Thursday, March 10, 2022

ഖുദാ സംഛ് താഹെ

ജീവിതത്തിൽ വിജയിക്കണമെങ്കിൽ ബിസിനസ്സ് ചെയ്തേ പറ്റൂ എന്നായിരുന്നു 1999 പകുതിയായപ്പോൾ ഉള്ള ബോധ്യം. കല്യാണം കഴിഞ്ഞ് അധികമായിരുന്നില്ല. കാശ് വേണം.  ജോലി ചെയ്തു കൊണ്ടിരുന്നാൽ കാശുണ്ടാവുകയില്ലെന്ന് മണിക്കൂറുകൾ നീണ്ട ചർച്ചകളിലൂടെ ഒരാത്മ സുഹൃത്ത് എനിക്ക് മനസ്സിലാക്കിത്തന്നു. ഒട്ടും അമാന്തിച്ചില്ല, കയ്യിലുള്ള പണവും ഭാര്യയുടെ ആഭരണങ്ങളും ബിസിനസ്സിൽ കയറി. ആറു മാസം കഴിഞ്ഞില്ല; കയറിയ വേഗത്തിൽ ഇറങ്ങിപ്പോരികയും ചെയ്തു. 

പാർട്ട്ണർഷിപ്പ് പിരിഞ്ഞ് അനാഥത്വത്തിൻ്റെ പെരുവഴിയിൽ ജോലി തേടി നടപ്പായി. വേനൽ, കൊടും വേനൽ. വിൽപ്പനക്കാരൻ്റെ ജോലി ഒന്നു രണ്ടിടങ്ങളിൽ പരീക്ഷിച്ചു. വിജയിച്ചില്ല. ഒടുക്കം കോഴിക്കോട് റെയിൽവേ സ്റ്റേഷനടുത്ത് ഒരു കമ്പനിയിൽ ജോലിയായി. വിൽപ്പനക്കാരൻ തന്നെ. കേരളം മുഴുവൻ നടന്ന് പോളിയെസ്റ്റർ ഫിലിം വിൽക്കണം. കണക്കെഴുതണം. മറ്റ് എഴുത്തുക്കുത്തുകൾ നടത്തണം.  ശമ്പളം തുച്ഛം. ദൈവത്തിൻ്റെ സ്വന്തം രാജ്യം മുഴുവൻ ചുറ്റിയടിച്ചു നടക്കുന്നതിനിടയിലൊരു നാൾ സുഹൃത്തായ സുബൈറിനെ ഏറെക്കാലത്തിനുശേഷം കണ്ടു മുട്ടി.  കേരളത്തിലാകെ ന്യൂ ജെനറേഷൻ ബാങ്കുകളുടെ ശാഖകൾ വന്നു കൊണ്ടിരുന്ന കാലമായിരുന്നു. അത്തരം ബാങ്കുകൾക്ക് എ.ടി.എം യന്ത്രങ്ങൾ ഘടിപ്പിച്ചു കൊടുക്കുന്ന പണിയായിരുന്നു സുബൈറിന്.കേരളത്തിലെ ബാങ്ക് മുതലാളിമാരോടെല്ലാം അടുത്ത സുഹൃദം. അവൻ വശം കൊടുത്തയച്ച എൻ്റെ ബയോഡാറ്റ ഒരു ബാങ്കിൻ്റെ ആളുകൾക്ക് ഇഷ്ടമായി. ഇൻ്റെർവ്യൂ കഴിഞ്ഞ് മാർക്കെറ്റിംഗ് ട്രെയിനി എന്ന തസ്തികയിൽ താത്ക്കാലിക നിയമനമായി. ഇതിൽ ഞാൻ കാണിക്കുന്ന പ്രാവീണ്യത്താൽ മേലധികാരി എന്നോട് പ്രണയ വിവശനായാൽ ജോലി ചെലപ്പോൾ സ്ഥിരമായേക്കും. പ്രണയിപ്പിക്കാനുള്ള പരിശ്രമം ആരംഭിച്ചു. ഒരു മാസം ചുരുങ്ങിയത് 40 എക്കൗണ്ടുകൾ ഉണ്ടാക്കണം. എന്നാൽ കയ്യിൽ കിട്ടുന്ന നാലായിരത്തിനോടൊപ്പം അല്പമെന്തെങ്കിലും കൂടുതൽ ലഭിക്കും. ഇക്കാലത്തെ MBA ക്കാരോട് പറഞ്ഞു നോക്കണം! അപ്പോഴറിയാം പരാക്രമം. മർക്കട സമാനം അടുത്ത വൃക്ഷത്തിലേക്ക് ചാടുകയായി. ഇഷ്ടം പോലെ ഉണ്ടല്ലോ വൃക്ഷങ്ങൾ. സമർത്ഥ വാനരരാകട്ടെ ഒരു റെയർ കമോഡിറ്റിയും! നാൽപ്പതും അതിലപ്പുറവും എക്കൗണ്ടുകൾ മാസാമാസമുണ്ടാക്കിയിട്ടും മേലധികാരികൾക്ക്‌ പ്രിയം എൻ്റെ കൂടെ പണിയെടുത്തിരുന്ന കോഴിക്കോട്ടങ്ങാടിലെ പ്രഭുകുമാരൻമാരോട് തന്നെ ആയിരുന്നു. ഒടുക്കമായപ്പോൾ മറ്റു നിർവാഹമില്ലാത്തതിനാൽ ഒരു സ്ഥിര നിയമനോത്തരവ് അവർ എനിക്കും തന്നു. 

പറഞ്ഞു വന്നത് വേറൊരു കാര്യമാണ്. ഇതോടൊപ്പം ചേർത്ത ചിത്രം.   

അകാലത്തിൽ പൊലിഞ്ഞു പോയ ഞങ്ങളുടെ ആദ്യ ബാങ്കിൻ്റെ സ്മരണാർത്ഥം നിലനിൽക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യപ്പെട്ടതാണത്.

ചിത്രം കണ്ടപ്പോൾ ഓർമ്മ വന്ന രണ്ടു സംഭവങ്ങൾ കുറിക്കട്ടെ!

അക്കാലം ഇക്കാലം പോലെ ആയിരുന്നില്ല. ആളുകൾ സാമ്പത്തിക ഇടപാടുകൾ പണമായിത്തന്നെ ലോഭ ലേശമെന്യേ ചെയ്ത് പോന്നിരുന്നു. അതിനാൽ തന്നെ ബാങ്കുകളുടെ ക്യാഷ് കൗണ്ടറുകളിൽ ധാരാളം കരൺസി കെട്ടുകെട്ടായി അടുക്കി വച്ചിട്ടുമുണ്ടാവും. 

നല്ല തിരക്കുള്ള ദിവസമായിരുന്നു. അക്കാലം, രണ്ട് ക്യാഷ് കൗണ്ടറുകൾ സ്ഥിരമായി ഞങ്ങളുടെ ബ്രാഞ്ചിൽ പ്രവർത്തിച്ചിരുന്നു. ഞാൻ പണം കൊടുക്കും. രാജേഷ് പണം വാങ്ങും. രണ്ടു പേരുടേയും മുന്നിൽ സാമാന്യം നല്ല ക്യൂ. ഞങ്ങൾ കർത്തവ്യത്തിൽ മുഴുകി മറ്റൊന്നുമറിയാതെ ധ്രുതഗതിയിൽ കാര്യങ്ങൾ ചെയ്യുന്നു. നോട്ട് കൗണ്ടിംഗ് മെഷിൻ്റെ കട കട നാദം. എനിക്കും അവനും കൂടി ഒരു മെഷിനേ ഉള്ളൂ. 

അപ്പോഴാണ്, കുറേ നേരമായി തൂവെള്ള വസ്ത്രം ധരിച്ച ഒരു മധ്യവയസ്കൻ എൻ്റെ കൗണ്ടറിൻ്റെ വലതു വശത്തായി ഒതുങ്ങി നിൽക്കുന്ന കാര്യം ഞാൻ ശ്രദ്ധിച്ചത്. ഒട്ടും അഴുക്കുപുരളാത്ത മുണ്ടും മുഴുക്കയ്യൻ ഷർട്ടും. നരകയറിയ ഇടതൂർന്ന താടി.  വീതിയുള്ള നെറ്റിയിൽ നിസ്കാരത്തഴമ്പ് . മുടി എണ്ണ തേച്ച് പുറകോട്ട് കോതി വച്ചിരിക്കുന്നു.  എനിക്ക് ചെക്കോ വിത്ഡ്രോവൽ സ്ലിപ്പോ ഒന്നും തന്നിട്ടില്ല. എന്തേ എന്ന് രണ്ടു തവണ ചോദിച്ചതിന് ഒന്നുമില്ലെന്ന് ചുമലിളക്കി. ഇടക്കൊന്ന് പുറത്തേക്കിറങ്ങി അതേയിടത്ത് വീണ്ടും വന്നു നിന്നു . മുഖത്ത് പുഞ്ചിരി.  ഇനിയിപ്പോ ബിൻ ലാദനോ മറ്റോ ആവുമോ? എനിക്ക് പേടിയായിത്തുടങ്ങി. ഞാൻ രാജേഷിനെ തോണ്ടി വിളിച്ച് കണ്ണുകൾ കൊണ്ട് കഥ പറഞ്ഞ് കാര്യം ഗ്രഹിപ്പിച്ചു. അവൻ ശ്രീജിത്തിനേയും. വാതിലിനു വെളിയിൽ ദിവാസ്വപ്നത്തിൽ മുഴുകി നിന്ന ശ്രീധരൻ എന്ന സെക്യൂരിറ്റി ഗാർഡ് തോക്കുമായി ഛടുതിയിലെത്തി ശുഭ്രവസ്ത്രധാരിയുടെ പിറകിൽ നിലയുറപ്പിച്ചു.

അല്പമുറക്കെ ഞാൻ ബിൻ ലാദനോട് തിരക്കി. "എന്താ വേണ്ടത് ?" അയാൾ എന്നെ നോക്കി വെളുക്കെ ചിരിച്ചു. മിന്നിത്തിളങ്ങുന്ന കുലീനമായ ദന്ത നിര. ചിരി നിർത്തി അല്പം ദയനീയമായി എനോട് ചോദിച്ചു. "അഞ്ചുറുപ്പ്യ തെരുവോ?"  "ങ്ങേ? " എനിക്ക് ചോദ്യം ഗ്രഹിക്കാനായില്ല. "അഞ്ചുറുപ്പ്യ തെരുവോ?"  അയാളും ഉറക്കെ ചോദിച്ചു. "അയ്യോ! പറ്റില്ല! ഇവിടെ അങ്ങനെ തരാനൊന്നും പാടില്ല..... " മേലെ സി.സി ടിവി ക്യാമറയുടെ ചുവന്ന എൽ സി ഡി ലൈറ്റ് പതിഞ്ഞു മിന്നി. അയാളുടെ കണ്ണിൽ ഉൻമാദം തിളങ്ങി. "പിന്നെ ഇൻ്റെ പിന്നില് കെട്ടാക്കി വെച്ചത് എന്തിനാന്ന്?" എൻ്റെ പുറകിൽ അടുക്കി വച്ചിരുന്ന നോട്ടു കെട്ടുകൾ നോക്കി അയാൾ ചോദിച്ചു.  അപ്പോഴേക്കും ശ്രീധരേട്ടൻ്റെ പിടിവീണു. തിരിഞ്ഞു നോക്കിയ അയാൾ തോക്കു കണ്ട് ഞെട്ടി. എന്നിട്ട് പറഞ്ഞു, "ഒരഞ്ചുറുപ്പ്യ തെരാൻ ആ നായിൻ്റ മോനോട് പറ പോലീസേ... " ദീന ശബ്ദമായിരുന്നു ലാദന്. "ഈ പൈശയൊന്നും ചാകാന്നേരം ഓന് കൊണ്ടോവാനാവൂലാന്ന് പറഞ്ഞ് കൊട്ക്ക് പോലീസേ ...''

ഇതിനു ശേഷം ഒരാഴ്ച കഴിഞ്ഞിരിക്കണം. തിരക്ക് ഒട്ടുമില്ലാത്ത അപൂർവം ദിവസങ്ങളിൽ ഒന്നായിരുന്നു. ഞാൻ നോട്ടുകൾ എണ്ണിയൊതുക്കി കെട്ടിവെക്കുന്ന പണിയിൽ വ്യാപൃതനായിരുന്നു. ആരോ കുറേ നേരമായി കൗണ്ടറി ന് മുന്നിൽ നിൽക്കുന്നില്ലേ എന്ന ബോധമുണ്ടായപ്പോൾ തലപൊക്കി നോക്കി. ഹർഷദ്. എൻ്റെ കഷ്ടദിനങ്ങളുടെ സാക്ഷി, ചിരിച്ചു കൊണ്ട് നിൽക്കുന്നു! ഉണ്ട, പുഴു തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവ്. അനേകം ഹ്രസ്വ സിനിമകളുടെ ശില്പി.  എന്നും മനസ്സിൽ സിനിമയുമായി നടന്ന അവൻ, അവൻ്റെ തൂലികയിലും ക്യാമറയിലും അന്നേ തന്നെ ഇവയൊക്കെ ഒളിപ്പിച്ച് വച്ചിട്ടുണ്ടായിരുന്നിരിക്കണം. അന്നവൻ കോഴിക്കോട്ടും ബാംഗ്ളൂരിലുമൊക്കെയായി ഗ്രാഫിക് ഡിസൈനിംഗിൽ അത്ഭുതങ്ങൾ കാട്ടുകയായിരുന്നു.

"എന്താടാ ?" അവൻ്റെ ചിരി കണ്ട് ഞാൻ തിരക്കി. "ഇത് അത് തന്നെ " അവൻ പറഞ്ഞു "എന്ത് ഏത് തന്നെ ?" എന്ന എൻ്റെ ചോദ്യത്തിന് വീണ്ടും പൊട്ടിച്ചിരി. ഒന്നും തെളിച്ചു പറയുന്ന സ്വഭാവം ആ രാക്ഷസന് പണ്ടേയില്ലല്ലോ! ഒടുക്കം ചിരി തീർന്നപ്പോൾ  എൻ്റെ ദീന മുഖം കണ്ടിട്ടാവണം അവൻ പറഞ്ഞു. "നീ സൂഫീൻ്റെ ഒട്ടകം തന്നെ ...'' എൻ്റെ മുഖത്ത് സ്പഷ്ടമായ മൂഢവികാരം കണ്ടിട്ടാവണം അവൻ പറഞ്ഞു " ബാ... ഇറങ്ങ്... പറയാം...'' ഞാൻ രാജേഷിനോട് ചായ കുടിച്ച് വരാം എന്നു പറഞ്ഞ് ഇറങ്ങി. ചായയുടെ ചൂടോടൊപ്പം ഹർഷാദ് സൂഫിയുടെ ഒട്ടകത്തിൻ്റെ കഥ പറഞ്ഞു.

ഒരു സൂഫിവര്യൻ രാജസ്ഥാൻ മരുഭൂമിയിലൂടെ നടന്നുപോവുകയായിരുന്നു. ഉഷ്ണ കാലം. സഹിക്കാനാവാത്ത താപം. ഇനിയും കുറേ ദൂരം നടക്കാനുണ്ട്. "എനിക്ക് ഒരൊട്ടകത്തെ തന്നിരുന്നെങ്കിൽ !" അദ്ദേഹം സർവേശ്വരനോട് പ്രാർത്ഥിച്ചു. കുറച്ചു ദൂരം ചെന്നില്ല തെല്ലകലെ ഒരൊട്ടകം കിടക്കുന്നത് കാണായി! വേഗം നടന്ന് അടുത്തെത്തിയപ്പോഴാണ് സൂഫിക്ക് കാര്യം മനസിലായത്. രോഗിയും അവശയുമായ ആ പെണ്ണൊട്ടകം അന്ത്യശ്വാസം വലിക്കുകയായിരുന്നു. അടുത്തായി ഒരു ദിവസത്തിലധികം പ്രായമില്ലാത്ത അതിൻ്റെ കുഞ്ഞുമുണ്ട്. സൂഫിവര്യൻ ഒട്ടകത്തെ ശുശ്രൂഷിച്ചു കൊണ്ട് അടുത്തിരുന്നു. അധികം വൈകാതെ ഒട്ടകത്തിൻ്റെ ചലനം നിലച്ചു. അടുത്തു കിടന്നിരുന്ന കുഞ്ഞൊട്ടകത്തെയും ചുമലിലേറ്റി സൂഫി യാത്ര തുടർന്നു. 

കുറച്ചു ദൂരം നടന്നതും സൂഫി പൊട്ടിച്ചിരിക്കാൻ തുടങ്ങി. ചിരിച്ച് ചിരിച്ച് അദ്ദേഹം വിവശനായി. മുകളിൽ ജ്വലിക്കുന്ന നീലാകാശത്തിലേക്ക് തലയുയർത്തി നോക്കി അദ്ദേഹം വിളിച്ചു പറഞ്ഞു.  " ഖുദാ സുൻതാഹെ!  ലേക്കിൽ സമഛ് താ നഹീ! " ഇത് പറഞ്ഞത് ചായ ഗ്ലാസ് മേശമേൽ വച്ച് ഹർഷദും ഉറക്കെ ചിരിച്ചു. അവൻ്റെ പ്രത്യേക ചിരി. "നീ പണം ചോദിച്ചു! ദൈവം കെട്ടുകളായി നിനക്ക് തന്നു .... വെറുതെ, എണ്ണിക്കൊണ്ടിരിക്കാൻ ...'' ഞാനും ചിരിച്ചു.

ഇന്നും കാര്യങ്ങൾ അതുപോലെയൊക്കെത്തന്നെ. "ദൈവം കേൾക്കുന്നുണ്ട്... പക്ഷെ അവിടുന്നിന് കാര്യം മനസ്സിലാകുന്നില്ല!"

2 comments: