Friday, February 18, 2022

തൊണ്ട അലർജി

തൊണ്ടക്കുള്ളിൽ ഇരു വശവും നല്ല ചൊറിച്ചിൽ . ചൊറി തുടങ്ങിയാൽ കണ്ണിൽ വെള്ളം നിറയും. ശബ്ദം ഇടറും. കുത്തിക്കുത്തിയുള്ള ചുമതുടങ്ങും. രാത്രികളിൽ ഉറങ്ങാൻ കഴിയില്ല.

ഒരു വർഷം മുമ്പാണ് ഈ സൂക്കേട് പിടിമുറുക്കിയത്. നഗരത്തിലെ ഏറ്റവും മികച്ച ചെവി മൂക്ക് തൊണ്ട വിദഗ്ദ്ധൻ ആരാണ് എന്നായി അന്വേഷണം. അന്വേഷണത്തിനൊടുവിൽ ദേശാഭിമാനി നിരത്തിൽ, ചെ .മൂ. തൊ അസുഖങ്ങൾക്കുള്ള ചികിത്സയുടെ ആൽഫയും ഒമേഗ യുമായ ഒരാതുരാലയമുണ്ടെന്ന് കണ്ടെത്തി. വളരെ പേരെ സ്വാധീനിച്ച ശേഷമാണ് അവിടത്തെ എല്ലാമായ ഡോക്ടർ എന്നിനെ കാണാൻ സമയം ലഭിച്ചത്. സമയത്തിനെത്തി ഫീസടച്ച ശേഷവും കുറേ നേരം കാത്തിരിക്കേണ്ടി വന്നു ഡോക്ടർ എന്നിൻ്റെ മുറിയിലേക്ക് കടക്കാൻ. ആ മുറിയിലേക്ക് കടക്കുന്നതിനു മുമ്പ് ഒരു യുവതി എന്നെ വേറൊരു മുറിയിൽ ക്ഷണിച്ചിരുത്തി ഒരു പാട് വിവരങ്ങൾ ചോദിച്ചറിയുകയുണ്ടായി.

മുറിയിലെത്തിയതും ഒരു വനിതാ ഡോക്ടർ എൻ്റ വായ ആകാവുന്നത്ര പിളർത്തി തൊണ്ട പരിശോധിച്ചു.  ശേഷം ഡോക്ടർ എന്നിൻ്റെ അരികിലെത്തി സ്വകാര്യമായി എന്തൊക്കെയോ സംസാരിച്ചു. എനിക്ക് പരിഭ്രമം തുടങ്ങി. ഗുരുതരമായിരിക്കുമോ സംഭവം!

വനിതാ ഡോക്ടർ ചെയ്തതൊക്കെ  ഡോക്ടർ എന്നും ചെയ്തു. കൂടാതെ മൂക്കും ചെവിയും ഉപകരണങ്ങളിലൂടെ വീക്ഷിച്ചു. എന്നിട്ടു പറഞ്ഞു. "താങ്കളുടെ മൂക്കിൻ്റെ പാലം വല്ലാതെ വളഞ്ഞിട്ടുണ്ട്. ഒരു നാസാരന്ധ്രത്തിലൂടെ മാത്രം ശ്വാസമെടുത്തെടുത്ത് അതിന് മതിയായി. മാത്രമല്ല ഉറങ്ങുമ്പോൾ താങ്കൾ വായ തുറന്നുറങ്ങുന്നു. ഉള്ള കിളികളും കൃമികളും പൊടികളും തടസ്സമേതുമില്ലാതെ തൊണ്ടയിൽ കൂടു കൂട്ടുന്നു. അത് കാരണമാണ് ഈ പ്രശ്നം. ഉപ്പ് വെള്ളം കൊണ്ട് തൊണ്ട കഴുകുക. ഞാൻ തരുന്ന ഗുളിക കഴിക്കുക. എന്നാൽ ഞാൻ ഒരു കാര്യം പറയട്ടേ! ഇതു കൊണ്ടൊന്നും ചൊറിയും കൊരയും മാറുകയില്ല. മൂക്കിൻ്റെ പാലം നേരെയാക്കണം. ഓപ്പറേഷൻ വേണം. ഇവിടത്തെ ലാബിൽ പരിശോധനക്കായി രക്തം ദാനം ചെയ്ത് പോവുക. ഒരാഴ്ച കഴിഞ്ഞ് വരുമ്പോൾ ഞാൻ പറയുന്ന ഇടത്തുനിന്ന് മൂക്കിൻ്റെയും തൊണ്ട യുടേയും മാഗ്നറ്റിക് റിസൊണൻസ് ഇമേജിംഗ് ചെയ്ത് ഫിലിം ഹാജരാക്കുക.
മരുന്നും ലാബും ഫീസും എല്ലാമടക്കം അന്നത്തെ ചെലവ് രണ്ടായിരത്തിനടുത്ത് . ഒരാഴ്ച കഴിഞ്ഞ് ഡോക്ടർ എൻ പറഞ്ഞ പ്രകാരമെന്ന് ആശ്വസിപ്പിച്ച് എം.ആർ.ഐ ക്കാരൻ ആയിരം രൂപ ഇളവ് തന്നതും കഴിച്ച് ഏഴായിരം അതിനും.  

ഫിലിം നോക്കി ഡോക്ടർ എൻ നാസികാ സേതു ഭ്രംശത്തിൻ്റെ കാഠിന്യം വ്യക്തമാക്കി. പറ്റുമെങ്കിൽ ഇന്ന് തന്നെ ശസ്ത്രക്രിയ നടത്തണം. ബെല്ലടിച്ച് സുന്ദരിയെ വരുത്തി എന്നെ അദ്ദേഹം അവളുടെ കൂടെ  മറ്റൊരു മുറിയിലേക്കയച്ചു. ശസ്ത്രക്രിയയുടെ വിശദാംശങ്ങൾ വിശദമാക്കാനുള്ള ചുമതല ആ നതാംഗിക്കാണ്. അവൾ പറഞ്ഞാൽ ആർക്കാണ് എതിർക്കാനാവുക! എൺപതിനായിരം രൂപക്ക് കച്ചവടമുറപ്പിച്ച് മൂക്ക് മുറിക്കാനുള്ള തീയതിയും കുറിച്ചു.

വഴിയിലേക്കിറങ്ങിയപ്പോൾ സംശയമായി. സംശയാത്മാവിനശ്യതീന്നാണെങ്കിലും, സഹപാഠിയെ വിളിക്കുന്നതിൽ അഹിത മേതുമില്ലല്ലോ എന്ന് ന്യായീകരിച്ച് അതിസമർത്ഥനായ എൻ്റെ സതീർത്ഥ്യ ഭിഷഗ്വരനെ വിളിച്ച് കാര്യം പറഞ്ഞു. അവൻ ഉറക്കെ ചിരിച്ചിട്ട് പറഞ്ഞു. "കഴിഞ്ഞ അമ്പത്തൊന്ന് കൊല്ലം ജീവിച്ച മൂക്കും കൊണ്ട് ഇനിയും ജീവിച്ചാ മതി... മൂക്ക് മുറിക്കണ്ട! മിണ്ടാണ്ടാടേങ്ങാൻ കുത്തിര്ന്നോ ചങ്ങായീ! " വിദഗ്ദ്ധോപദേശത്തിൽ ഞാൻ തികച്ചും തൃപ്തനായി. ശസ്ത്രക്രിയയേയും, നാഴികക്ക് നാൽപ്പത് വട്ടം വിളിച്ച് മൂക്കു മുറിക്കാൻ എന്നെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്ന നതാംഗിയേയും ഞാൻ മറന്നു. ഡോക്ടർ എന്നിൻ്റെ മരുന്നിൻ്റെ ഗുണം, ലതയുടെ ഇഞ്ചി, തേൻ മിശ്രിതം, ചൊറിയും ചുമയും മാറി.

ഇപ്പോഴിതാ ഒരു മൂന്നാഴ്ച മുമ്പ് വീണ്ടും പൂർവാധികം ശക്തിയോടെ! ചൊറി, കൊര! ഉറക്കമില്ല. വല്ലാണ്ട് ബുദ്ധിമുട്ടായപ്പോൾ വൈദ്യസഹായം തേടി ഗുഗിളിലേക്കിറങ്ങി. ഹൈക്കോർട്ട് ജംഗ്ഷനിലെ ആപ്പീസിലിരുന്ന് എൻ്റെ സമീപത്തുള്ള ചെ.മൂ. തൊ വിദഗ്ദ്ധരാരൊക്കെ എന്ന് ഞാൻ ആരാഞ്ഞു. അധികമൊന്നും ദൂര ത്തല്ലാതെ ഒരു ചെറിയ ക്ലിനിക്കിൻ്റെ ചിത്രം തെളിഞ്ഞു വന്നു. ഡോക്ടർ ഡിസ് ക്ലിനിക്ക്. ആള് മദ്ധ്യാഹ്നം വരയേ അനുഗ്രഹിക്കൂ . അതു കഴിഞ്ഞാൽ നിഗ്രഹമാണത്രേ! ഓരോരോ വിചിത്ര രീതികൾ. മൊബൈലിലെ സമയമാപിനി പത്തരയാണ് കാണിച്ചത്. ഇപ്പവരാം എന്നാംഗ്യം കാണിച്ച് ഞാൻ ഓടിച്ചെന്നു. ഗൂഗിൾ മാപ്പമ്മായി എന്നെ നയിച്ചത് ഒരു പഴയ ഇരുനില കെട്ടിടത്തിലേക്ക്. അവിടെ വലിയ ബോർഡ്. ഡിസ് ഇ എൻ ടി ക്ലിനിക് . 

ഇരുട്ട് നിറഞ്ഞ കെട്ടിടത്തിൻ്റെ ഇടനാഴിയിലേക്ക് ഞാൻ മെല്ലെ കയറിച്ചെന്നു. ഇരുട്ടുമായി കണ്ണുകൾ പരിചയിച്ചപ്പോൾ ഇടതു വശത്ത് ഒരു ചെറിയ മുറി. അവിടെ വെള്ളവസ്ത്രം ധരിച്ച രണ്ടു വൃദ്ധ സ്ത്രീകൾ. "ഡോക്ടർ ഡി?" എൻ്റെ ചോദ്യത്തിന് മറുചോദ്യമായിരു മറുപടി. "ആദ്യായിട്ടാ?" അതെ എന്ന എൻ്റെ മറുപടിക്ക് മറുപടിയായി അവരൊരു ഫോം ഫില്ല് ചെയ്യിപ്പിച്ചു. എൻ്റെ കുട്ടിക്കാലത്ത് വസന്താപ്രസ്സിൽ അച്ചടിച്ച സമ്മേളന നോട്ടീസുകളുടെ കടലാസിന് ഇപ്പറഞ്ഞ ഫോമിനേക്കാളും മേൻമയുണ്ടായിരുന്നു. മുന്നൂറു രൂപ ഫീസുചീട്ടാക്കി, പോളിത്തീൻ സഞ്ചിയിൽ ഇട്ടു തന്ന മഞ്ഞക്കാർഡുമായി ഞാൻ ഡോക്ടറെ കാത്തിരിപ്പായി. 

എനിക്ക് ഭീമൻ്റെ ഊഴമായിരുന്നു. മുറിയിലേക്ക് കാലെടുത്തു വെക്കവെ സിസ്റ്റർ ഓർമ്മിപ്പിച്ചു. "മൊബൈൽ ഓഫാക്കണം"

ഒരു വലിയ മുറിയുടെ ഒരറ്റത്ത് മെലിഞ്ഞ ഒരു വൃദ്ധൻ. ഡോക്ടർ ഡി. അദ്ദേഹത്തിൻ്റെ മുമ്പിലിരുന്നു. തിരിച്ചു പോയാലോ എന്നു തോന്നായ്കയല്ല. ഒരു ലൈറ്റ് കത്തുന്നുണ്ട്. അതിൻ്റെ പാർശ്വങ്ങൾ തുരുമ്പെടുത്തിരിക്കുന്നു. ഡോക്ടറുടെ തലയിൽ ഘടിപ്പിച്ച റിഫ്ലക്ടറിന് നൂറ്റാണ്ടിൻ്റെ പഴക്കം. മുഖംമൂടിക്ക് മുകളിൽ നരച്ച പുരികവും കണ്ണുകളും. എന്നോട് ലക്ഷണങ്ങൾ അവതരിപ്പിക്കാൻ ആജ്ഞാപിച്ചു. ഞാൻ വളിപുള്ളി വിടാതെ കാര്യമവതരിപ്പിച്ചു.  

" ഇത് അലർജിയാണ്. ഉപയോഗിക്കുന്ന എന്തോ ഒരു സാധനം അലർജി ഉണ്ടാക്കുന്നുണ്ട്... അതെന്താണെന്ന് കണ്ടെത്തി ഒഴിവാക്കണം... അത്രയേ വേണ്ടു... "

"അല്ല ഡോക്ടർ മൂക്കിൻ്റെ പാലം ... "
ഡോക്ടർ ഡി മനസ്സറിഞ്ഞ് ചിരിച്ചു. 
ആ ചിരി കണ്ടു കൊണ്ടു നിൽക്കെ ഞാൻ ഞങ്ങളുടെ പപ്പു ഡോക്ടറെ ഓർത്തു. അലോപ്പതിയിൽ അന്യം നിന്നുപോകുന്ന അറിവിൻ്റെ തലമുറ!
 "ഇത് പാലം കുലുങ്ങിയത് കൊണ്ടൊന്നുമല്ല!... താനാ വസ്തു കണ്ടെത്തി നശിപ്പിക്ക് ....."

പിന്നീടദ്ദേഹം പത്തു ദിവസത്തേക്ക് ഒരു ആൻറി അലർജി ഗുളിക കുറിച്ചു തന്നു. "അഞ്ചു ദിവസം കഴിക്ക്. ചൊമനിന്നാൽ മരുന്നും നിർത്തിക്കോ!"

മരുന്നിന് നൂറു രൂപ. ആകെ ചെലവ് നാനൂറ് . 

കൊര നെരപ്പായിട്ട് അഞ്ചാറ് നാളായി! ഇനിയും ആ ക്ഷുദ്ര ദ്രവ്യത്തെ കണ്ടെത്താനായിട്ടില്ല. എൻ്റെ തൊണ്ടയെ ദേഷ്യം പിടിപ്പിക്കുന്ന ആ ക്ഷുദ്ര ദ്രവ്യത്തെ!

2 comments: