"രമയുടെ നിദ്രകൾ ആകാശചാരികളായ മാന്ത്രികൻമാരെക്കൊണ്ട് നിറഞ്ഞു. പറക്കുന്ന ദർവീസുകൾ. കറുത്ത മേലങ്കിയുടെ പട്ടുചിറകുകൾ വിടർത്തി മലമുടികളിൽ നിന്ന് മലമുടികളിലേക്ക് പറന്നു വീണ് അവർ അമർത്യതയുടെ തീർത്ഥങ്ങൾ തേടി."
പ്രവാചകൻ്റെ വഴിയിലെ രമയുടേതു പോലെ എൻ്റെ സ്വപ്നങ്ങളിലും ദർവീസുകൾ നിറയുന്നു. കറുത്ത അങ്കിയണിഞ്ഞ, ദീർഘകായനായ ഒരു ദർവീസ് ഒഴുകുന്ന താടിയും തോളറ്റം വരെ വീണു കിടക്കുന്ന തിളങ്ങുന്ന കറുത്ത മുടിയും കാറ്റിലിളക്കിക്കൊണ്ട് എൻ്റെയുള്ളിൽ കുറേ നാളുകളായി നൃത്തം ചെയ്യുന്നു. ഉറക്കമുണർന്നാലും സ്വപ്നമാകെ നിറഞ്ഞു മുഴങ്ങിയ തന്ത്രി വാദ്യ സംഗീതം വിടാതെ മുഴങ്ങുന്നു. പകലുകളിലും അവൻ്റെ സാനിധ്യം ദൃശ്യമായും ശബ്ദമായും ഗന്ധമായും ഞാനനുഭവിക്കുന്നുണ്ട്. അയാൾക്ക് ഷംസ് ഓഫ് തബ്രീസിൻ്റെ രൂപമാണെന്ന് മനസ്സ് പറയുന്നു.
Elif Shafak എന്ന Turkish-British നോവലിസ്റ്റിന്റെ The Forty Rules of Love എന്ന നോവലാണ് ഇങ്ങനെ ഒരവസ്ഥക്ക് തുടക്കമിട്ടതെന്ന് തോന്നുന്നു. ഷംസ് ഓഫ് തബ്രിസും ജലാലുദ്ദീൻ റൂമിയും തമ്മിലുള്ള സമാനതകളില്ലാത്ത ദിവ്യബന്ധത്തെയാണ് ഈ നോവൽ ചർച്ച ചെയ്യുന്നത്.
ജനുവരി രണ്ടാം പകുതിമുതൽ വായനയുടെ ദിവ്യവസന്തത്തിലേക്ക് മറ്റെല്ലാ ഉത്സവങ്ങളും നിർത്തി ഞാനെന്നെത്തന്നെ സമർപ്പിച്ചിരിക്കുകയാണല്ലോ!
രണ്ട് കാലഘട്ടങ്ങളിൽ നടക്കുന്ന രണ്ടു കഥകൾ സമാന്തരമായി പറഞ്ഞു പോവുകയാണ് ഫോർട്ടി റൂൾസിൽ നോവലിസ്റ്റ് ചെയ്യുന്നത്. രണ്ടായിരത്തി എട്ടിൽ ലണ്ടനിലെ നോർത്ത് ഹാംപ്റ്റണിൽ ജീവിക്കുന്ന എല്ലയുടേയും പതിമൂന്നാം നൂറ്റാണ്ടിൽ കോന്യയിൽ ജീവിക്കുന്ന ഷംസിൻ്റേയും റൂമിയുടേയും രണ്ട് കഥകൾ.
പല കാരണങ്ങളാൽ വൈഷമ്യമനുഭവിക്കുന്ന ഒരു സാധാരണ വീട്ടമ്മയാണ് എല്ല. അവർക്ക് ഭർത്താവും കൗമാര പ്രായക്കാരായ മക്കളുമുണ്ട്. മക്കൾ തന്നിൽ നിന്ന് അകലുന്നതും ഭർത്താവ് തന്നോട് അവിശ്വസ്ഥനാവുന്നതും അടുക്കളയും കുക്കറി ക്ലാസുകളും മാത്രമായി കഴിയുന്ന എല്ല അറിയുന്നുണ്ട്. വിരസതയിൽ നിന്ന് രക്ഷപ്പെടാൻ ഒരു പബ്ലിഷിംഗ് കമ്പനിക്കു വേണ്ടി കയ്യെഴുത്തുപ്രതികൾ വായിക്കുന്ന ജോലി എല്ല സ്വീകരിക്കുന്നു. ആ കമ്പനി വായിക്കാനായി നൽകിയ ഒരു നോവലിൻ്റെ കയ്യെഴുത്തുപ്രതിയിലൂടെ എല്ല, സൂഫിസത്തെ പരിചയപ്പെടുകയാണ്. "Sweet blasphemy" എന്ന ഈ നോവൽ പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ സൂഫിയും ദർവിസുമായ ഷംസ് ഓഫ് തബ്രിസും ജലാലുദ്ദീൻ റൂമിയും തമ്മിലുള്ള സ്നേഹ ബന്ധത്തിൻ്റേയും, ഷംസുമായി ചേർന്ന ശേഷം റൂമിയിൽ വന്ന മാറ്റങ്ങളുടേയും, അവരുടെ വേർപാട് റൂമിയിലുണ്ടാക്കിയ പരിവർത്തനങ്ങളുടേയും കഥ പറയുന്നതാണ്. ഈ നോവലിൻ്റെ വായന എല്ലയുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു.
ഒരുപുറം വായിച്ചാൽ നിർത്താനാവാതെ വായിച്ചു പോകും വിധം സമർത്ഥമായാണ് എലിഫ് ഷഫാക്ക് ഈ നോവൽ എഴുതിയിരിക്കുന്നത്. സൂഫിസത്തിൻ്റെ പവിത്രത ഒട്ടും കളങ്കപ്പെടുത്താതെ അതിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഈ നോവൽ സഹായിക്കും.
പുസ്തകത്തിന് ഒരു മനോഹാരിത കൂടിയുണ്ട്. എല്ലാ അദ്ധ്യായവും ആരംഭിക്കുന്നത് B എന്ന അക്ഷരത്തിലാണ്. വിശുദ്ധ ഖുർആനിലെ പ്രഥമാദ്ധ്യായമായ അൽ ഫാത്തിഹ ആരംഭിക്കുന്ന ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന വാക്യത്തെ ഓർത്തുകൊണ്ട്!
ജീവിതത്തിലൊരിക്കലും മറക്കാനിടയില്ലാത്ത വായനാനുഭവത്തിലൂടെ , The Forty Rules ലൂടെ, നോർത്ത് ഹാംപ്റ്റണിലെ പ്രൗഢമായ വില്ലയിലൂടെ, സമർകൻഡിലെ സത്രത്തിലൂടെ, ബാഗ്ദാദിലെ ഐശ്വര്യങ്ങളിലൂടെ, റൂമി പ്രഭാഷണം നടത്തുന്ന കോന്യയിലെ പള്ളിയിലൂടെ, സുലൈമാൻ മദ്യപിക്കുന്ന മദ്യശാലയിലൂടെ, വേശ്യാ തെരുവിലൂടെ, റൂമിയുടെ ഭവനത്തിലൂടെ ഷംസിനോടൊപ്പം അലയുകയായിരുന്ന നാളുകളിലാണ്, സുഹൃത്തും വഴികാട്ടിയുമായ Hasnain Waris എഴുതിയ S for Sufi എന്ന മനോജ്ഞ ഗ്രന്ഥം കയ്യിലെത്തിയത്.
ഒരു പാട് നാളായി കാത്തിരുന്ന പുസ്തകമാണ്. കൃത്യമായി പറഞ്ഞാൽ രണ്ടു വർഷം. 2020 ജൂണിലാണ് ഞാൻ ഹസ്നൈനെ പരിചയപ്പെടുന്നത്.
2020 മാർച്ച് ഇരുപത്തി നാലിന് രാജ്യയമൊന്നാകെ അടച്ചുപൂട്ടി. അതിനുമുമ്പേ തന്നെ കേരളം അടച്ചുപൂട്ടിയതുപോലെയായിരുന്നു.
തുടക്കത്തിൽ കൗതുകമായിരുന്നു. പിന്നെ കുറച്ചു ദിവസം സന്തോഷം. സാധനങ്ങളും സർവീസുകളും വീട്ടു പടിക്കൽ എത്തുന്നു. രാവിലെയും വൈകീട്ടും വ്യായാമം. ഓഫീസിൽ പോകേണ്ട . വീട്ടിലിരുന്ന് പണിചെയ്താൽ മതി. എല്ലാം കൊണ്ടും സുഭഗ സുന്ദരമായ കുറച്ചു നാളുകൾ.
അതുകഴിഞ്ഞപ്പോഴാണ് ശരിക്കുമുള്ള കാര്യം വെളിവായിത്തുടങ്ങിയത്. എന്തെന്നില്ലാത്ത ആധി . ആരോടും ഒരഞ്ചുമിനിട്ടിൽ കൂടുതൽ പറയാൻ വിഷയങ്ങൾ ഇല്ലാതായി. പാട്ടുകേൾക്കാൻ, കഥവായിക്കാൻ ഉത്സാഹം തോന്നുന്നില്ല. മഹാമാരി കാർമേഘംപോലെ അന്തരീക്ഷത്തിൽ തിങ്ങി തൂങ്ങി നിന്നു . എന്നും വൈകീട്ട് ഭരണാധികാരിയുടെ കണക്കവതരണം. ടീവിയിൽ നിറയെ ആംബുലൻസുകൾ. മരണക്കണക്കുകൾ. ഒരുങ്ങുന്ന കോവിഡ് കേന്ദ്രങ്ങൾ.
കാണെക്കാണെ എന്റെ മനസ്സാകെ മൂടിക്കെട്ടാൻ തുടങ്ങി.
വിഷാദരോഗത്തിന്റെ കറുത്ത രേഖകൾ ഉള്ളിലേക്കിറങ്ങിയാഴ്ന്നു. ഒന്നിനും ഉത്സാഹമില്ലാതെയായി. ജീവിതത്തിന്റെ കറുപ്പു മാത്രം തുറിച്ചുനോക്കി. എങ്ങും ഇരുട്ട്. തൊട്ടതിനും പിടിച്ചതിനും ദേഷ്യം. കൈവെക്കുന്നതെല്ലാം പരാജയം. എവിടെയും സന്തോഷത്തിന്റെ കണം പോലുമില്ല.
ആ സമയത്താണ് ശ്രീ ഹസ്നൈൻ വാരിസിൻ്റെ ഒരു പോസ്റ്റ് യാദൃശ്ചികമായി ഫേസ് ബുക്കിൽ കാണാനിടയായത്. എൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരം ഇദ്ദേഹത്തിൻ്റെ കയ്യിലുണ്ടെന്ന് എനിക്ക് തോന്നി. ഒരുപാടു നേരം ഞങ്ങൾ ടെലഫോണിൽ സംസാരിച്ചു. സംസാരത്തിനൊടുവിൽ പരിഹാരം ഓഷോ പറയുമ്പോലെ തന്നെയാണെന്ന് മനസ്സിലായി. "പ്രശ്നങ്ങൾ പലതാണ്. പോംവഴി ഒന്നു മാത്രം. ധ്യാനം." അകത്തേക്ക് നോക്കൽ. സ്വന്തം ഉള്ളിലേക്ക് സാകൂതം കണ്ണയക്കൽ.
ശ്രീ വാരിസ് നയിച്ചിരുന്ന 'ദി സർക്കിൾ' എന്ന വെബ് മീറ്റിംഗിലേക്ക് എനിക്ക് ക്ഷണം കിട്ടി. അവിടെ ഞങ്ങൾ 'ഹഖ് ' എന്താണെന്നും 'നഫ്സ് ' എന്താണെന്നും 'ഷെയ്ക്ക് ' ആരാണെന്നും തുടങ്ങി സൂഫി ജീവിതത്തിൻ്റെ അടിസ്ഥാന തത്വങ്ങളെല്ലാം ആഴ്ചകൾ തോറും ചർച്ച ചെയ്തു. കൗമാരക്കാരനായിരുന്ന അമീർ ഖുസ്രു ഒരു ഹോളി ദിവസം തൻ്റെ ഷെയ്ഖ്, അസ്റത്ത് നിസാമുദ്ദീൻ ഔലിയായെ കണ്ടു മുട്ടിയ സന്തോഷത്തിൽ എഴുതിയ "ആജ് രംഗ് ഹേ രീ മാ..." എന്ന കലാം അറിയാവുന്ന പോലെ നീട്ടിപ്പാടി! നസറുദ്ദീൻ ഹോജായുടെ ഫലിതങ്ങളിൽ ജീവിതത്തിൻ്റെ അന്തസത്തയാകെ വെളിവായി!
ഇപ്പോഴിതാ ഹസ് നെയിൻ്റെ പുസ്തകം.
എന്തുകൊണ്ടും സൂഫിസത്തിനെ കുറിച്ച് പുസ്തകമെഴുതാൻ യോഗ്യനാണ് ശീ വാരിസ് എന്ന് അദ്ദേഹവുമായി ഇടപഴകിയ ഏതാനും ആഴ്ചകൾ കൊണ്ട് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. വെറുതെ സൂഫിസത്തെ ക്കുറിച്ച് പറഞ്ഞു പോവുക മാത്രമല്ല അദ്ദേഹം തൻ്റെ മീറ്റിംഗുകളിൽ ചെയ്തത്. എല്ലാ മതങ്ങളുടെ മിസ്റ്റിക് രീതികളും എങ്ങനെ പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്നുവെന്നും എങ്ങനെ പരസ്പരപൂരകങ്ങളാവുന്നുവെന്നും അദ്ദേഹം കാട്ടിത്തന്നു. രമണമഹർഷിയും ഓഷോയും ശ്രീരാമകൃഷ്ണ പരമഹംസരും സൂഫികളല്ലാതെ വേറെയാരാണെന്ന് ആത്മീയതയുടെ അമൃതം പുരണ്ട ആ സന്ധ്യകളിൽ വാരിസ് ചോദിക്കുമായിരുന്നു.
ഹസ്റത്ത് റോഷൻ ഷാ വാർസിയുടെ ശിഷ്യനായ ശ്രീ വാരിസ് ഇളം പ്രായത്തിൽ തന്നെ ആത്മീയതയിൽ ആകൃഷ്ടനായിരുന്നു. ഡെൽഹി പോലൊരു മെട്രോ നഗരത്തിൽ, മറ്റു കുട്ടികൾ കളികളിൽ ഏർപ്പെടുമ്പോൾ പള്ളിയിൽ സത്സംഗമേറ്റിരിക്കാനായിരുന്നു വാരിസിന് താത്പര്യം. 2013 ൽ മുഴുസമയ ജോലി രാജി വച്ച്, അദ്ദേഹം സ്വന്തം താത്പര്യം പിൻതുടരാൻ തീരുമാനിക്കുകയായിരുന്നു. സർക്കിൾ മീറ്റിംഗുകളിലൂടെ, വർക്ക്ഷോപ്പുകളിലൂടെ, കോർപ്പറേറ്റുകൾക്കും, വ്യക്തികൾക്കും നൽകുന്ന കോച്ചിംഗിലൂടെ അദ്ദേഹം സൂഫിസത്തിൻ്റെ നറുനിലാവ് വിതറുന്നു .
S for Sufi സൂഫിസത്തിനെക്കുറിച്ച് ഒരാൾ അറിയേണ്ടതെല്ലാം അടങ്ങിയ ഒരു ചെറു ഗ്രന്ഥമാണ്. ചിത്രങ്ങളിലൂടെ , കൊച്ചു കഥകളിലൂടെ, അതി ഗഹനമായ സൂഫി തത്വങ്ങൾ അതി സരളമായി അദ്ദേഹം പങ്കുവെക്കുന്നു. താനറിഞ്ഞ മഹത്തായ കാര്യങ്ങൾ ആരുമറിയാതെ ഒളിച്ചുവെക്കുന്നവനല്ല മറിച്ച് അത് ലോകരെയെല്ലാം അറിയിക്കുന്നവനാണ് യഥാർത്ഥ ഈശ്വര പ്രേമി എന്ന് അദ്ദേഹം തൻ്റെ ഗ്രന്ഥത്തിലൂടെ പ്രസ്ഥാവിക്കുന്നു.
എന്നെ രസിപ്പിച്ചത് വേറൊരു കാര്യമാണ്. പുസ്തകത്തിൻ്റെ അവസാനം, തുടർ വായനക്കായി വാരിസ് കുറേ പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് കൊടുത്തിട്ടുണ്ട്. അതിൽ ഏറ്റവും ആദ്യത്തെ പുസ്തകം ഏതാണെന്നോ? എലിഫ് ഷഫാക്കിൻ്റെ ഫോർട്ടി റൂൾസ് ഓഫ് ലൗ!
എസ് ഫോർ സൂഫി വായിച്ചു കഴിഞ്ഞില്ല, കെ.ടി. സൂപ്പി മാഷിൻ്റെ ഏറ്റവും പുതിയ പുസ്തകം കയ്യിലെത്തി. ജലാലുദ്ദീൻ റൂമി, ജീവിതവും കാലവും.
സൂപ്പി മാഷിനെ എത്രകാലമായി ഞാനറിയുന്നു! സൂഫി എന്ന വാക്ക് ഒരു പക്ഷെ അതിൻ്റെ പൂർണ്ണ അർത്ഥത്തിൽ ഞാൻ രണ്ടാമത് കേൾക്കുന്നത് സൂപ്പി മാഷിൽ നിന്നാണ്. ഒന്നാമത് ഓഷോയിൽ നിന്നും മൂന്നാമത് ഹസ്നൈനിൽ നിന്നും.
പാറക്കടവിലെ അദ്ദേഹത്തിൻ്റെ വീട്ടിൻ്റെ ഉമ്മറക്കോലായിലിരുന്ന് ഞങ്ങൾ റൂമിയെക്കുറിച്ചും ഇസ്ലാമിൻ്റെ മിസ്റ്റിസിസത്തെ കുറിച്ചും എത്ര രാവുകൾ ചർച്ച ചെയ്തില്ല ! ഈ പുസ്തകം ഏറെ വൈകിയെന്നേ എനിക്ക് തോനുന്നുള്ളൂ. സൂഫിസവും, റൂമിയും , കവിതയും, ഖുർ ആനും തന്നെയല്ലേ സൂപ്പി മാഷിൻ്റെ ജീവിതം!
റൂമിയെ കുറിച്ച്, അദ്ദേഹ ത്തിൻ്റെ പിതാവിനെക്കുറിച്ച്, പുത്രനെ കുറിച്ച്, ഷംസ് തബ് രീസിനെ ക്കുറിച്ച് മാഷ് വിശദമായി തൻ്റെ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. കൂടാതെ, ദിവാൻ - ഇ ശംസ് തബ് രീസ്, മസ്നവി, ഫീ ഹീ മാഫീ ഹീ എന്നീ റൂമി കൃതികളെക്കുറിച്ച് പ്രതിപാദിക്കാൻ വേറെ വേറെ അദ്ധ്യായങ്ങളും! ഈ അദ്ധ്യായങ്ങളിൽ കൃതികളെ മനോഹരമായി വിശകലനം ചെയ്യുക മാത്രമല്ല, ആത്മീയാന്വേഷണത്തിൽ ഇവ എത്ര പ്രാധാന്യമർഹിക്കുന്നുവെന്ന് കാണിച്ചു തരാനെന്നോണം പ്രധാനപ്പെട്ട ചില ഗസലുകൾ പരിഭാഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു. മാഷ് ഈ പുസ്തകത്തിനായി ഒരു പാട് ഗവേഷണം നടത്തിയിട്ടുണ്ടെന്നത് തീർച്ച. പുസ്തകാവസാനം ദിവാനിൽ നിന്നുള്ള ചില കവിതകളുടെ ഭാവ സമ്പന്നമായ വിവർത്തനവും വായിക്കാം. മാഷ് ആത്യന്തികമായി, കവിയാണല്ലോ!
ജീവിതവും കാലവും വായിച്ചു തിരുന്നതോടെ ഫെബ്രുവരി ആദ്യവാരം മുതൽ ഫോർട്ടി റൂൾസ് ഓഫ് ലിവിലൂടെയും എസ് ഫോർ സൂഫിയിലൂടെയും ഞാൻ നടത്തിയ ആത്മീയ സഞ്ചാരം പൂർണ്ണ മാവുന്നു.. അതോ കൂടുതൽ ആഴത്തിലേക്കുള്ള യാത്രക്ക് തുടക്കമോ !
വായനോത്സവത്തിന് തുടക്കമായി വായിച്ച രണ്ടു പുസ്തങ്ങളെ, ഇടിവെട്ടുപോലെ, മിന്ന പിണർ പോലെ ഉലച്ചു കളഞ്ഞ രണ്ടു പുസ്തകങ്ങളെക്കൂടി പറയാതെ ഈ കുറിപ്പ് പൂർണ്ണമാവില്ല. അവയെക്കുറിച്ച് എഴുതാൻ ത്രാണി പോരാത്ത ഈ അൽപ്പപ്രാണി ആ മഹദ്ഗ്രന്ഥങ്ങളുടെ പേരുകൾ മാത്രം കുറിക്കട്ടെ!
The Life of Milarepa - Tsangnyön Heruka
കർണ്ണൻ - ശിവാജി ഗോവിന്ദ് സാവന്ത്.
ഒരു പുസ്തകത്തെ കുറിച്ചുള്ള അവലോകനം ഒരു മനോഹരമായ കഥ പോലെയോ അതിനു മുകളിലോ ആയി രൂപപ്പെട്ട വായനാനുഭവം.excellent 👍
ReplyDelete