Thursday, March 10, 2022

മൂന്ന് പുസ്തകങ്ങൾ

"രമയുടെ നിദ്രകൾ ആകാശചാരികളായ മാന്ത്രികൻമാരെക്കൊണ്ട് നിറഞ്ഞു. പറക്കുന്ന ദർവീസുകൾ. കറുത്ത മേലങ്കിയുടെ പട്ടുചിറകുകൾ വിടർത്തി മലമുടികളിൽ നിന്ന് മലമുടികളിലേക്ക് പറന്നു വീണ് അവർ അമർത്യതയുടെ തീർത്ഥങ്ങൾ തേടി." 

പ്രവാചകൻ്റെ വഴിയിലെ രമയുടേതു പോലെ എൻ്റെ സ്വപ്നങ്ങളിലും ദർവീസുകൾ നിറയുന്നു. കറുത്ത അങ്കിയണിഞ്ഞ, ദീർഘകായനായ ഒരു ദർവീസ് ഒഴുകുന്ന താടിയും തോളറ്റം വരെ വീണു കിടക്കുന്ന തിളങ്ങുന്ന കറുത്ത മുടിയും കാറ്റിലിളക്കിക്കൊണ്ട് എൻ്റെയുള്ളിൽ കുറേ നാളുകളായി നൃത്തം ചെയ്യുന്നു. ഉറക്കമുണർന്നാലും സ്വപ്നമാകെ നിറഞ്ഞു മുഴങ്ങിയ തന്ത്രി വാദ്യ സംഗീതം വിടാതെ മുഴങ്ങുന്നു. പകലുകളിലും അവൻ്റെ സാനിധ്യം ദൃശ്യമായും ശബ്ദമായും ഗന്ധമായും ഞാനനുഭവിക്കുന്നുണ്ട്. അയാൾക്ക് ഷംസ് ഓഫ് തബ്രീസിൻ്റെ രൂപമാണെന്ന് മനസ്സ് പറയുന്നു.

Elif Shafak  എന്ന Turkish-British നോവലിസ്റ്റിന്റെ The Forty Rules of Love എന്ന നോവലാണ് ഇങ്ങനെ ഒരവസ്ഥക്ക് തുടക്കമിട്ടതെന്ന് തോന്നുന്നു. ഷംസ് ഓഫ് തബ്രിസും ജലാലുദ്ദീൻ റൂമിയും തമ്മിലുള്ള സമാനതകളില്ലാത്ത ദിവ്യബന്ധത്തെയാണ് ഈ നോവൽ ചർച്ച ചെയ്യുന്നത്. 

ജനുവരി രണ്ടാം പകുതിമുതൽ വായനയുടെ ദിവ്യവസന്തത്തിലേക്ക് മറ്റെല്ലാ ഉത്സവങ്ങളും നിർത്തി ഞാനെന്നെത്തന്നെ സമർപ്പിച്ചിരിക്കുകയാണല്ലോ!

രണ്ട് കാലഘട്ടങ്ങളിൽ നടക്കുന്ന രണ്ടു കഥകൾ സമാന്തരമായി പറഞ്ഞു പോവുകയാണ് ഫോർട്ടി റൂൾസിൽ നോവലിസ്റ്റ് ചെയ്യുന്നത്. രണ്ടായിരത്തി എട്ടിൽ ലണ്ടനിലെ നോർത്ത് ഹാംപ്റ്റണിൽ ജീവിക്കുന്ന എല്ലയുടേയും പതിമൂന്നാം നൂറ്റാണ്ടിൽ കോന്യയിൽ ജീവിക്കുന്ന ഷംസിൻ്റേയും റൂമിയുടേയും രണ്ട് കഥകൾ.

പല കാരണങ്ങളാൽ വൈഷമ്യമനുഭവിക്കുന്ന ഒരു സാധാരണ വീട്ടമ്മയാണ് എല്ല. അവർക്ക് ഭർത്താവും കൗമാര പ്രായക്കാരായ മക്കളുമുണ്ട്. മക്കൾ തന്നിൽ നിന്ന് അകലുന്നതും ഭർത്താവ് തന്നോട് അവിശ്വസ്ഥനാവുന്നതും അടുക്കളയും കുക്കറി ക്ലാസുകളും മാത്രമായി കഴിയുന്ന എല്ല അറിയുന്നുണ്ട്. വിരസതയിൽ നിന്ന് രക്ഷപ്പെടാൻ ഒരു പബ്ലിഷിംഗ് കമ്പനിക്കു വേണ്ടി കയ്യെഴുത്തുപ്രതികൾ വായിക്കുന്ന ജോലി എല്ല സ്വീകരിക്കുന്നു. ആ കമ്പനി വായിക്കാനായി നൽകിയ ഒരു നോവലിൻ്റെ കയ്യെഴുത്തുപ്രതിയിലൂടെ എല്ല, സൂഫിസത്തെ പരിചയപ്പെടുകയാണ്.  "Sweet blasphemy" എന്ന ഈ നോവൽ പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ സൂഫിയും ദർവിസുമായ ഷംസ് ഓഫ് തബ്രിസും ജലാലുദ്ദീൻ റൂമിയും തമ്മിലുള്ള സ്നേഹ ബന്ധത്തിൻ്റേയും, ഷംസുമായി ചേർന്ന ശേഷം റൂമിയിൽ വന്ന മാറ്റങ്ങളുടേയും, അവരുടെ വേർപാട് റൂമിയിലുണ്ടാക്കിയ പരിവർത്തനങ്ങളുടേയും കഥ പറയുന്നതാണ്.  ഈ നോവലിൻ്റെ വായന എല്ലയുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നു. 

ഒരുപുറം വായിച്ചാൽ നിർത്താനാവാതെ വായിച്ചു പോകും വിധം സമർത്ഥമായാണ് എലിഫ് ഷഫാക്ക് ഈ നോവൽ എഴുതിയിരിക്കുന്നത്. സൂഫിസത്തിൻ്റെ പവിത്രത ഒട്ടും കളങ്കപ്പെടുത്താതെ അതിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഈ നോവൽ സഹായിക്കും. 

പുസ്തകത്തിന് ഒരു മനോഹാരിത കൂടിയുണ്ട്. എല്ലാ അദ്ധ്യായവും ആരംഭിക്കുന്നത് B എന്ന അക്ഷരത്തിലാണ്. വിശുദ്ധ ഖുർആനിലെ പ്രഥമാദ്ധ്യായമായ അൽ ഫാത്തിഹ  ആരംഭിക്കുന്ന ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന വാക്യത്തെ ഓർത്തുകൊണ്ട്!

ജീവിതത്തിലൊരിക്കലും മറക്കാനിടയില്ലാത്ത വായനാനുഭവത്തിലൂടെ , The Forty Rules ലൂടെ, നോർത്ത് ഹാംപ്റ്റണിലെ പ്രൗഢമായ വില്ലയിലൂടെ, സമർകൻഡിലെ സത്രത്തിലൂടെ, ബാഗ്ദാദിലെ ഐശ്വര്യങ്ങളിലൂടെ, റൂമി പ്രഭാഷണം നടത്തുന്ന കോന്യയിലെ പള്ളിയിലൂടെ, സുലൈമാൻ മദ്യപിക്കുന്ന മദ്യശാലയിലൂടെ, വേശ്യാ തെരുവിലൂടെ, റൂമിയുടെ ഭവനത്തിലൂടെ ഷംസിനോടൊപ്പം അലയുകയായിരുന്ന നാളുകളിലാണ്, സുഹൃത്തും വഴികാട്ടിയുമായ Hasnain  Waris എഴുതിയ S for Sufi എന്ന മനോജ്ഞ ഗ്രന്ഥം കയ്യിലെത്തിയത്. 

ഒരു പാട് നാളായി കാത്തിരുന്ന പുസ്തകമാണ്. കൃത്യമായി പറഞ്ഞാൽ രണ്ടു വർഷം. 2020 ജൂണിലാണ് ഞാൻ ഹസ്നൈനെ പരിചയപ്പെടുന്നത്.

2020 മാർച്ച് ഇരുപത്തി നാലിന്  രാജ്യയമൊന്നാകെ അടച്ചുപൂട്ടി. അതിനുമുമ്പേ തന്നെ കേരളം അടച്ചുപൂട്ടിയതുപോലെയായിരുന്നു.
തുടക്കത്തിൽ കൗതുകമായിരുന്നു. പിന്നെ കുറച്ചു ദിവസം സന്തോഷം. സാധനങ്ങളും സർവീസുകളും വീട്ടു പടിക്കൽ എത്തുന്നു. രാവിലെയും വൈകീട്ടും വ്യായാമം. ഓഫീസിൽ പോകേണ്ട . വീട്ടിലിരുന്ന്  പണിചെയ്താൽ മതി. എല്ലാം കൊണ്ടും സുഭഗ  സുന്ദരമായ കുറച്ചു നാളുകൾ.
അതുകഴിഞ്ഞപ്പോഴാണ് ശരിക്കുമുള്ള കാര്യം വെളിവായിത്തുടങ്ങിയത്. എന്തെന്നില്ലാത്ത ആധി . ആരോടും ഒരഞ്ചുമിനിട്ടിൽ കൂടുതൽ പറയാൻ വിഷയങ്ങൾ ഇല്ലാതായി. പാട്ടുകേൾക്കാൻ, കഥവായിക്കാൻ ഉത്സാഹം തോന്നുന്നില്ല. മഹാമാരി  കാർമേഘംപോലെ അന്തരീക്ഷത്തിൽ തിങ്ങി തൂങ്ങി നിന്നു . എന്നും വൈകീട്ട് ഭരണാധികാരിയുടെ കണക്കവതരണം. ടീവിയിൽ നിറയെ ആംബുലൻസുകൾ. മരണക്കണക്കുകൾ. ഒരുങ്ങുന്ന  കോവിഡ് കേന്ദ്രങ്ങൾ. 

കാണെക്കാണെ എന്റെ മനസ്സാകെ മൂടിക്കെട്ടാൻ തുടങ്ങി.
വിഷാദരോഗത്തിന്റെ കറുത്ത രേഖകൾ ഉള്ളിലേക്കിറങ്ങിയാഴ്ന്നു. ഒന്നിനും ഉത്സാഹമില്ലാതെയായി. ജീവിതത്തിന്റെ കറുപ്പു മാത്രം തുറിച്ചുനോക്കി. എങ്ങും ഇരുട്ട്. തൊട്ടതിനും പിടിച്ചതിനും ദേഷ്യം. കൈവെക്കുന്നതെല്ലാം പരാജയം. എവിടെയും സന്തോഷത്തിന്റെ കണം പോലുമില്ല. 

ആ സമയത്താണ് ശ്രീ ഹസ്നൈൻ വാരിസിൻ്റെ ഒരു പോസ്റ്റ് യാദൃശ്ചികമായി ഫേസ് ബുക്കിൽ കാണാനിടയായത്. എൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരം ഇദ്ദേഹത്തിൻ്റെ കയ്യിലുണ്ടെന്ന് എനിക്ക് തോന്നി. ഒരുപാടു നേരം ഞങ്ങൾ ടെലഫോണിൽ സംസാരിച്ചു. സംസാരത്തിനൊടുവിൽ പരിഹാരം ഓഷോ പറയുമ്പോലെ തന്നെയാണെന്ന് മനസ്സിലായി. "പ്രശ്നങ്ങൾ പലതാണ്. പോംവഴി ഒന്നു മാത്രം. ധ്യാനം." അകത്തേക്ക് നോക്കൽ. സ്വന്തം  ഉള്ളിലേക്ക് സാകൂതം കണ്ണയക്കൽ. 

ശ്രീ വാരിസ് നയിച്ചിരുന്ന 'ദി സർക്കിൾ' എന്ന വെബ് മീറ്റിംഗിലേക്ക് എനിക്ക് ക്ഷണം കിട്ടി. അവിടെ ഞങ്ങൾ 'ഹഖ് ' എന്താണെന്നും 'നഫ്സ് ' എന്താണെന്നും 'ഷെയ്ക്ക് ' ആരാണെന്നും തുടങ്ങി സൂഫി ജീവിതത്തിൻ്റെ അടിസ്ഥാന തത്വങ്ങളെല്ലാം ആഴ്ചകൾ തോറും ചർച്ച ചെയ്തു.  കൗമാരക്കാരനായിരുന്ന അമീർ ഖുസ്രു ഒരു ഹോളി ദിവസം  തൻ്റെ ഷെയ്ഖ്, അസ്റത്ത് നിസാമുദ്ദീൻ ഔലിയായെ കണ്ടു മുട്ടിയ സന്തോഷത്തിൽ എഴുതിയ "ആജ് രംഗ് ഹേ രീ മാ..." എന്ന കലാം അറിയാവുന്ന പോലെ നീട്ടിപ്പാടി! നസറുദ്ദീൻ ഹോജായുടെ ഫലിതങ്ങളിൽ ജീവിതത്തിൻ്റെ അന്തസത്തയാകെ വെളിവായി!

 ഇപ്പോഴിതാ ഹസ് നെയിൻ്റെ പുസ്തകം. 

എന്തുകൊണ്ടും സൂഫിസത്തിനെ കുറിച്ച് പുസ്തകമെഴുതാൻ യോഗ്യനാണ് ശീ വാരിസ് എന്ന് അദ്ദേഹവുമായി ഇടപഴകിയ ഏതാനും ആഴ്ചകൾ കൊണ്ട് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. വെറുതെ സൂഫിസത്തെ ക്കുറിച്ച് പറഞ്ഞു പോവുക മാത്രമല്ല അദ്ദേഹം തൻ്റെ മീറ്റിംഗുകളിൽ ചെയ്തത്. എല്ലാ മതങ്ങളുടെ മിസ്റ്റിക്  രീതികളും എങ്ങനെ പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്നുവെന്നും എങ്ങനെ പരസ്പരപൂരകങ്ങളാവുന്നുവെന്നും അദ്ദേഹം കാട്ടിത്തന്നു. രമണമഹർഷിയും ഓഷോയും ശ്രീരാമകൃഷ്ണ പരമഹംസരും സൂഫികളല്ലാതെ വേറെയാരാണെന്ന് ആത്മീയതയുടെ അമൃതം പുരണ്ട ആ സന്ധ്യകളിൽ വാരിസ് ചോദിക്കുമായിരുന്നു. 

 ഹസ്റത്ത് റോഷൻ ഷാ വാർസിയുടെ ശിഷ്യനായ ശ്രീ വാരിസ് ഇളം പ്രായത്തിൽ തന്നെ ആത്മീയതയിൽ ആകൃഷ്ടനായിരുന്നു. ഡെൽഹി പോലൊരു മെട്രോ നഗരത്തിൽ, മറ്റു കുട്ടികൾ കളികളിൽ ഏർപ്പെടുമ്പോൾ പള്ളിയിൽ സത്സംഗമേറ്റിരിക്കാനായിരുന്നു വാരിസിന് താത്പര്യം. 2013 ൽ മുഴുസമയ ജോലി രാജി വച്ച്,  അദ്ദേഹം സ്വന്തം താത്പര്യം പിൻതുടരാൻ തീരുമാനിക്കുകയായിരുന്നു. സർക്കിൾ മീറ്റിംഗുകളിലൂടെ, വർക്ക്ഷോപ്പുകളിലൂടെ, കോർപ്പറേറ്റുകൾക്കും, വ്യക്തികൾക്കും നൽകുന്ന കോച്ചിംഗിലൂടെ അദ്ദേഹം സൂഫിസത്തിൻ്റെ നറുനിലാവ്  വിതറുന്നു .

S for Sufi സൂഫിസത്തിനെക്കുറിച്ച് ഒരാൾ അറിയേണ്ടതെല്ലാം അടങ്ങിയ ഒരു ചെറു ഗ്രന്ഥമാണ്.  ചിത്രങ്ങളിലൂടെ , കൊച്ചു കഥകളിലൂടെ, അതി ഗഹനമായ സൂഫി തത്വങ്ങൾ അതി സരളമായി അദ്ദേഹം പങ്കുവെക്കുന്നു.  താനറിഞ്ഞ മഹത്തായ കാര്യങ്ങൾ ആരുമറിയാതെ ഒളിച്ചുവെക്കുന്നവനല്ല മറിച്ച് അത് ലോകരെയെല്ലാം അറിയിക്കുന്നവനാണ് യഥാർത്ഥ ഈശ്വര പ്രേമി എന്ന് അദ്ദേഹം തൻ്റെ ഗ്രന്ഥത്തിലൂടെ പ്രസ്ഥാവിക്കുന്നു. 

എന്നെ രസിപ്പിച്ചത് വേറൊരു കാര്യമാണ്. പുസ്തകത്തിൻ്റെ അവസാനം, തുടർ വായനക്കായി വാരിസ് കുറേ പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് കൊടുത്തിട്ടുണ്ട്. അതിൽ ഏറ്റവും ആദ്യത്തെ പുസ്തകം ഏതാണെന്നോ? എലിഫ് ഷഫാക്കിൻ്റെ ഫോർട്ടി റൂൾസ് ഓഫ് ലൗ!

എസ് ഫോർ സൂഫി വായിച്ചു കഴിഞ്ഞില്ല, കെ.ടി. സൂപ്പി മാഷിൻ്റെ ഏറ്റവും പുതിയ പുസ്തകം കയ്യിലെത്തി. ജലാലുദ്ദീൻ റൂമി, ജീവിതവും കാലവും.

സൂപ്പി മാഷിനെ എത്രകാലമായി ഞാനറിയുന്നു! സൂഫി എന്ന വാക്ക് ഒരു പക്ഷെ അതിൻ്റെ പൂർണ്ണ അർത്ഥത്തിൽ ഞാൻ രണ്ടാമത്  കേൾക്കുന്നത്  സൂപ്പി മാഷിൽ നിന്നാണ്. ഒന്നാമത് ഓഷോയിൽ നിന്നും മൂന്നാമത് ഹസ്നൈനിൽ നിന്നും.

പാറക്കടവിലെ അദ്ദേഹത്തിൻ്റെ വീട്ടിൻ്റെ ഉമ്മറക്കോലായിലിരുന്ന്  ഞങ്ങൾ റൂമിയെക്കുറിച്ചും ഇസ്ലാമിൻ്റെ മിസ്റ്റിസിസത്തെ കുറിച്ചും എത്ര രാവുകൾ ചർച്ച ചെയ്തില്ല ! ഈ പുസ്തകം ഏറെ വൈകിയെന്നേ എനിക്ക് തോനുന്നുള്ളൂ. സൂഫിസവും, റൂമിയും , കവിതയും, ഖുർ ആനും തന്നെയല്ലേ സൂപ്പി മാഷിൻ്റെ ജീവിതം! 

 റൂമിയെ കുറിച്ച്, അദ്ദേഹ ത്തിൻ്റെ പിതാവിനെക്കുറിച്ച്, പുത്രനെ കുറിച്ച്, ഷംസ് തബ് രീസിനെ ക്കുറിച്ച് മാഷ് വിശദമായി തൻ്റെ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. കൂടാതെ, ദിവാൻ - ഇ ശംസ് തബ് രീസ്, മസ്നവി, ഫീ ഹീ മാഫീ ഹീ എന്നീ റൂമി കൃതികളെക്കുറിച്ച് പ്രതിപാദിക്കാൻ വേറെ വേറെ അദ്ധ്യായങ്ങളും! ഈ അദ്ധ്യായങ്ങളിൽ കൃതികളെ മനോഹരമായി വിശകലനം ചെയ്യുക മാത്രമല്ല, ആത്മീയാന്വേഷണത്തിൽ ഇവ എത്ര പ്രാധാന്യമർഹിക്കുന്നുവെന്ന് കാണിച്ചു തരാനെന്നോണം പ്രധാനപ്പെട്ട ചില ഗസലുകൾ പരിഭാഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു.  മാഷ് ഈ പുസ്തകത്തിനായി  ഒരു പാട് ഗവേഷണം നടത്തിയിട്ടുണ്ടെന്നത് തീർച്ച. പുസ്തകാവസാനം ദിവാനിൽ നിന്നുള്ള ചില കവിതകളുടെ ഭാവ സമ്പന്നമായ വിവർത്തനവും വായിക്കാം. മാഷ് ആത്യന്തികമായി, കവിയാണല്ലോ!

ജീവിതവും കാലവും വായിച്ചു തിരുന്നതോടെ ഫെബ്രുവരി ആദ്യവാരം മുതൽ ഫോർട്ടി റൂൾസ് ഓഫ് ലിവിലൂടെയും എസ് ഫോർ സൂഫിയിലൂടെയും ഞാൻ നടത്തിയ ആത്മീയ സഞ്ചാരം പൂർണ്ണ മാവുന്നു.. അതോ കൂടുതൽ ആഴത്തിലേക്കുള്ള യാത്രക്ക് തുടക്കമോ !

വായനോത്സവത്തിന് തുടക്കമായി വായിച്ച രണ്ടു  പുസ്തങ്ങളെ, ഇടിവെട്ടുപോലെ, മിന്ന പിണർ പോലെ ഉലച്ചു കളഞ്ഞ രണ്ടു പുസ്തകങ്ങളെക്കൂടി പറയാതെ ഈ കുറിപ്പ് പൂർണ്ണമാവില്ല. അവയെക്കുറിച്ച് എഴുതാൻ ത്രാണി പോരാത്ത ഈ അൽപ്പപ്രാണി ആ മഹദ്ഗ്രന്ഥങ്ങളുടെ പേരുകൾ മാത്രം കുറിക്കട്ടെ!

The Life of Milarepa - Tsangnyön Heruka

കർണ്ണൻ - ശിവാജി ഗോവിന്ദ് സാവന്ത്.

ഖുദാ സംഛ് താഹെ

ജീവിതത്തിൽ വിജയിക്കണമെങ്കിൽ ബിസിനസ്സ് ചെയ്തേ പറ്റൂ എന്നായിരുന്നു 1999 പകുതിയായപ്പോൾ ഉള്ള ബോധ്യം. കല്യാണം കഴിഞ്ഞ് അധികമായിരുന്നില്ല. കാശ് വേണം.  ജോലി ചെയ്തു കൊണ്ടിരുന്നാൽ കാശുണ്ടാവുകയില്ലെന്ന് മണിക്കൂറുകൾ നീണ്ട ചർച്ചകളിലൂടെ ഒരാത്മ സുഹൃത്ത് എനിക്ക് മനസ്സിലാക്കിത്തന്നു. ഒട്ടും അമാന്തിച്ചില്ല, കയ്യിലുള്ള പണവും ഭാര്യയുടെ ആഭരണങ്ങളും ബിസിനസ്സിൽ കയറി. ആറു മാസം കഴിഞ്ഞില്ല; കയറിയ വേഗത്തിൽ ഇറങ്ങിപ്പോരികയും ചെയ്തു. 

പാർട്ട്ണർഷിപ്പ് പിരിഞ്ഞ് അനാഥത്വത്തിൻ്റെ പെരുവഴിയിൽ ജോലി തേടി നടപ്പായി. വേനൽ, കൊടും വേനൽ. വിൽപ്പനക്കാരൻ്റെ ജോലി ഒന്നു രണ്ടിടങ്ങളിൽ പരീക്ഷിച്ചു. വിജയിച്ചില്ല. ഒടുക്കം കോഴിക്കോട് റെയിൽവേ സ്റ്റേഷനടുത്ത് ഒരു കമ്പനിയിൽ ജോലിയായി. വിൽപ്പനക്കാരൻ തന്നെ. കേരളം മുഴുവൻ നടന്ന് പോളിയെസ്റ്റർ ഫിലിം വിൽക്കണം. കണക്കെഴുതണം. മറ്റ് എഴുത്തുക്കുത്തുകൾ നടത്തണം.  ശമ്പളം തുച്ഛം. ദൈവത്തിൻ്റെ സ്വന്തം രാജ്യം മുഴുവൻ ചുറ്റിയടിച്ചു നടക്കുന്നതിനിടയിലൊരു നാൾ സുഹൃത്തായ സുബൈറിനെ ഏറെക്കാലത്തിനുശേഷം കണ്ടു മുട്ടി.  കേരളത്തിലാകെ ന്യൂ ജെനറേഷൻ ബാങ്കുകളുടെ ശാഖകൾ വന്നു കൊണ്ടിരുന്ന കാലമായിരുന്നു. അത്തരം ബാങ്കുകൾക്ക് എ.ടി.എം യന്ത്രങ്ങൾ ഘടിപ്പിച്ചു കൊടുക്കുന്ന പണിയായിരുന്നു സുബൈറിന്.കേരളത്തിലെ ബാങ്ക് മുതലാളിമാരോടെല്ലാം അടുത്ത സുഹൃദം. അവൻ വശം കൊടുത്തയച്ച എൻ്റെ ബയോഡാറ്റ ഒരു ബാങ്കിൻ്റെ ആളുകൾക്ക് ഇഷ്ടമായി. ഇൻ്റെർവ്യൂ കഴിഞ്ഞ് മാർക്കെറ്റിംഗ് ട്രെയിനി എന്ന തസ്തികയിൽ താത്ക്കാലിക നിയമനമായി. ഇതിൽ ഞാൻ കാണിക്കുന്ന പ്രാവീണ്യത്താൽ മേലധികാരി എന്നോട് പ്രണയ വിവശനായാൽ ജോലി ചെലപ്പോൾ സ്ഥിരമായേക്കും. പ്രണയിപ്പിക്കാനുള്ള പരിശ്രമം ആരംഭിച്ചു. ഒരു മാസം ചുരുങ്ങിയത് 40 എക്കൗണ്ടുകൾ ഉണ്ടാക്കണം. എന്നാൽ കയ്യിൽ കിട്ടുന്ന നാലായിരത്തിനോടൊപ്പം അല്പമെന്തെങ്കിലും കൂടുതൽ ലഭിക്കും. ഇക്കാലത്തെ MBA ക്കാരോട് പറഞ്ഞു നോക്കണം! അപ്പോഴറിയാം പരാക്രമം. മർക്കട സമാനം അടുത്ത വൃക്ഷത്തിലേക്ക് ചാടുകയായി. ഇഷ്ടം പോലെ ഉണ്ടല്ലോ വൃക്ഷങ്ങൾ. സമർത്ഥ വാനരരാകട്ടെ ഒരു റെയർ കമോഡിറ്റിയും! നാൽപ്പതും അതിലപ്പുറവും എക്കൗണ്ടുകൾ മാസാമാസമുണ്ടാക്കിയിട്ടും മേലധികാരികൾക്ക്‌ പ്രിയം എൻ്റെ കൂടെ പണിയെടുത്തിരുന്ന കോഴിക്കോട്ടങ്ങാടിലെ പ്രഭുകുമാരൻമാരോട് തന്നെ ആയിരുന്നു. ഒടുക്കമായപ്പോൾ മറ്റു നിർവാഹമില്ലാത്തതിനാൽ ഒരു സ്ഥിര നിയമനോത്തരവ് അവർ എനിക്കും തന്നു. 

പറഞ്ഞു വന്നത് വേറൊരു കാര്യമാണ്. ഇതോടൊപ്പം ചേർത്ത ചിത്രം.   

അകാലത്തിൽ പൊലിഞ്ഞു പോയ ഞങ്ങളുടെ ആദ്യ ബാങ്കിൻ്റെ സ്മരണാർത്ഥം നിലനിൽക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യപ്പെട്ടതാണത്.

ചിത്രം കണ്ടപ്പോൾ ഓർമ്മ വന്ന രണ്ടു സംഭവങ്ങൾ കുറിക്കട്ടെ!

അക്കാലം ഇക്കാലം പോലെ ആയിരുന്നില്ല. ആളുകൾ സാമ്പത്തിക ഇടപാടുകൾ പണമായിത്തന്നെ ലോഭ ലേശമെന്യേ ചെയ്ത് പോന്നിരുന്നു. അതിനാൽ തന്നെ ബാങ്കുകളുടെ ക്യാഷ് കൗണ്ടറുകളിൽ ധാരാളം കരൺസി കെട്ടുകെട്ടായി അടുക്കി വച്ചിട്ടുമുണ്ടാവും. 

നല്ല തിരക്കുള്ള ദിവസമായിരുന്നു. അക്കാലം, രണ്ട് ക്യാഷ് കൗണ്ടറുകൾ സ്ഥിരമായി ഞങ്ങളുടെ ബ്രാഞ്ചിൽ പ്രവർത്തിച്ചിരുന്നു. ഞാൻ പണം കൊടുക്കും. രാജേഷ് പണം വാങ്ങും. രണ്ടു പേരുടേയും മുന്നിൽ സാമാന്യം നല്ല ക്യൂ. ഞങ്ങൾ കർത്തവ്യത്തിൽ മുഴുകി മറ്റൊന്നുമറിയാതെ ധ്രുതഗതിയിൽ കാര്യങ്ങൾ ചെയ്യുന്നു. നോട്ട് കൗണ്ടിംഗ് മെഷിൻ്റെ കട കട നാദം. എനിക്കും അവനും കൂടി ഒരു മെഷിനേ ഉള്ളൂ. 

അപ്പോഴാണ്, കുറേ നേരമായി തൂവെള്ള വസ്ത്രം ധരിച്ച ഒരു മധ്യവയസ്കൻ എൻ്റെ കൗണ്ടറിൻ്റെ വലതു വശത്തായി ഒതുങ്ങി നിൽക്കുന്ന കാര്യം ഞാൻ ശ്രദ്ധിച്ചത്. ഒട്ടും അഴുക്കുപുരളാത്ത മുണ്ടും മുഴുക്കയ്യൻ ഷർട്ടും. നരകയറിയ ഇടതൂർന്ന താടി.  വീതിയുള്ള നെറ്റിയിൽ നിസ്കാരത്തഴമ്പ് . മുടി എണ്ണ തേച്ച് പുറകോട്ട് കോതി വച്ചിരിക്കുന്നു.  എനിക്ക് ചെക്കോ വിത്ഡ്രോവൽ സ്ലിപ്പോ ഒന്നും തന്നിട്ടില്ല. എന്തേ എന്ന് രണ്ടു തവണ ചോദിച്ചതിന് ഒന്നുമില്ലെന്ന് ചുമലിളക്കി. ഇടക്കൊന്ന് പുറത്തേക്കിറങ്ങി അതേയിടത്ത് വീണ്ടും വന്നു നിന്നു . മുഖത്ത് പുഞ്ചിരി.  ഇനിയിപ്പോ ബിൻ ലാദനോ മറ്റോ ആവുമോ? എനിക്ക് പേടിയായിത്തുടങ്ങി. ഞാൻ രാജേഷിനെ തോണ്ടി വിളിച്ച് കണ്ണുകൾ കൊണ്ട് കഥ പറഞ്ഞ് കാര്യം ഗ്രഹിപ്പിച്ചു. അവൻ ശ്രീജിത്തിനേയും. വാതിലിനു വെളിയിൽ ദിവാസ്വപ്നത്തിൽ മുഴുകി നിന്ന ശ്രീധരൻ എന്ന സെക്യൂരിറ്റി ഗാർഡ് തോക്കുമായി ഛടുതിയിലെത്തി ശുഭ്രവസ്ത്രധാരിയുടെ പിറകിൽ നിലയുറപ്പിച്ചു.

അല്പമുറക്കെ ഞാൻ ബിൻ ലാദനോട് തിരക്കി. "എന്താ വേണ്ടത് ?" അയാൾ എന്നെ നോക്കി വെളുക്കെ ചിരിച്ചു. മിന്നിത്തിളങ്ങുന്ന കുലീനമായ ദന്ത നിര. ചിരി നിർത്തി അല്പം ദയനീയമായി എനോട് ചോദിച്ചു. "അഞ്ചുറുപ്പ്യ തെരുവോ?"  "ങ്ങേ? " എനിക്ക് ചോദ്യം ഗ്രഹിക്കാനായില്ല. "അഞ്ചുറുപ്പ്യ തെരുവോ?"  അയാളും ഉറക്കെ ചോദിച്ചു. "അയ്യോ! പറ്റില്ല! ഇവിടെ അങ്ങനെ തരാനൊന്നും പാടില്ല..... " മേലെ സി.സി ടിവി ക്യാമറയുടെ ചുവന്ന എൽ സി ഡി ലൈറ്റ് പതിഞ്ഞു മിന്നി. അയാളുടെ കണ്ണിൽ ഉൻമാദം തിളങ്ങി. "പിന്നെ ഇൻ്റെ പിന്നില് കെട്ടാക്കി വെച്ചത് എന്തിനാന്ന്?" എൻ്റെ പുറകിൽ അടുക്കി വച്ചിരുന്ന നോട്ടു കെട്ടുകൾ നോക്കി അയാൾ ചോദിച്ചു.  അപ്പോഴേക്കും ശ്രീധരേട്ടൻ്റെ പിടിവീണു. തിരിഞ്ഞു നോക്കിയ അയാൾ തോക്കു കണ്ട് ഞെട്ടി. എന്നിട്ട് പറഞ്ഞു, "ഒരഞ്ചുറുപ്പ്യ തെരാൻ ആ നായിൻ്റ മോനോട് പറ പോലീസേ... " ദീന ശബ്ദമായിരുന്നു ലാദന്. "ഈ പൈശയൊന്നും ചാകാന്നേരം ഓന് കൊണ്ടോവാനാവൂലാന്ന് പറഞ്ഞ് കൊട്ക്ക് പോലീസേ ...''

ഇതിനു ശേഷം ഒരാഴ്ച കഴിഞ്ഞിരിക്കണം. തിരക്ക് ഒട്ടുമില്ലാത്ത അപൂർവം ദിവസങ്ങളിൽ ഒന്നായിരുന്നു. ഞാൻ നോട്ടുകൾ എണ്ണിയൊതുക്കി കെട്ടിവെക്കുന്ന പണിയിൽ വ്യാപൃതനായിരുന്നു. ആരോ കുറേ നേരമായി കൗണ്ടറി ന് മുന്നിൽ നിൽക്കുന്നില്ലേ എന്ന ബോധമുണ്ടായപ്പോൾ തലപൊക്കി നോക്കി. ഹർഷദ്. എൻ്റെ കഷ്ടദിനങ്ങളുടെ സാക്ഷി, ചിരിച്ചു കൊണ്ട് നിൽക്കുന്നു! ഉണ്ട, പുഴു തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവ്. അനേകം ഹ്രസ്വ സിനിമകളുടെ ശില്പി.  എന്നും മനസ്സിൽ സിനിമയുമായി നടന്ന അവൻ, അവൻ്റെ തൂലികയിലും ക്യാമറയിലും അന്നേ തന്നെ ഇവയൊക്കെ ഒളിപ്പിച്ച് വച്ചിട്ടുണ്ടായിരുന്നിരിക്കണം. അന്നവൻ കോഴിക്കോട്ടും ബാംഗ്ളൂരിലുമൊക്കെയായി ഗ്രാഫിക് ഡിസൈനിംഗിൽ അത്ഭുതങ്ങൾ കാട്ടുകയായിരുന്നു.

"എന്താടാ ?" അവൻ്റെ ചിരി കണ്ട് ഞാൻ തിരക്കി. "ഇത് അത് തന്നെ " അവൻ പറഞ്ഞു "എന്ത് ഏത് തന്നെ ?" എന്ന എൻ്റെ ചോദ്യത്തിന് വീണ്ടും പൊട്ടിച്ചിരി. ഒന്നും തെളിച്ചു പറയുന്ന സ്വഭാവം ആ രാക്ഷസന് പണ്ടേയില്ലല്ലോ! ഒടുക്കം ചിരി തീർന്നപ്പോൾ  എൻ്റെ ദീന മുഖം കണ്ടിട്ടാവണം അവൻ പറഞ്ഞു. "നീ സൂഫീൻ്റെ ഒട്ടകം തന്നെ ...'' എൻ്റെ മുഖത്ത് സ്പഷ്ടമായ മൂഢവികാരം കണ്ടിട്ടാവണം അവൻ പറഞ്ഞു " ബാ... ഇറങ്ങ്... പറയാം...'' ഞാൻ രാജേഷിനോട് ചായ കുടിച്ച് വരാം എന്നു പറഞ്ഞ് ഇറങ്ങി. ചായയുടെ ചൂടോടൊപ്പം ഹർഷാദ് സൂഫിയുടെ ഒട്ടകത്തിൻ്റെ കഥ പറഞ്ഞു.

ഒരു സൂഫിവര്യൻ രാജസ്ഥാൻ മരുഭൂമിയിലൂടെ നടന്നുപോവുകയായിരുന്നു. ഉഷ്ണ കാലം. സഹിക്കാനാവാത്ത താപം. ഇനിയും കുറേ ദൂരം നടക്കാനുണ്ട്. "എനിക്ക് ഒരൊട്ടകത്തെ തന്നിരുന്നെങ്കിൽ !" അദ്ദേഹം സർവേശ്വരനോട് പ്രാർത്ഥിച്ചു. കുറച്ചു ദൂരം ചെന്നില്ല തെല്ലകലെ ഒരൊട്ടകം കിടക്കുന്നത് കാണായി! വേഗം നടന്ന് അടുത്തെത്തിയപ്പോഴാണ് സൂഫിക്ക് കാര്യം മനസിലായത്. രോഗിയും അവശയുമായ ആ പെണ്ണൊട്ടകം അന്ത്യശ്വാസം വലിക്കുകയായിരുന്നു. അടുത്തായി ഒരു ദിവസത്തിലധികം പ്രായമില്ലാത്ത അതിൻ്റെ കുഞ്ഞുമുണ്ട്. സൂഫിവര്യൻ ഒട്ടകത്തെ ശുശ്രൂഷിച്ചു കൊണ്ട് അടുത്തിരുന്നു. അധികം വൈകാതെ ഒട്ടകത്തിൻ്റെ ചലനം നിലച്ചു. അടുത്തു കിടന്നിരുന്ന കുഞ്ഞൊട്ടകത്തെയും ചുമലിലേറ്റി സൂഫി യാത്ര തുടർന്നു. 

കുറച്ചു ദൂരം നടന്നതും സൂഫി പൊട്ടിച്ചിരിക്കാൻ തുടങ്ങി. ചിരിച്ച് ചിരിച്ച് അദ്ദേഹം വിവശനായി. മുകളിൽ ജ്വലിക്കുന്ന നീലാകാശത്തിലേക്ക് തലയുയർത്തി നോക്കി അദ്ദേഹം വിളിച്ചു പറഞ്ഞു.  " ഖുദാ സുൻതാഹെ!  ലേക്കിൽ സമഛ് താ നഹീ! " ഇത് പറഞ്ഞത് ചായ ഗ്ലാസ് മേശമേൽ വച്ച് ഹർഷദും ഉറക്കെ ചിരിച്ചു. അവൻ്റെ പ്രത്യേക ചിരി. "നീ പണം ചോദിച്ചു! ദൈവം കെട്ടുകളായി നിനക്ക് തന്നു .... വെറുതെ, എണ്ണിക്കൊണ്ടിരിക്കാൻ ...'' ഞാനും ചിരിച്ചു.

ഇന്നും കാര്യങ്ങൾ അതുപോലെയൊക്കെത്തന്നെ. "ദൈവം കേൾക്കുന്നുണ്ട്... പക്ഷെ അവിടുന്നിന് കാര്യം മനസ്സിലാകുന്നില്ല!"