഖഭാവത്തോടെ ഞാൻ അയാളോട് ചോദിച്ചു. മുഖത്തെ ഗാoഭീര്യത്തിന് ഒട്ടും ചേരാത്ത ശാന്ത സ്വരത്തിൽ സെക്യൂരിറ്റി പറഞ്ഞു. “ഞാൻ കടത്തിവിട്ടിട്ടെന്താമോനെ? വാതിൽക്കൽ നിൽക്കുന്നയാൾക്ക് പാസ്സ് കാണിക്കണ്ടേ ?” വിഷണ്ണനായും ഒരുപാട് സങ്കടം അഭിനയിച്ചും ഞാൻ ആ ഗേറ്റിനുമുൻപിൽ നാലുചാൽ നടന്നു. സെക്യൂരിറ്റി മന്ദഹാസത്തോടെ എന്നെ നോക്കിക്കൊണ്ടിരുന്നു. അൽപ്പം കഴിഞ്ഞ് “പൊയ്ക്കോ മോനേ , പാസ്സില്ലെങ്കിൽ കാത്തിരുന്നിട്ട് കാര്യമില്ല” എന്ന് അംഗവിക്ഷേപത്തോടെ വിളിച്ച് പറഞ്ഞു. പിന്നെ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ ഞാൻ ചെറൂട്ടി റോഡ് ലക്ഷ്യമാക്കി തിരികെ നടന്നു. വിധിച്ചതല്ലേ നടക്കൂ… കച്ചേരി കേൾക്കാൻ ഭാഗ്യമില്ല. അതും ആകാശവാണിയുടെ ക്ഷണിക്കപ്പെട്ട സദസ്സ്. യേശുദാസിൻ്റെ അമൃതസമാന ശബ്ദം.. ഒക്കെ തീർന്നു.
സ്വയം പിറുപിറുത്ത് മുന്നോട്ട് നടക്കവേ ആ കാഴ്ച്ച കണ്ടു. രണ്ട് അപ്പൂപ്പന്മാർ എനിക്കെതിരായി വരുന്നു. രണ്ടു പേരുടെ കയ്യിലും പാസ്സുണ്ട്. പലതവണ ഞാൻ കണ്ട് പരിചയിച്ച , നീല നിറത്തിൽ ആകാശവാണിയുടെ മുദ്രകുത്തിയ വെള്ളക്കവർ. ഞാൻ ആ അപ്പൂപ്പൻ മാരെ സമീപിച്ചു. “ ഒരു പാസ് എനിക്ക് തരാമോ? “ അവർ എന്നെ തെല്ലൊരത്ഭുതത്തോടെയും ഏറെ വാത്സല്യത്തോടെയും നോക്കി. അവരുടെ കണ്ണിലെ സംശയ ഭാവം കണ്ട് ഞാൻ വീണ്ടും തിരക്കി. “ഒരു പാസ്സ് ! രണ്ടാൾക്ക് ഒരു പാസ്സിൽ കയറാമല്ലോ!” അവർ പരസ്പരം നോക്കി. എന്നിട്ട് പറഞ്ഞു. “ മോനേ, ഒരാൾ കൂടി വരാനുണ്ടല്ലോ!” അപ്പോൾ മറ്റേ അപ്പൂപ്പൻ പറഞ്ഞു. “അതിനെന്താ? ഒരു പാസിൽ ഇവനെയും കയറ്റാം! “ ഞാൻ സ്വർഗ്ഗത്തിൽ എത്തിയപോലെയായി. അവരുടെ കൂടെ ഹാളിലേക്ക് തിരികെ നടന്നു. തിരിച്ചുവരുന്ന എന്നെ കണ്ടതും സെക്യൂരിറ്റി നിറഞ്ഞ് ചിരിച്ചു. “മോൻ വാ “ എന്ന് ഒരപ്പൂപ്പൻ എന്നെ ഹാളിനടുത്തേക്ക് കൊണ്ടുപോയി . വാതിൽക്കൽ നിന്നയാൾ പാസ് വാങ്ങി കയ്യിലുണ്ടായിരുന്ന ഒരു പങ്ചർ കൊണ്ട് പാസ്സിൽ ഒരു തുളയിട്ടു. രണ്ടാമതൊരു തുള കൂടി ഇടാനായവേ അപ്പൂപ്പൻ പറഞ്ഞു. “ വരട്ടെ! ഞാനൊന്ന് മൂത്രപ്പുരയിൽ പോയി വരാം.” പാസ്സ് തിരിച്ചുവാങ്ങി തിരിച്ചു നടക്കവെ എന്നെ നോക്കി പറഞ്ഞു. “മോൻ കേറിക്കോ….”
ഞാൻ കഴിയാവുന്നത്ര മുൻ നിരയിൽ തന്നെ ചെന്നിരുന്നു. കൃത്യം ആറരക്ക് കർട്ടൻ പൊങ്ങി. രോമകൂപങ്ങൾ പുളകത്തോടെ എഴുന്നു നിന്നു . പക്കവാദ്യക്കാരാൽ പരിവൃതനായി ഗാനഗന്ധർവൻ തൂവെള്ള വസ്ത്രം ധരിച്ച് ! പുഷ്പ എന്നുപേരായ അനൗൺസറുടെ മധുരശബ്ദം ടാഗോർ ഹാളിൽ നിറഞ്ഞു. “ശ്രീ യേശുദാസിൻ്റെ സംഗീതക്കച്ചേരിയിലേക്ക് കോഴിക്കോട്ടെ ആസ്വാദകർക്ക് സ്വാഗതം.” തുടർന്ന് പക്കമേളക്കാരെയും, ശ്രീ യേശുദാസിനെ തന്നെയും പരിചയപ്പെടുത്തി. പിന്നെ ഇച്ചിരി ഗൗരവം കലർന്ന ശബ്ദത്തിൽ പറഞ്ഞു. “ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇനിയങ്ങോട്ട് പ്രോഗ്രാം സംപ്രേക്ഷണാവശ്യത്തിനായി റെക്കോർഡ് ചെയ്യാൻ പോവുകയാണ്. അനാവശ്യ ശബ്ദങ്ങൾ പുറപ്പെടുവിക്കാതെ ശാന്തരായി കച്ചേരി ആസ്വദിക്കണം” അല്പനേരത്തെ ഇടവേള പിന്നെ ആകാശവാണിയിൽ അനൗൺസ് ചെയ്യുന്ന അതെ ഫോർമാറ്റിൽ പറഞ്ഞു. ““ആകാശവാണി കോഴിക്കോട് . അഖില കേരള സംഗീതോത്സവത്തിൻ്റെ ഭാഗമായി ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പാകെ……..”
ഗണപതി സ്തുതിയോടെ കച്ചേരി ആരംഭിച്ചു. മുത്തുസ്വാമി ദീക്ഷിതരുടെ “മഹാഗണപതിം മനസാസ്മരാമി” എന്ന കൃതിയാണ് പാടിയതെന്നാണോർമ്മ. പിന്നെ സംഗീത സാഗരം അലയടിക്കുകയായി. ഗന്ധർവ ശബ്ദമാധുരിയിൽ ആറാടി സമയം തുടിക്കാതെ നിന്നു. ഭൂതത്തിന്റെയും ഭാവിയുടെയും കളങ്കമേശാതെ വർത്തമാനം മാത്രം. സർവത്ര പ്രണവം തിങ്ങിനിറഞ്ഞു. സാന്ദ്രാനന്ദം. രണ്ടു മണിക്കൂർ കടന്നു പോയതറിഞ്ഞില്ല. “പവമാന സുതുടു ബട്ടൂ പാദാരവിന്ദ്യ മുലഗു , ശ്രീരാമ രൂപമുലഗു , നിത്യജയ മംഗളം…….” ത്യാഗരാജസ്വാമികളുടെ അതിസുന്ദര മംഗളകീർത്തനം പാടി കച്ചേരി അവസാനിച്ചു. തിരശീല വീണു.
“എല്ലാവരും അൽപനേരം കൂടി ഇരിപ്പിടങ്ങളിൽ ഇരിക്കണം “ അറിയിപ്പുണ്ടായി. അല്പനേരമിരുന്ന ആൾകൂട്ടം ഇരിപ്പിടങ്ങളിൽനിന്നെഴുന്നേറ്റ് മെല്ലെ പുറത്തേക്ക് നടക്കാൻ തുടങ്ങി. എനിക്ക് യേശുദാസിൻ്റെ കയ്യൊപ്പുവേണം! പോക്കറ്റിൽ നിന്ന് ഓട്ടോഗ്രാഫ് വലിച്ചെടുത്ത് ഞാൻ സ്റ്റേജിനടുത്തേക്ക് ഓടി. ആളുകൾ പുറത്തേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. തിരക്കുണ്ട്. ഞാൻ മെല്ലെ തിരശീല പൊക്കി നോക്കി. സ്റ്റേജിൽ ശ്രീ യേശുദാസിനെ ആരോ പൊന്നാട അണിയിക്കുന്നു. ഒളിഞ്ഞു നോക്കിക്കൊണ്ടു നിന്ന എന്റെ മുതുകിൽ ഒരു കൈ വന്നു വീണു. ഒരു പതുത്ത കൈത്തലം. ഞാൻ ഞെട്ടി. പോലീസ് പിടിച്ചിരിക്കുന്നു. തിരിഞ്ഞു നോക്കാൻ ധൈര്യമില്ല. “എന്താവേണ്ടത്?” ഞാൻ താഴേക്കുതന്നെ നോക്കിക്കൊണ്ട് പറഞ്ഞു “എനിക്ക് ദാസേട്ടന്റെ ഓട്ടോഗ്രാഫ് വേണം” ആഗതൻ ചിരിച്ചു. “എന്റെ കൂടെ വാ…” അയാൾ പറഞ്ഞു. അന്തരീക്ഷത്തിൽ വിലകൂടിയ സ്പ്രേയുടെ ഗന്ധം. കൂടെ നടക്കവേ, ദാസേട്ടൻ അവസാനം പാടിയ കൃതി അയാൾ പതിയെ മൂളുന്നുണ്ട്. ഞാൻ തലതിരിച്ച് അയാളുടെ മുഖത്ത് നോക്കി. തോളിൽ കൈവച്ച് എന്റെ കൂടെ നടക്കുന്നത് മലയാളത്തിലെ പ്രശസ്ത നടൻ അശോകനാണ്!!! “അയ്യോ!” ഞാൻ അറിയാതെ പറഞ്ഞുപോയി. അശോകൻ എന്നെ നോക്കി വീണ്ടും ചിരിച്ചു.
സ്റ്റേജിൽ ഫോട്ടോ എടുപ്പ് നടക്കുകയായിരുന്നു. ഫോട്ടോ എടുത്തുകഴിഞ്ഞപ്പോൾ അശോകൻ പറഞ്ഞു “നിക്ക്, ഞാൻ ഒന്ന് ചോദിക്കട്ടെ” ഞാൻ തലയാട്ടി . സാവധാനം ദാസേട്ടനടുത്തെത്തി അശോകൻ അദ്ദേഹത്തെ തൊട്ടുവിളിച്ചു. ഞാനും മെല്ലെ അടുത്തേക്ക് നീങ്ങി. “ഓ… ഇവിടെ എന്താ… ഷൂട്ടിങ് ഉണ്ടായിരുന്നോ?” ദാസേട്ടൻ ചോദിച്ചു. അതെ എന്ന് അശോകൻ തലയാട്ടി. “ഇതാരാ? “ എന്നെ ചൂണ്ടി ദാസേട്ടൻ ചോദിച്ചു. “അതോ.. ഒരു കൂട്ടുകാരനാ …ദാസേട്ടന്റെ ഓട്ടോഗ്രാഫ് വേണമെന്നു പറഞ്ഞു….” അതിനെന്താ എന്ന് ചിരിച്ചുകൊണ്ട് ദാസേട്ടൻ ഓട്ടോഗ്രാഫ് പുസ്തകം വാങ്ങി ഒപ്പുവച്ച് തിരിച്ചു തന്നു. ഹൃദയം നിറഞ്ഞു.. അശോകനും ദാസേട്ടനും പിന്നെ കൊച്ചുവാർത്ത മാനങ്ങളിൽ മുഴുകി. ഞാൻ മെല്ലെ പിന്തിരിഞ്ഞ് പുറത്തേക്ക് നടന്നു.
ഹാളിനു പുറത്തുകടന്നതും പെട്ടെന്ന് വൈദ്യുതി നിലച്ചു. നഗരമാകെ പാൽ നിലാവ് പരന്നു …. വീഥികളിലാകെ പതഞ്ഞൊഴുകുന്ന ഈ നിലാപ്പാല് എന്റെ ഉള്ളിൽ നിന്നാണോ പതഞ്ഞു പുറപ്പെടുന്നത്?
4. ഇ.എം. എസ്.
ആയിരത്തി തെള്ളായിരത്തി തൊണ്ണൂറ്റി രണ്ട് സെപ്റ്റംബർ പതിനാറിനാണ് ഞാൻ ഇ എം എസ്സിനെ തൊട്ടത്. വോൾട്ടേജി ല്ലാത്തതിനാൽ ഫിലമെൻ്റ് എവിടെ എന്ന് ടോർച്ചടിച്ചു നോക്കേണ്ട അവസ്ഥയിൽ കത്തുകയായിരുന്നു വടകര സ്റ്റേഷനിലെ വിളക്കുകൾ. അത്തരമൊരു വിളക്കിനു താഴെ വച്ചാണ് മഹാൻമാരിൽ മഹാനായ ആ വിപ്ലവകാരിയെ എനിക്ക് സ്പർശിക്കാനായത്.
പൗണ്ട് സ്റ്റർലിംഗിൻ്റെ വില കുത്തനെ തകർന്നടിഞ്ഞ ദിവസമായിരുന്നു അത്. ബ്ലാക്ക് വെനസ് ഡെ . പക്ഷെ ആ ബുധനാഴ്ച ഞങ്ങളിൽ ചിലർക്ക് ആവേശ ഭരിതമായിരുന്നു. കൊതിച്ച് കൊതിച്ച് കാത്തിരുന്ന് വന്നെത്തിയ ദിവസം.
ദിയോദർ ട്രോഫി ക്രിക്കറ്റ് മാച്ചിൻ്റെ ക്വാർട്ടർ ഫൈനൽ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്നത് അന്നാണ്. വെസ്റ്റ് സോണും നോർത്ത് സോണും തമ്മിൽ . ഇന്ത്യൻ ക്രിക്കറ്റിൻ്റെ ചക്രവർത്തിമാരും മഹാരാജാക്കൻമാരും മുഴുവൻ കോഴിക്കോടെത്തുന്ന സുദിനം. അന്നൊക്കെ സോണുകളായി തിരിച്ചാണ് ദിയോദർ ട്രോഫി മത്സരങ്ങൾ നടന്നിരുന്നത്. ഇന്ന് ഇന്ത്യ എ ഇന്ത്യ ബി ഇന്ത്യ സി എന്നിങ്ങനെയാണ് തരംതിരിവ് എന്ന് തോന്നുന്നു. വെസ്റ്റ് സോണിൻ്റെ ക്യാപ്റ്റൻ രവിശാസ്ത്രി ആയിരുന്നു. നോർത്തിൻ്റേത് കപിൽ ദേവും. ഇവരുടെ നേതൃത്വത്തിൻ കീഴിൽ അണിനിരന്നവരാകട്ടെ അന്നും ഇന്നും എന്നും ലോകക്രിക്കറ്റിലെ മുടി ചൂടാമന്നൻ മാരായ ടെൻ്റുൽക്കർ , മഞ്ജ് രേക്കർ, കാംബ്ലേ , ജാദവ്, മോറേ, ജഡേജ, സിദ്ധു… മുതൽ പേർ. ആവേശക്കടൽ നുരഞ്ഞു പതയാൻ പിന്നെന്ത് വേണം.
കളിയുടെയന്ന് അതിരാവിലെ കോർപ്പറേഷൻ സ്റ്റേഡിയത്തിന് മുന്നിൽ സതീർത്ഥ്യ സമാഗമമുണ്ടാകണമെന്ന് കാലേക്കൂട്ടി തീരുമാനിച്ചുറപ്പിച്ചു. ടിക്കറ്റിൻ്റെ കാര്യമേറ്റത് ഭൂപേഷായിരുന്നു. എന്ത് കാര്യവും ഏറ്റെടുത്താൽ ഉത്തരവാദിത്തത്തോടെ ശുഷ്കാന്തിയോടെ ചെയ്തു തീർക്കുന്നയാളാണ് സകലകലാ വിശാരദനായ ഭൂപേഷ് ; ഇന്നും അങ്ങനെ തന്നെ. ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് മേൽക്കൂരയില്ലാത്ത പടിഞ്ഞാറെ ഗാലറിയിൽ ഇരിക്കാനായിരുന്നു. തിരക്കേറും മുമ്പേ കഴിയുന്നത്ര മുന്നിൽ ചെന്നിരിക്കാനാണ് അതികാലത്ത് തന്നെ ഹാജരാവാൻ കൂട്ടായ തീരുമാനമുണ്ടായത്. പറഞ്ഞിട്ടെന്ത് കാര്യം ? സതീഷ് എത്തണ്ടേ?
ഒടുക്കം എല്ലാരും ഒത്തുകൂടി. ഗാലറിയിൽ ഏറ്റവും മുന്നിലിരിക്കണമെന്ന് ആശിച്ച ഞങ്ങൾക്ക് ഏറ്റവും പിറകിൽ നിന്ന് മൂന്നാമത്തെ വരിയിലാണ് ഇരിക്കാനായത്. സ്റ്റേഡിയത്തിൻ്റെ പച്ചപ്പുൽ വിരിപ്പ് ദൂരെ താഴെ കാണാം. വെള്ള ക്കുപ്പായമിട്ട ആരൊക്കെയോ അങ്ങിങ്ങ് നടക്കുന്നുണ്ട്.
വെയിലറിച്ചു തുടങ്ങി. കോർപ്പറേഷൻ സ്റ്റേഡിയത്തിൻ്റെ പടിഞ്ഞാറേ ഗാലറിക്ക് അന്നുമിന്നും മേൽപ്പുരയില്ല. (സത്യം. കഴിഞ്ഞയാഴ്ച കോഴിക്കോട്ട് പോയപ്പോൾ ഞാൻ നോക്കി ഉറപ്പ് വരുത്തിയതാണ്).
കളിതുടങ്ങി. വെസ്റ്റ് സോണാണ് ആദ്യം ബാറ്റിംഗ് തുടങ്ങിയത്. ബൈനോക്കുലറിലൂടെ കളി കണ്ടുകൊണ്ടിരുന്ന ഭൂപേഷും ബാബുവും ബാറ്റു ചെയ്യുന്നത് രവിശാസ്ത്രീയാണെന്ന് ഞങ്ങളോട് പറഞ്ഞു തന്നു. സ്റ്റേഡിയത്തിൻ്റെ ഒരു വശത്ത് സ്ഥാപിച്ചിരുന്ന കൂറ്റൻ ബോർഡിൽ തകരപ്ലേറ്റുകൾ മാറ്റി മാറ്റി വച്ച് സ്കോർ കാണിച്ചു കൊണ്ടിരുന്നു . ചിലർ ചെവിയിൽ ചേർത്തു പിടിച്ച ട്രാൻസിസ്റ്റർ റേഡിയോവിൽ കമൻ്ററി കേട്ടുകൊണ്ട് കളിക്കളത്തിലേക്ക് ഉറ്റുനോക്കി.
സ്റ്റേഡിയത്തിലിരുന്ന് ക്രിക്കറ്റ് കാണുന്നതിൽപരം വിരസമായ ഏർപ്പാട് സ്റ്റേഡിയത്തിലിരുന്ന് ക്രിക്കറ്റ് കാണുക മാത്രമാണെന്ന് മനസ്സിലായ ദിവസമായിരുന്നു. ഓരോ ബാറ്റിംഗ് കഴിയമ്പോഴും ഇപ്പോ റിപ്ലേ വരും എന്ന് മനസ്സ് പറയും. എവിടെ ! ക്രികറ്റ് ആവേശമുള്ള കളിയാകുന്നത് ടി.വി.യിൽ കാണുമ്പോൾ മാത്രമാണ്. റിപ്ലേകളും സ്റ്റാസ്റ്റിക്സും മറ്റുമാണ് അതിനെ ആവേശഭരിതമാക്കുന്നത്. ടി.വിയിൽ അളുകൾ ബഹളമുണ്ടാക്കുന്നതും മറ്റും സ്റ്റേഡിയത്തിലെ പുൽ മൈതാനിയിൽ കളി നേരിട്ട് കണ്ട് ആവേശം പൂണ്ടിട്ടല്ല. സ്റ്റേഡിയത്തിൽ പല ഭാഗത്തായി സ്ഥാപിച്ചിട്ടുള്ള ഭീമാകാരൻ സ്ക്രീനുകളിലെ കളി കണ്ടിട്ടാണ്. പിന്നെ , കുറേ കോപ്രായം കാണിച്ചാൽ ടി.വി. ക്രൂ തങ്ങളെ കവർ ചെയ്യുമെന്ന പ്രതീക്ഷയും ! (ഇത് എൻ്റെ തോന്നലും അഭിപ്രായവുമാണ്. ക്രിക്കറ്റ് ഫാൻസ് ക്ഷോഭിക്കരുത്! )
ആറ് റൺസെടുത്ത രവിശാസ്ത്രിയെ മണീന്ദർ സിംഗ് ക്ലീൻ ബൗൾഡാക്കി. നാൽപ്പത്തെട്ട് ഓവർ കളിച്ചപ്പോഴേക്കും വെസ്റ്റ് സോണിലെ എല്ലാരും പുറത്തായി .
കൊടും വെയിൽ ! വെള്ളം കുടിച്ച് കുടിച്ച് വയറ് വീർത്തു. പാരാമൗണ്ട് ഹോട്ടലുകാർ 25 രൂപക്ക് ഇട നേരത്ത് ബിരിയാണി വിറ്റത് അധികമാരും വാങ്ങിയില്ല. ഇടനേരം കഴിഞ്ഞിറങ്ങിയ നോർത്ത് സോണിൻ്റെ ജഡേജ പൂജ്യത്തിലാണ് കളി തുടങ്ങിയത്. അങ്കോള അങ്ങേരുടെ വിക്കറ്റ് എറിഞ്ഞ് തെറിപ്പിച്ച് കളഞ്ഞു. ഒടുക്കം പക്ഷെ 46.4 ഓവറിൽ 138 റൺസെടുത്ത് അവർ കളി ജയിച്ചു. അപ്പോഴേക്കും ചൂടെടുത്ത് ഇരിക്കപ്പൊറുതിയില്ലാതെ ഞങ്ങൾ പുറത്തേക്കോടി . പാരമൗണ്ട്കാർ ബിരിയാണിയുടെ വില പത്താക്കി കുറച്ചിരുന്നു . ക്രിക്കറ്റിലെ ഘനഗംഭീരൻമാരുടെ ഓട്ടോഗ്രാഫിൻ്റെ കാര്യമൊന്നും മുഖവും ചെവിയും കയ്യും സൂര്യഘാതത്താൽ പൊള്ളി പൊളിഞ്ഞ ഞങ്ങൾ ആലോചിച്ചില്ല .
തിരിച്ച് വീട്ടിലേക്ക് വണ്ടി കേറിയപ്പോഴാണ് വെളിപാടുണ്ടായത്. യോദ്ധാ എന്ന സിനമഇറങ്ങി കുറച്ചു നാളായി . വടകര ഇറങ്ങി കേരളാ കൊയറിൽ പോയി സിനിമ കണ്ട് വീട്ടിലേക്ക് പോകാം . ഒന്നുമില്ലെങ്കിലും എ.സി യുടെ ശീതളിമയിൽ ഒരു പകലിൻ്റെ സൂര്യതാപം മുഴുവനേറ്റ് പൊള്ളിയ ദേഹം തണുപ്പിക്കുകയെങ്കിലും ചെയ്യാമല്ലോ!
യോദ്ധാ വിചാരിച്ചതിനേക്കാൾ ഗംഭീരമായിരുന്നു. ജഗതിയും ലാലും തകർത്തു. തിയേറ്ററിൽ നിന്നിറങ്ങിയപ്പോഴേക്കും കാലിന് ബലക്ഷയം . നടക്കാൻ നല്ല പ്രയാസം . വേച്ചു വേച്ച് സ്റ്റേഷനിൽ എത്തി . എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് പതിവുപോലെ ഒന്നരമണിക്കൂർ വൈകി ഓടുന്നു . ചെറിയ ഉറക്കത്തിന് സമയമുണ്ട് . ദൂരെ ഇരുട്ടിലുള്ള സിമൻറ് ബെഞ്ചിൽ പോയി മലർന്നു കിടന്നു. താമസിയാതെ ഉറക്കം വന്ന് തലോടി.
ഒരു ഗുഡ്സ് വണ്ടി പോകുന്ന കടകടാരവം കേട്ടാണ് ഉണർന്നത് . നേരം കുറെ ആയിരിക്കുന്നു . എക്സിക്യൂട്ടീവ് പോയോ ആവോ . പതുക്കെ സ്റ്റേഷൻ ബിൽഡിങ് ലേക്ക് നടന്നു . ബിൽഡിങ്ങിലേക്ക് കയറിയതും , നടക്കാൻ ബുദ്ധിമുട്ടുള്ള ഒരാളെ രണ്ട് പേർ ചേർന്ന് താങ്ങിപ്പിടിച്ച് കൊണ്ടുവരുന്നു. അവരുടെ അടുത്ത് കൂടിയാണ് സമയ ബോർഡിൻറെ സമീപത്തേക്ക് എത്തേണ്ടത്. രണ്ടുപേർ താങ്ങിയിരുന്ന ആ വൃദ്ധനെ ഞാനൊന്നു നോക്കി. നോക്കിയതേ ഓർമ്മയുള്ളൂ . ശരീരം ഒട്ടുമനങ്ങാതെ നിന്നുപോയി . സഖാവ് ഇ എം എസ് . ഇന്ത്യയുടെ തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ ആചാര്യൻ. ആരും ഒരു തവണയെങ്കിലും നേരിട്ട് കാണണമെന്നാഗ്രഹിക്കുന്ന നയതന്ത്രജ്ഞനായ കേരളത്തിൻ്റെ ആദ്യ മുഖ്യമന്ത്രി. സർവജ്ഞനായ എഴുത്തുകാരൻ . വാഗ്മി . പത്രാധിപർ . നവകേരള ശില്പി. എളിയ ജീവിതത്തിലൂടെ വൻ കാര്യങ്ങൾ നിവൃത്തിച്ച ധിഷണാശാലി . മിണ്ടാതെ കണ്ണുമിഴിച്ച് സഖാവിനെ നോക്കി തറഞ്ഞു നിൽക്കുന്ന എന്നെ സഹായികൾ രൂക്ഷമായി നോക്കി.
“ എന്തു വേണം? “ ഒരാൾ അരിശത്തോടെ ചോദിച്ചു.
ഒന്നും മിണ്ടാൻ തോന്നിയില്ല . “ എന്തു വേണമെന്നല്ലേ ചോദിച്ചത്?” ധാർഷ്ഠ്യവും കാർക്കശ്യവും ഇത്തവണ മറ്റേയാൾക്കായിരുന്നു .
ഓട്ടോഗ്രാഫ് പുസ്തകം നീട്ടി ഞാൻ യാചിച്ചു. ‘’ ഒരൊപ്പ് “
‘“ഒപ്പോ ? എന്തൊപ്പ് ? “ എന്ന് സഖാക്കൾ ഇ.എം. എസിൻ്റെ ഇരുവശത്തുനിന്നും ഐകകണ്ഠേന രൂക്ഷശബ്ദം പുറപ്പെടുവിച്ചു
അന്നേരം നരച്ച പുരികൾക്കുകീഴിൽ കട്ടിക്കണ്ണടക്കുള്ളിലൂടെ ദയാവായ്പ്പിയന്ന നോട്ടം എൻ്റെ മുഖത്ത് വീണു . “ ഞാ.. ഞാനൊന്നിരിക്കട്ടെ “ അദ്ദേഹം പറഞ്ഞു. സ്റ്റേഷൻ മാസ്റ്റർ കൊണ്ടുവന്ന കസേരയിൽ സഹായികൾ സഖാവിനെ ഇരുത്തി .
എൻ്റെ കയ്യിൽ നിന്ന് ഓട്ടോഗ്രാഫ് പുസ്തകം വാങ്ങി കണ്ണടനേരെയാക്കി അദ്ദേഹം എഴുതി “ യുവസുഹൃത്തിന് അഭിവാദ്യം “ കാല് തൊടാനാഞ്ഞ എന്നെ അദ്ദേഹം വിലക്കി. മുഖത്തു നോക്കി നന്നായി ചിരിച്ചു.
മലബാർ എക്സ്പ്രസ് വരും വരെ ഞാനാ സാന്നിധ്യമനുഭവിച്ച് അടുത്തുനിന്നു . തീവണ്ടിയിൽ കയറാൻ സഹായികളെ സഹായിച്ച് ഞാനാ വലം കയ്യിൽ പിടിച്ചു. ജന്മ സാഫല്യം!
എക്സിക്യൂട്ടീവ് എക്സ്പ്രസ് വീണ്ടുമൊരുപാട് താമസിച്ചാണ് വന്നത്. തീവണ്ടി വരും വരെ മഞ്ഞിറ്റിയ സിമൻ്റ് ബെഞ്ചിലിരുന്ന് ഞാൻ കരഞ്ഞത് എന്തിനായിരുന്നു…
5 കോവിലൻ
കമ്പനി സെക്രട്ടറി ബിരുദം ഇവന് പറഞ്ഞിട്ടില്ലെന്ന് ഒരു മൂന്ന് നാല് തവണ പരീക്ഷകൾ എഴുതിക്കഴിഞ്ഞപ്പോഴേക്ക് മനസ്സിലായി.
പിന്നെയുള്ള നാളുകൾ പരപാച്ചിലിൻ്റെതായിരുന്നു. പരപാച്ചിൽ എന്നാൽ പരവേശത്തോടെയും പരിഭ്രമത്തോടെയും കൂടിയുള്ള ഓട്ടം എന്നു വേണമെങ്കിൽ പറയാം. എലിയുടേയും മറ്റും ഓട്ടം ഈ ഗണത്തിൽ പെടുത്താം.
പരപാച്ചിൽ എന്ന അപരനാമമുള്ള ഒരാൾ അക്കാലത്ത് അഴിയൂരിൽ ഉണ്ടായിരുന്നു . വിചിത്രങ്ങളായ അപരനാമങ്ങൾ ആദേശത്തിൻ്റെ പ്രത്യേകതയായിരുന്നല്ലോ . ഒരു പക്ഷെ കേരളത്തിലെ എല്ലാ ദേശങ്ങളിലും ഇത്തരത്തിലിലുള്ള അപരനാമങ്ങൾ ഉണ്ടായിരുന്നിരിക്കണം. പൊറ്റക്കാടിൻ്റെ ദേശത്തിൻ്റേയും തെരുവിൻ്റേയും കഥകളിൽ എത്രയെത്രയാണ് അപരനാമക്കാർ ! കുറ്റ്യാടിയിലുമുണ്ടായിരു അപരനാമക്കാർ .
പരപാച്ചിൽ എന്ന് പേരുണ്ടായിരുന്നയാൾ വളരെ ധൃതിപിടിച്ചാണ് എപ്പോഴും നടന്നിരുന്നത്. നാട്ടിലെ സകല ജോലികളും ചെയ്യും . കണ്ടം കിളക്കും , വേലിയും മതിലും കെട്ടും, ചിതയൊരുക്കും, പെയ്ൻ്റടിക്കും. പെയ്ൻ്റ് പണിയായിരുന്നു അദ്ദേഹത്തിൻ്റെ മുഖ്യ ഉദ്യോഗം. ഒക്ടോബർ മാസത്തിൽ മാഹി അമ്മത്രേസ്യാ പുണ്യവതിയുടെ തിരുനാളോടനുബന്ധിച്ച് പള്ളി ചായമടിച്ച് മോടികൂട്ടാനുള്ള ചുമതല പരപാച്ചിലാനായിരുന്നു . ആലോചിക്കുമ്പോൾ തന്നെ കാലിനടിയിൽ ഇക്കിളിയുളവാക്കുന്ന പള്ളിയുടെ കൂർത്തുയർന്ന ഗോപുരത്തിനുമുകളിൽ താങ്ങേതുമില്ലാതെ, കൂസലേതുമില്ലാതെ ഇരുന്ന് പെയ്ൻ്റടിക്കുന്ന പരപാച്ചിലിനെ ഓർമ്മയുണ്ട്.
എൻ്റെ പരപാച്ചിൽ , ജോലിക്ക് വേണ്ടിയായിരുന്നു. ഏറണാകുളത്തായിരുന്നു അധിക ഇൻ്റർവ്യൂകളും. സ്റ്റർലിംഗ് ട്രീ മാഗ്നം എനൈരു കമ്പനിക്ക് ഞാൻ സെയിൽസ് എക്സിക്യൂട്ടീവിൻ്റെ തസ്തികയി ലേക്ക് ഇൻ്റർവ്യൂവിന് പോയത് ഒരു വലിയ ഫലിതമാണ്. . ഏറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ രാത്രി വൈകി എത്തിച്ചേർന്ന ഒരു തീവണ്ടിയിലെ യാത്രക്കാരനായിരുന്നു ഞാൻ. അവിടെ ഉണ്ടായിരുന്ന ഒരു വൃത്തികെട്ട ലോഡ്ജ് മുറിയിൽ ഞാൻ ആ രാത്രി താമസിച്ചു.
ഇൻ്റർവ്യൂവിന് എങ്ങനെ പങ്കെടുക്കണം എന്ന് ഒരു ശിക്ഷണവും കിട്ടാതിരുന്ന ഞാൻ പിറ്റേന്ന് കാലത്ത് ഇൻസേർട്ട് ചെയ്യാത്ത കുപ്പായവും ഹവായ് ചെരിപ്പുമായി പരമാര റോട്ടിലുള്ള ഹോട്ടൽ പ്രസിഡൻസിയിൽ ചെന്നു. അവിടെ ചെന്നപ്പോൾ ഞാൻ ശരിക്കും ഞെട്ടി. എല്ലാരും ഷൂസണിഞ്ഞവർ , ടൈ കെട്ടിയവർ. എന്താണെന്നറിയില്ല, അജ്ഞതയുടെ ബലത്താലാവണം ; എനിക്ക് ഭയമേതും തോന്നിയില്ല . ടൈകെട്ടിയവൻമാരേക്കാളൊക്കെ താഴ്ന്ന ഒരു പണിക്കാണ് ഞാൻ ചെന്നതെന്ന ഒരു ചിന്ത എന്നിൽ ബലപ്പെട്ടു. ഹവായ് ചെരിപ്പണിഞ്ഞ എൻ്റെ പാദങ്ങളിൽ നോക്കി പുച്ഛച്ചിരി ചിരിച്ച യുവസുന്ദരൻ്റെ ചിരി ഞാൻ അവഗണിച്ചു. അവൻ്റെ ഷൂസിനടിയിൽ ന്തെരിഞ്ഞമർന്നണല്ലോ ഞാൻ തേക്കും മാഞ്ചിയവും വിൽക്കേണ്ടത്!
ഇൻ്റർവ്യൂവിന് എൻ്റെ ഊഴമായി. രണ്ടു പേരാണ് എന്നെ ഇൻ്റർവ്യൂ ചെയ്തത്. ഒരാൾ ഉദാരൻ . മറ്റെയാൾ ക്രൂരൻ. ക്രൂരനാണ് ചോദ്യങ്ങൾ ചോദിച്ചത്. ആദ്യത്തെ ചോദ്യം ….” dont you believe in shoes and a neck tie?” അയാൾ ക്രുദ്ധനായി ചോദിച്ചു. എന്ത് മറുപടിയാണ് പറയേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. “ Sir, shoes… yes, i believe… since it is raining I preferre to wear a … “ “ Shut up” അയാൾ ഗർജിച്ചു. സഹതാപിയായ മനുഷ്യൻ എന്നെ നോക്കി. എന്നിട്ട് പറഞ്ഞു.. “ മോൻ പൊയ്ക്കോളൂ” എങ്ങനെ ഇൻ്റർവ്യൂവിന് പോകണമെന്ന് എന്നെ പഠിപ്പിച്ചത് ആ അനുഭവമായിരുന്നു.
ഞാനെന്നെയും എൻ്റെ ജൻമത്തെയും ഒരുപാട് കോടി തവണ ശപിച്ചതും അന്നായിരുന്നു . ഒരു പക്ഷെ അന്ന് തുടങ്ങിയതാവണം ഇന്നും തുടരുന്ന എൻ്റെ ഋണാത്മക സ്വയഭാഷണം.
ഇൻ്റർവ്യൂകൾ വീണ്ടും വന്നു. ലതർ ഷൂവാങ്ങാൻ പണം തികയാത്തതിനാൽ ഞാൻ പ്ലാസ്റ്റിക് ഷൂകളും വില കുറഞ്ഞ ടൈയും വാങ്ങി . ഏറണാകുളത്തും കോഴിക്കോടും നൂറു കണക്കിന് ഇൻ്റർവ്യൂകൾ…. ഒരിക്കലും സ്വയത്തിൽ വിശ്വാസമില്ലാത്ത എനിക്ക് ജോലിയൊന്നും കിട്ടിയില്ല.
അങ്ങനെ ഒരു വൈന്നേരം താപത്രയ വിനാശകാരിയായ ഭഗവാങ്കൽ സ്വയം അർപ്പിച്ച് ഏറണാകുളം സൗത്ത് സ്റ്റേഷനിലിരിക്കവെയാണ് ആ മനുഷ്യനെ ഞാൻ കണ്ടത്.
വെള്ളവസ്ത്രമാണെന്ന ധാരണയിൽ ഉജാല വയലറ്റ് മുക്കിയ ഖദർ കുപ്പായവും മുണ്ടുമണിഞ്ഞ ഒരാൾ . കയ്യിൽ ഒരു സൂട്കേസ് തൂക്കിപ്പിടിച്ചിട്ടുണ്ട് . തോളിലൊരു തുണി സഞ്ചി. ഞാൻ ഓടി അടുത്തു ചെന്നു നിന്ന് കിതച്ചു . “കോവിലൻ സാറല്ലേ? “ “ അതേലോ “ എന്ന വാത്സല്യം പുരട്ടിയ ചിരി . ഞങ്ങളുടെ മൊകേരിക്കോളേജിൻ്റെ പ്രിൻസിപ്പാൾ യുവാവായ വൃദ്ധൻ എന്ന് വിളിച്ചിരുന്ന ധിഷണാശാലിയായ എഴുത്തുകാരൻ . മൾബറി പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലൂടെ അടുത്തറിഞ്ഞ ധിക്കാരി .
തുടർന്ന് പറയാൻ എനിക്ക് വാക്കുകളുണ്ടായില്ല . ആ സാനിധ്യത്തിൽ അമർത്തിരുന്നു. ആ വിരലുകൾ എൻ്റെ കൈ തലോടി. ഒന്നും മിണ്ടാത്ത കുറേ നേരം.
ഞാൻ വെറുതേ ചോദിച്ചു . “ സാറെന്താ ഏറണാകുളത്ത്?” അദ്ദേഹം വാചാലനായി . “ ഹൈക്കോടതിയിൽ വന്നതാ. സ്വത്ത് തർക്കം. കുടുംബക്കാര് തന്നെ കക്ഷികൾ..” ബീഡി കത്തിച്ച് പുകവിട്ട് അദ്ദേഹം കുറേനേരം നെഞ്ച് പൊത്തി ചുമച്ചു. ഈ നെഞ്ചു പൊത്തിച്ചുമ എവിടെയൊക്കെയോ വായിച്ചതോർത്തു. ചുമക്ക് ശേഷം തുടർന്നു. “ കേസിൻ്റെ കാര്യത്തിന് ഇടക്കിടെയുണ്ട് ഈ വരവ്, ഏറണാകുളത്തേക്ക് … കുട്ടി യെന്തേ വന്നത്?”
ഞാൻ എൻ്റെ കഥ മുഴുവൻ പറഞ്ഞു. അപ്പോഴേക്കും തീവണ്ടിയുടെ വരമായി . “ ധിക്കാരിയാകൂ കുട്ടി… ഓരാൾക്കു മുമ്പിലും തലതാഴ്കാതിരിക്കൂ… “ കോവിലൻ പറഞ്ഞു. ഇന്നുവരെ പാലിക്കാനാവാത്ത ഉപദേശം .
തീവണ്ടി വന്നു. ഞാൻ ആ സൂട്ട്കേസ് എടുത്ത് അദ്ദേഹം റിസർവ് ചെയ്ത കമ്പാർട്ട്മെൻ്റിന് നേരെ നടക്കാനാഞ്ഞു. “ വേണ്ട കുട്ടീ . യാത്രയിൽ കൂട്ടുകാരെ ഞാനാഗ്രഹിക്കുന്നില്ല . “ ഞാൻ വല്ലാതായി . വല്ലായ്മ മറച്ചു വച്ച് ഓട്ടോഗ്രാഫ് പുസ്തകം ഞാൻ നീട്ടി . “ ഒരൊപ്പ് “
എൻ്റെ കൈ കരുണാലേശമെന്യേ തട്ടി മാറ്റി ആ മഹാ ധിക്കാരി തൻ്റെ കമ്പാർട്ട്മെൻ്റിന് നേരെ നടന്നു. എന്നെ ഒട്ടും പരിഗണിക്കാതെ…
കോവിലൻ എൻ്റെ ഏറ്റവും പ്രിയനായ എഴുത്തുകാരനാവുന്നത് , എനിക്കില്ലാത്ത ഒരു വിശേഷം അദ്ദേഹത്തിനുള്ളതിനാലാണ്.
ധിക്കാരി.
ഇനി തുടരാൻ ഓട്ടോഗ്രാഫിൽ താളുകളില്ല !
ഒരു പാട് കാലം നിധി പോലെ ഞാൻ ആ കുഞ്ഞുപുസ്തകം കാത്തു വച്ചിരുന്നു. പിന്നെ അന്തമില്ലാത്ത പരപാച്ചലിനിടക്കെവിടെയോ അത് കളഞ്ഞു പോയി.
No comments:
Post a Comment